അവിടെ അല്ലെങ്കില്‍ ഇവിടെ; എവിടെയായാലും മമ്മൂട്ടി വെല്ലുവിളിയാണ്! സംസ്ഥാന – ദേശീയ പുരസ്കാരം ഇന്ന് സംഭവിക്കാന്‍ പോകുന്ന ട്വിസ്റ്റ്?
മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്കാരവും പ്രഖ്യാപിയ്ക്കും.
മലയാളികളെ സംബന്ധിച്ച് ഇതിലുള്ള ഏറ്റവും വലിയ കൗതുകം രണ്ടിടത്തും ശക്തമായ വെല്ലുവിള ഉയര്‍ത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് എന്നുള്ളതാണ്. 2022 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരമാണ് ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കുന്നത്. അവിടെ കന്നട നടന് റിഷഭ് ഷെട്ടിയോടാണ് മമ്മൂട്ടിയുടെ ശക്തമായ മത്സരം. കാന്ധാര എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ ദേശീയ പുരസ്കാരത്തിന് പരിഗണിച്ചിരിയ്ക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക് എന്നീ ചിത്രങ്ങളുടെ അഭിനയം പരിഗണിച്ചാണ് മമ്മൂട്ടി ലിസ്റ്റില്‍ വന്നിരിയ്ക്കുന്നത്.
സംസ്ഥാന തലത്തില്‍ പൃഥ്വിരാജിനൊപ്പമാണ് മെഗാസ്റ്റാറിന്റെ മത്സരം. കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനവും, ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനവും തമ്മിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് മമ്മൂട്ടിയ്ക്കായിരുന്നു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും മമ്മൂട്ടി തന്നെ സംസ്ഥാനത്തെ മികച്ച നടനാവുമോ എന്നറിയാനാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
സംവിധായകന് സുധീര്‍ മിശ്ര ചെയര്മാന് ആയ ജൂറിയാണ് പുരസ്കാരം നിര്‍ണയ്ക്കുന്നത്. മന്ത്രി സജി ചെറിയാന് ഇന്ന് പുരസ്കാരം പ്രഖ്യാപിയ്ക്കും. വ്യക്തികത പ്രകടനത്തിന്റെ മികവ്, സാങ്കേതികയുടെ തികവ്, പ്രമേയ വൈവിധ്യം എന്നിവയില്‍ ഊന്നിയാണ് ജൂറിയുടെ അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നത്. മികച്ച സിനിമകളുടെ പട്ടികയിലുള്ളത് ബ്ലെസ്സിയുടെ ആട് ജീവിതവും, ജിയോ ബേബിയുടെ കാതലും, ജൂഡ് ആന്റണി ജോസഫിന്റെ 2018ഉം, ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കുമൊക്കെയാണ്.
മികച്ച നടിമാര്‍ക്കുള്ള മത്സരത്തില്‍ ഉര്‍വശി, പാര്‍വ്വതി, കല്യാണി പ്രിയദര്ശന് തുടങ്ങിയവരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇതിലൊന്നും പെടാത്ത, റിലീസ് ചെയ്യാത്ത ഏതെങ്കിലും സിനിമകളില്‍ നിന്നാണോ മികച്ച സിനിമയും നടിയുമൊക്കെ വരുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. മത്സരിക്കുന്ന 160 ചിത്രങ്ങളില്‍ ഭൂരിഭാഗവും റിലീസ് ആയിട്ടില്ല എന്നാണ് വിവരം
മോഹന്‍ലാലിന്റെ നേരും സുരേഷ് ഗോപിയുടെ ഗരുഡനും അടക്കം പോയ വര്‍ഷം പ്രേക്ഷക ശ്രദ്ധ നേടിയ പല സിനിമകളും വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. ഫാലിമി, പൂക്കാലം, ശേഷം മൈക്കില്‍ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠോരം ഈ അണ്ഡകടാഹം, നെയ്മര്‍, ഒറ്റ് എന്നിങ്ങനെ പോകുന്ന സിനിമകളിലൂടെ ഒത്തിരി പുതുമുഖ താരങ്ങളും വന്നിട്ടുണ്ട്. എണ്‍പത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത് നവാഗത സംവിധായകരാണ് എന്നതും പ്രത്യേകതയാണ്. ഇവരില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
@All rights reserved Typical Malayali.
Leave a Comment