വീണ്ടും ക്രൂരത; ചേർത്തലയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി, അമ്മയും സുഹൃത്തും അറസ്റ്റിൽ

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയും സുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി. കുഞ്ഞിൻ്റെ മാതാവ് പള്ളിപ്പുറം സ്വദേശി ആശ (35), സുഹൃത്തായ പള്ളിപ്പുറം സ്വദേശി രതീഷ് (38) എന്നിവരെ അറസ്റ്റുചെയ്തു. രതീഷിൻ്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. വീട്ടിലെ ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ചേർത്തലയിലെ കെവിഎം ആശുപത്രിയിൽ ഈ മാസം 25നാണ് ആശ രതീഷിനൊപ്പം പ്രസവത്തിനായി അഡ്മിറ്റായത്. ആശയുടെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. 26നായിരുന്നു പ്രസവം നടന്നത്. 31ന് ആശ ആശുപത്രി വിട്ടിരുന്നു. ആശ പ്രസവിച്ച വിവരമറിഞ്ഞ് ആശാ വർക്കർ വീട്ടിലെത്തിയെങ്കിലും കുഞ്ഞ് വീട്ടിലില്ലായിരുന്നു. കുഞ്ഞ് എവിടെയെന്ന് ആരാഞ്ഞപ്പോൾ വളർത്താനായി മറ്റൊരാൾക്ക് കൈമാറിയെന്നായിരുന്നു ആശയുടെ മറുപടി. ഇതേ തുടർന്ന് ആശാ വർക്കർ വിവരം സ്ഥലത്തെ ജനപ്രതിനിധിയെ അറിയിച്ചു. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ആശയെ ചോദ്യംചെയ്യുകയുമായിരുന്നു.

തൃപ്പൂണിത്തുറ സ്വദേശികളായ മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറിയെന്നായിരുന്നു ആശ ആദ്യം മൊഴി നൽകിയിരുന്നത്. പിന്നീട്, എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നും മൊഴി നൽകി. സംശയം തോന്നിയ പോലീസ് ആശയെ വിശദമായി ചോദ്യംചെയ്തു. പിന്നീട് സുഹൃത്ത് രതീഷിലേക്കും അന്വേഷണം നീണ്ടു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുഞ്ഞിനെ രതീഷിന് കൈമാറിയെന്നാണ് റിപ്പോർട്ട്.

രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം ആദ്യം വീടിന് സമീപത്ത് മറവുചെയ്തുവെന്നും പിടിക്കപ്പെടുമെന്നു കരുതി പിന്നീട് ശുചിമുറിയിലേക്ക് മാറ്റിയെന്നുമാണ് രതീഷിൻ്റെ മൊഴി. മൃതദേഹം കത്തിക്കാനടക്കം പദ്ധതിയിട്ടതായി രതീഷ് പോലീസിന് മൊഴി നൽകി. വീട്ടിൽ പരിശോധന നടത്തവെയാണ് പോലീസ് സംഘം ശുചിമുറിയിൽനിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ പൊതിഞ്ഞുകൊണ്ടുവന്ന തുണിയടക്കം വീടിന് പിറകുവശത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും രതീഷിൻ്റെ മൊഴിയുണ്ട്. ഇവിടെയും പോലീസ് നടത്തി. അതേസമയം കൊലപാതകം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. രണ്ട് കുട്ടികളുടെ മാതാവാണ് യുവതി. ഭർത്താവുണ്ട്. രതീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

വഴിത്തിരിവായത് ആശാ വർക്കറുടെ ഇടപെടൽ
നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ ആശാ വർക്കറുടെ ഇടപെടലാണ് വഴിത്തിരിവായത്. അന്വേഷിച്ചപ്പോൾ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന് യുവതി ആദ്യം പറഞ്ഞതായി വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിൽജാ സലിം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് സുധീഷും വൈസ് പ്രസിഡന്റും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിവരം അറിയിച്ചു. ചേർത്തല പോലീസ് പള്ളിപ്പുറത്തെത്തി ആശയെയും രതീഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കുഴിച്ച് മൂടിയെന്ന് ഇവർ മൊഴി നൽകിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *