രോഗം 10 വര്‍ഷക്കാലം കൂടെയുണ്ടായിരുന്നു; ഞാനറിയുന്നത് മരിക്കുന്നതിന് നാല് മാസം മുമ്പ് മാത്രം! ഹനീഫയെക്കുറിച്ച് ഭാര്യ ഫാസില
മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത മുഖമാണ് കൊച്ചിന്‍ ഹനീഫ. വില്ലനായി കടന്നു വന്ന് പിന്നീട് മലയാളികളുടെ നെഞ്ചില്‍ ഇടം നേടിയ ഹാസ്യ താരമായി മാറിയ നടന്‍. വാല്‍സല്യം പോലൊരു സിനിമയൊരുക്കി മലയാളികളുടെ കണ്ണ് നിറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മ ദിവസം.
2010 ഫെബ്രുവരി രണ്ടിനായിരുന്നു ഒാര്‍ത്തിരിക്കാന്‍ ഒരുപാട് ചിരിയോര്‍മ്മകള്‍ ബാക്കി വച്ച് കൊച്ചിന്‍ ഹനീഫ വിട പറയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം. ഇപ്പോഴിതാ 2015ല്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ച് ഭാര്യ ഫാസില പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കപെടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.
അദ്ദേഹം ഞങ്ങളെ വേര്‍പിരിയുമ്പോള്‍ മക്കള്‍ക്ക് വെറും മൂന്നു വയസ് മാത്രമാണ് പ്രായം. ഒരുപാട് കാത്തുകാത്തുണ്ടായ കുട്ടികള്‍. അവരുടെ ഭാവി ഓര്‍ത്താകണം അദ്ദേഹം തന്നെ ബാധിച്ച കരള്‍രോഗത്തെക്കുറിച്ച് എന്നോട് മറച്ചുവച്ച് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഓടി നടന്ന് അഭിനയിച്ചത്. ഒരു ചെറിയ പനി വന്നാല്‍ പോലും വല്ലാതെ ബഹളമുണ്ടാക്കുന്ന ആളായിരുന്നു. പിന്നെ ഞാന്‍ മുഴുവന്‍ സമയവും കൂടെ ഇരിക്കണം. പക്ഷെ ഇത്ര ഗുരുതരമായ രോഗം പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്നുവെന്ന് ഒരു സൂചനം പോലും തന്നില്ല” എന്നാണ് ഫാസില പറയുന്നത്.
എന്തുപറ്റി എന്നൊന്നു ചോദിക്കണമെങ്കില്‍ ഒരല്‍പ്പമെങ്കിലും ക്ഷീണം പുറത്ത് കാണിക്കണ്ടേ? അദ്ദേഹത്തിന്റെ സഹായി പിന്നീട് പറഞ്ഞു, ഡോക്ടറുടെ മുറിയില്‍ കയറുമ്പോള്‍ അയാളെ പുറത്ത് നിര്‍ത്തുമായിരുന്നുവെന്ന്. അയാള്‍ വഴിയെങ്ങാനും ഞാന്‍ രോഗവിവരമറിഞ്ഞാല്‍ തകര്‍ന്നു പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഒരു പക്ഷെ, കുറച്ചുകൂടി സൂക്ഷിച്ചിരുന്നുവെങ്കില്‍ ശരിയായ ചികിത്സ നേരത്തെ ചെയ്തിരുന്നുവെങ്കില്‍ കരള്‍ രോഗം മൂര്‍ഛിച്ച് പിന്നീട് ക്യാന്‍സര്‍ ആയി മാറുകയില്ലായിരുന്നുവെന്നും ഫാസില പറയുന്നു.
മരിക്കുന്നതിന് നാലുമാസം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ രോഗം ഇത്ര ഗുരുതരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എന്നോട് പറയരുതെന്ന് അനുജന്മാരെയെല്ലാം ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. അതല്ല, ദീദി എല്ലാം അറിയണമെന്ന് അനുജന്മാര്‍ ശഠിച്ചപ്പോള്‍ ശരി നിങ്ങള്‍ പറഞ്ഞോളൂ, പക്ഷെ ഫാസി ഡോക്ടര്‍മാരോട് സംസാരിക്കരുത്. അവര്‍ അവളെ വല്ലാതെ ഭയപ്പെടുത്തും എന്ന് പറഞ്ഞു. നമുക്ക് ആയുര്‍വേദം നോക്കാം പല വഴികളും മുന്നിലുണ്ട് എന്ന് അദ്ദേഹത്തിന്റെ അനുജന്മാര്‍ ധൈര്യപ്പെടുത്തി. ആരോഗ്യസ്ഥിതി അല്‍പ്പം കൂടി മെച്ചപ്പെട്ടാല്‍ ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടു പോകാമെന്നും അതോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നും വിശ്വസിച്ചു. പക്ഷെ അദ്ദേഹം ഒന്നിനും കാത്തു നിന്നില്ലെന്നും താര പത്‌നി പറയുന്നു.
തമിഴില്‍ മദിരാശിപ്പട്ടണം ചെയ്ത ശേഷം ഒരു തെലുങ്ക് ചിത്രത്തിന് വേണ്ടി ഗള്‍ഫില്‍ പോയി തിരിച്ചുവന്നതോടെയാണഅ ക്ഷീണം കൂടുതലായി ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിയത്. ആ ചിത്രത്തില്‍ വിമാനത്തിന്റെ ചിറകില്‍ കയറുന്ന സീന്‍ ഉണ്ടായിരുന്നത്രേ. കയറാനൊക്കെ വിഷമിച്ചുവെങ്കിലും സംവിധായകന്‍ മനസില്‍ ഉദ്ദേശിച്ച രീതിയില്‍ നന്നായി അദ്ദേഹം അത് ചെയ്യുകയും ചെയ്തുവെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment