ആസിഫിനെക്കുറിച്ച് അഭിമാനമെന്ന് അമല പോള്‍! ആ സാഹചര്യം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തു

സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആസിഫ് അലി. സിനിമാലോകത്തുള്ളവരും പ്രേക്ഷകരും ഒരുപോലെ പിന്തുണ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. അപമാനിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴും പുഞ്ചിരിയോടെ ആ സന്ദര്‍ഭത്തെ കൈകാര്യം ചെയ്തതിന് ആസിഫിന് കൈയ്യടിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പക്വതയോടെ തന്നെ ആസിഫ് ആ സാഹചര്യം മാനേജ് ചെയ്തു. ഇപ്പോഴിതാ അമല പോളും ഇതേ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

പുതിയ സിനിമ ലെവല്‍ ക്രോസിന്റെ പ്രമോഷനിടയിലായിരുന്നു അമല ഈ വിഷയത്തെക്കുറിച്ചും പ്രതികരിച്ചത്. ഇതിനകം തന്നെ അമല പോളിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ആസിഫ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് നന്നായി തന്നെ കൈകാര്യം ചെയ്തു. ജീവിതത്തില്‍ നമുക്ക് ഇതുപോലെയുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടേണ്ടി വരും. ആള്‍ക്കാര്‍ നമ്മളെ വലിച്ച് താഴെയിടാനൊക്കെ നോക്കും. എന്തും സംഭവിക്കാം. നിങ്ങള്‍ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

വേദിയിലെത്തിയ ആസിഫാകട്ടെ തന്റെ കരിയറിലെ തുടക്കകാലത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊക്കെ പിന്നീട് സംസാരിക്കാമെന്നായിരുന്നു മറുപടി. പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് ആസിഫ് ഇക്കാര്യത്തില്‍ കാണിച്ചതെന്ന് സിനിമാലോകത്തുള്ളവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അപമാനിതനായെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ തന്റെ സീറ്റിലേക്ക് പോയിരിക്കുകയായിരുന്നു ആസിഫ്.

താന്‍ ആസിഫ് അലിയെ അപമാനിച്ചിട്ടില്ല. അദ്ദേഹം മൊമന്റോ തരുന്നതില്‍ സന്തോഷമേയുള്ളൂ. അദ്ദേഹത്തിന് വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നു. സംവിധായകനും സംഘവും വേദിയില്‍ വെച്ച് തന്നെ വിളിച്ചിട്ടില്ല, അതില്‍ സങ്കടം തോന്നിയിരുന്നു എന്നുമായിരുന്നു രമേശ് നാരായണന്‍ പ്രതികരിച്ചത്.

ശ്യാമപ്രസാദ് ചിത്രമായ ഋതുവില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ആസിഫിന്റെ കരിയര്‍ തുടങ്ങിയത്. സഹനടനായും നായകനയും വില്ലനായും, ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. നായകനായി തിളങ്ങി നില്‍ക്കുമ്പോഴും അതിഥി താരമായും ആസിഫ് എത്താറുണ്ടായിരുന്നു. സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആസിഫിന് സിനിമാലോകത്ത് വലിയൊരു സൗഹൃദക്കൂട്ടം തന്നെയുണ്ട്. അവരെല്ലാം അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായി പ്രേക്ഷകരും ആസിഫിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *