നടി ആര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു’.. സത്യമിത്

വിവാഹമോചനത്തിനു ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി.. ആദ്യ വിവാഹത്തിനുശേഷമുണ്ടായ പ്രണയബന്ധം തന്നെ സംബന്ധിച്ചടത്തോളം ഏറെ ആത്മാർഥമായിരുന്നുവെന്നും എന്നാൽ അതിൽ സംഭവിച്ച ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും ആര്യ പറയുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും ഡിപ്രഷൻ സമയത്ത് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും നടി വെളിപ്പെടുത്തി.‘‘ഒരു റിയാലിറ്റി ഷോയിലെ മത്സരാർഥി ഈ അടുത്ത് അഭിമുഖത്തിനിടയിൽ പറയുന്നതു കേട്ടു, ‘ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാനും ജീവിതത്തില്‍ ചെയ്തത്. എന്നിട്ട് എന്നെ സോഷ്യൽമീഡിയ അറ്റാക്കിനായി ഇട്ടുകൊടുത്തു.’ ജാസ്മിനാണ് ഇങ്ങനെ പറഞ്ഞത്. എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ആ കുട്ടി ചെയ്ത തെറ്റും ഞാൻ ചെയ്ത െതറ്റും തമ്മിലുള്ള ബന്ധം. ആ അഭിമുഖത്തിനു താഴെ കുറേ കമന്റുകൾ വന്നിട്ടുണ്ട്. ‘ഇവൾ പണ്ട് ഭർത്താവിന് ചതിച്ച് വേറൊരുത്തന്റെ കൂടി പോയി. അത് തന്നെ ജാസ്മിനും ചെയ്തതെന്ന്’.

ഇനി കാര്യത്തിലേക്കു വരാം. ഞാനും എന്റെ ഭർത്താവും പിരിയാനുള്ള കാരണത്തെപ്പറ്റി എവിടെയും പറഞ്ഞിട്ടില്ല. അതിൽ തെറ്റ് എന്റെ ഭാഗത്താണെന്നാണ് ഞാൻ പറഞ്ഞത്. ഒരു വിവാഹമോചനം നടക്കുമ്പോൾ അതിൽ തെറ്റുകൾ എന്നു പറയുന്നത് ചീറ്റിങ് മാത്രമാണോ. എനിക്ക് വേറെ കാമുകൻ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾ വിവാഹമോചനം നേടിയതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആളുകൾ അങ്ങനെ തീരുമാനിക്കുകയാണ്. ഞാനും പറഞ്ഞിട്ടില്ല, എന്റെ മുൻ ഭർത്താവും പറഞ്ഞിട്ടില്ല, വീട്ടുകാരും പറഞ്ഞിട്ടില്ല. എന്റെയും അദ്ദേഹത്തിന്റെയും വ്യക്തിപരമായ തീരുമാനമായിരുന്നു വിവാഹമോചനമെന്നത്. വീട്ടുകാർക്കുപോലും അതിന്റെ കൃത്യമായ കാരണം അറിയില്ല.

എനിക്കു വേണമെങ്കിൽ കുറച്ച് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമായിരുന്നു. പക്ഷേ അവിടെ ഞാൻ വാശി കാണിച്ചു. അതാണ് എനിക്കു പറ്റിയ െതറ്റ്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കിൽ ഇപ്പോഴും ഞങ്ങളൊന്നിച്ചുണ്ടായേനെ. അതിനുള്ള പക്വത ഇല്ലായിരുന്നു. 23, 24 വയസ്സിലാണ് ഞാന്‍ അപ്പോൾ. എന്റെ ഈഗോയായിരുന്നു പ്രശ്നം. 18 വയസ്സിൽ കല്യാണം കഴിക്കുന്നു. 21ാം വയസ്സിൽ ഒരു കുട്ടിയുടെ അമ്മയാകുന്നു.

വിവാഹമോചനം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞാണ് അടുത്ത റിലേഷൻഷിപ്പിലേക്കു കടക്കുന്നത്. ഈ വ്യക്തിയെ പരിചയപ്പെടുന്നത്. മുൻഭർത്താവിന്റെ സഹോദരിയിലൂടെയാണ്. എന്നെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യമായി വിളിക്കുന്നത്. അങ്ങനെ അതൊരു സൗഹൃദമായി, അത് പിന്നീട് പ്രണയബന്ധത്തിലേക്കു പോകുകയായിരുന്നു. ഈ ബന്ധം എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ആഴത്തിലായിരുന്നു.

ആദ്യ ബന്ധത്തിൽ ഞാൻ കുറേ പഴികേട്ടിരുന്നു. അതുകൊണ്ടു തന്നെ ഇനിയൊരു ബന്ധമുണ്ടെങ്കിൽ അതുമായി ജീവിതത്തിൽ മുന്നോട്ടുപോകണം വിവാഹം കഴിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതങ്ങനെ അല്ലാതായപ്പോൾ തകര്‍ന്നുപോയി. ഡിപ്രഷൻ വന്ന സമയത്ത് മുൻഭർത്താവിനെ വിളിച്ച് സോറി പറഞ്ഞ് തിരിച്ചുപോയാലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ വിളിച്ചിട്ടില്ല, അദ്ദേഹം അപ്പോഴേക്കും ഒരു റിലേഷൻഷിപ്പിലായിരുന്നു. ഇപ്പോൾ അവരുടെ വിവാഹമൊക്കെ കഴിഞ്ഞ് സന്തോഷമായിപ്പോകുന്നു. അവരാണ് യഥാർഥത്തിൽ ഒന്നിക്കേണ്ട ആളുകൾ എന്ന് എനിക്കും തോന്നി. കോ പേരന്റിങ് ആണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും കൂടെ ഒത്തുപോകുന്ന കുഞ്ഞ് ആണ് ഞങ്ങളുടേത്. ഇനി എനിക്കുള്ളത് എവിടെയെങ്കിലും ഉണ്ടാകും.

ഡിപ്രഷന്‍ വന്ന സമയത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഉറക്ക ഗുളിക കഴിച്ചു. അന്ന് ഭയങ്കരമായ ആത്മഹത്യാ ചിന്തയായിരുന്നു. അതില്‍ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഇതില്‍ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോള്‍ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നില്‍ കാണൂ. ലോക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാന്‍ ആരുമില്ല. എല്ലാവരും വീടുകളിലാണ്.

അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാന്‍ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയിന്റില്‍ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഒരാള്‍ അവിടെയുണ്ടല്ലോ എന്ന തോന്നല്‍ ഉണ്ടായേനെ. പക്ഷേ ഇവിടെ അച്ഛനില്ല. ഞാന്‍, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവര്‍ക്കൊരു പിന്തുണ ഞാനാണ്. ഞാന്‍ പോയാല്‍ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും?

കുഞ്ഞിനെ അവളുടെ അച്ഛന്‍ പൊന്നു പോലെ നോക്കും. അതെനിക്ക് അറിയാം. എന്നാല്‍ പോലും നാളെ അവളോട് എല്ലാരും ചോദിക്കില്ലേ പ്രണയ നൈരാശ്യം കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലേ എന്ന്. അങ്ങനെ കുറേ ചിന്തകള്‍ വന്നു. പിന്നെ ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളോട് സംസാരിച്ചു. പിന്നെ അവര്‍ എന്നെ സഹായിച്ചു. സുഹൃത്തുക്കളും അമ്മയും സഹോദരിയുമൊക്കെ സഹായിച്ചു. സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *