‘ജയറാമിന്റെ കാറിൽ നിന്ന് അമ്മ എന്നെയിറക്കി, വിവാഹ ദിവസവും മിണ്ടിയില്ല, എട്ടുമാസം പിണക്കം’; പാർവതി പറയുന്നു
‘തമ്പി കണ്ണന്താനം സാറിന്റെ ‘പുതിയ കരുക്കൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു തേക്കടിയിൽ നടന്നത്. 1988 ഡിസംബർ 24നു രാത്രിയിൽ ഞങ്ങളെല്ലാവരുംകൂടി കാരൾ സർവീസിനിറങ്ങാൻ തീരുമാനിച്ചു. ഞാനും സിതാരയും ജയറാമും സോമേട്ടനും എല്ലാവരുമുണ്ടായിരുന്നു. യൂണിറ്റിൽ ഉപയോഗിച്ചിരുന്നൊരു ടെംപോ ട്രാവലർ വാഹനത്തിലായിരുന്നു യാത്ര. ഒരു സ്ഥലത്തെത്തിയപ്പോൾ ജയറാം വാനിന്റെ മുകളിൽ കയറി ഡാൻസ് തുടങ്ങി. കണ്ടപ്പോൾതന്നെ എനിക്കു പേടിയായി. താഴെ നിന്ന ഞാൻ ജയറാമിനു മാത്രം കേൾക്കാവുന്ന രീതിയിൽ, ‘ദേ… ഒന്നിറങ്ങുന്നുണ്ടോ., വീണു കയ്യും കാലും ഒടിഞ്ഞാൽ നോക്കാൻ ഞാൻതന്നെ വേണം..’ എന്നത് പറഞ്ഞതും ജയറാം തലയ്ക്കടി കിട്ടിയതുപോലെയായി. പ്ലാൻ ചെയ്തു പറഞ്ഞതൊന്നുമല്ല അത്, പെട്ടെന്ന് അങ്ങനെ പറയാൻതോന്നി. എനിക്കെങ്ങനെയാണു ജയറാമിനോടു പ്രണയം തുടങ്ങിയതെന്നും ഓർമയില്ല. ഞാൻ അങ്ങനെ പറഞ്ഞതോടെ ജയറാം ഡാൻസ് നിർത്തി ഇറങ്ങിവന്നു. ഒന്നും മിണ്ടിയില്ല, എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു; ഞാനും! മൂന്നുനാലു പടങ്ങളിൽ ഒന്നിച്ചഭിനയിച്ചപ്പോഴേക്കും ഞങ്ങളെക്കുറിച്ചു ഗോസിപ്പുകൾ വന്നുതുടങ്ങിയിരുന്നു. തുടക്കക്കാരനായ ജയറാം പബ്ലിസിറ്റിക്കു വേണ്ടി സ്വയം അടിച്ചിറക്കുന്നതാണെന്നാണ് ആദ്യം തോന്നിയത്. അതിന്റെ പേരിൽ ജയറാമിനോടു വഴക്കിട്ടിട്ടുമുണ്ട്. പിന്നെപ്പിന്നെ സെറ്റിൽവച്ചു കണ്ടാൽ മിണ്ടാതായി. മനപ്പൂർവം മസിലു പിടിച്ചിരുന്നു. പക്ഷേ, അങ്ങനെ ഏറെനാൾ മിണ്ടാതിരിക്കാൻ കഴിയില്ലെന്നു മനസ്സിലായി. പ്രണയവാർത്ത ലോകം മുഴുവൻ അറിഞ്ഞിട്ടും അമ്മ മാത്രം വിശ്വസിച്ചിരുന്നില്ല. എന്നെ അത്രയ്ക്കു വിശ്വാസമായിരുന്നു. പക്ഷേ, കുറച്ചു നാൾ കഴിഞ്ഞതോടെ അമ്മ തനി അമ്മയായി..
ഞങ്ങൾ തമ്മിൽ കാണാനും മിണ്ടാനും ഒരു സാഹചര്യവും സൃഷ്ടിക്കരുതെന്ന കർശന നിലപാടായിരുന്നു അമ്മ. അതുകൊണ്ട് സദാ സമയവും എന്റെകൂടെ നിഴലായി ഉണ്ടാകും. സത്യൻ അന്തിക്കാടിന്റെ ‘തലയണമന്ത്ര’ത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തു നടക്കുകയാണ്. അമ്മ ഒപ്പമുണ്ടായിരുന്നില്ല. ജയറാമിന്റെ ഭാഗം അന്നു ചിത്രീകരിക്കുന്നില്ലെന്ന്
ഉറപ്പാക്കിയതുകൊണ്ട് അമ്മ ധൈര്യമായി അന്നു ‘ലീവെടുത്തു’. പക്ഷേ, ജയറാം രഹസ്യമായെത്തി. ഞങ്ങൾ പഞ്ചാരയടിക്കാനും തുടങ്ങി. വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോകാൻ ഞാൻ കാറിൽ കയറിയപ്പോൾ ജയറാമും ഒപ്പം കൂടി. സത്യേട്ടനും സംഘവും അനുഗ്രഹിച്ചു വിട്ടു. കാർ ഗേറ്റ് കടക്കുമ്പോൾ അതാ വരുന്നു അമ്മ മറ്റൊരു കാറിൽ. ഞാനാകെ വിയർത്തു. കാർ പറപ്പിച്ചു വിട്ടോളാൻ യൂണിറ്റിലെ ഡ്രൈവറോട് ജയറാം പറഞ്ഞതോടെ ഞങ്ങളുടെ കാർ പറ പറന്നു. അമ്മ പിന്നാലെ. ഉഗ്രൻ ചേസ്. ഒടുവിൽ ബേക്കറി ജംക്ഷനിലിട്ടു പിടികൂടി. എന്നെ കാറിൽനിന്നിറക്കി അമ്മയുടെ കാറിൽകയറ്റി. ചമ്മിനിൽക്കുന്ന ജയറാമിനെ രൂക്ഷമായി നോക്കി അമ്മയും കാറിൽക്കയറി. വീട്ടിലെത്തിയശേഷം പൊടിപൂരമായിരുന്നു. പക്ഷേ, ഈ സംഭവം എവിടെയും വാർത്തയായില്ല. ഇന്നെങ്ങാനുമായിരുന്നെങ്കിലോ…? അമ്മ ഷാർപ്പായിരുന്നു; പ്രത്യേകിച്ച് കണക്ക് അധ്യാപികയായിരുന്നതിനാൽ കണക്കുകൂട്ടലെല്ലാം കൃത്യമായിരുന്നു. ഒപ്പം കുട്ടികളുടെ സൈക്കോളജിയിലും മിടുമിടുക്കി. എന്റെ ഓരോ നീക്കവും നിരീക്ഷിക്കാൻ പ്രത്യേക ആളുകളെത്തന്നെ അമ്മ നിയോഗിച്ചിരുന്നോയെന്നതാണു സംശയം.
എന്റെ സ്വഭാവത്തിലെ മാറ്റങ്ങളും ഒരാളോടു മാത്രം ഞാൻ കാണിക്കുന്ന അടുപ്പവും തിരിച്ചറിഞ്ഞതോടെ ഞാൻ ജയറാമുമായി പ്രണയത്തിലായെന്ന് അമ്മ ഉറപ്പിച്ചു. ഇതോടെ നിലപാട് കൂടുതൽ കർശനമായി. ജയറാമിനൊപ്പമുള്ള സിനിമകളെല്ലാം വേണ്ടെന്നുവച്ചു. തീർത്തും ഉപേക്ഷിക്കാൻ പറ്റാത്തതു മാത്രമാണു ചെയ്തത്. അപ്പോഴും സിനിമാ സെറ്റിൽ കടുത്ത നിയന്ത്രണം അമ്മ ഏർപ്പെടുത്തും. ഭക്ഷണം കഴിക്കുമ്പോൾപോലും ജയറാമിന്റെ കൺവെട്ടത്ത് ഇരിക്കാൻ അനുവദിക്കുമായിരുന്നില്ല. പക്ഷേ, പിൻമാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. സമ്മർദം എത്രയേറുന്നോ, അത്രയേറെ ഞാൻ ജയറാമിനോട് അടുത്തു. അമ്മ കാണിച്ച വാശിതന്നെ ഞാനും തിരിച്ചു കാണിച്ചു. ജയറാമിന്റെ വീട്ടിൽ ഇതൊരു പ്രശ്നമേ ആയിരുന്നില്ല. എന്നാൽ, സിനിമയിൽനിന്നുള്ളയാൾ മകൾക്കു വരനായി വേണ്ടെന്ന കർശന നിലപാടിലായിരുന്നു എന്റെ വീട്ടുകാർ. കടുത്ത നിലപാടിൽ അമ്മ തുടരുന്നതിനാൽ പ്രേമലേഖനങ്ങളൊന്നും കൈമാറിയിരുന്നില്ല ജയറാം. പകരം ഓഡിയോ കസെറ്റുകളിലാണു പ്രണയം നിറച്ചത്. മേക്കപ്പ് ബോക്സിൽ ഒളിപ്പിച്ചായിരുന്നു കസെറ്റ് അന്നു ഞാൻ കടത്തിയത്. ഒരു ദിവസം ആ കസെറ്റ് കേട്ടത് അമ്മയായിരുന്നു. പൊട്ടിത്തെറിച്ചുകൊണ്ട് അമ്മ ജയറാമിനെ വിളിച്ച് കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു…
ഗുരുവായൂരായിരുന്നു കല്യാണം. തലേന്നുതന്നെ ഞങ്ങൾ തിരുവനന്തപുരത്തെ വീട്ടിൽനിന്നു പുറപ്പെട്ടു. അമ്മയും അച്ഛനും മിണ്ടുന്നേയില്ല. തൃശൂരിൽ വന്നു താമസിച്ചശേഷം അടുത്ത ദിവസം കല്യാണത്തിനൊരുക്കം. എന്റെ അനിയത്തി ദീപ്തിയായിരുന്നു എന്റെ ഏറ്റവും വലിയ സപ്പോർട്ട്. അവൾ ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെപ്പേർ ആഘോഷമാക്കി ആ വിവാഹം. പക്ഷേ, എന്റെ മാതാപിതാക്കളുടെ മുഖം തെളിഞ്ഞതേയില്ല. താലി കെട്ടിയപ്പോൾ ഞാൻ വല്ലാതെ ഇമോഷണലായി. ചടങ്ങിനുശേഷം ജയറാമിന്റെ വീട്ടിലേക്കു പോയപ്പോൾ കൊണ്ടുവിടാനായി എനിക്കൊപ്പം അച്ഛനും അമ്മയും വന്നില്ല. നാലാം നാൾ തിരികെ പെൺവീട്ടിലേക്കു പോകുന്ന ചടങ്ങുണ്ട്. ആരും വിളിച്ചില്ല. ഞങ്ങൾ പോയതുമില്ല. പിന്നീടെപ്പോഴോ ഞാൻ മാത്രം ഏതാനും മണിക്കൂറുകൾ വീട്ടിലെത്തി തിരികെപ്പോരുകയായിരുന്നു. 8 മാസത്തോളം അമ്മയുടെ മൗനം തുടർന്നു. ഞാൻ ഗർഭിണിയായ ശേഷമാണ് അമ്മ എന്നോടു സംസാരിച്ചത്. ജയറാം ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ അദ്ദേഹത്തിന്റെ സ്വഭാവത്തോട് ഏറ്റവും ചേർന്നിരിക്കുന്നത് ‘വെറുതേയൊരു ഭാര്യ’ എന്ന സിനിമയിലെ സുഗുണനാണെന്നു ഞാൻ പറയും. ജയറാമിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കി അക്കു എഴുതിയ കഥാപാത്രമാണ് അതെന്ന് എനിക്കു തോന്നുന്നു. ശരിക്കും അതേ സ്വഭാവം. എന്തിനും ഏതിനും അച്ചൂ… അച്ചൂ… എന്നിങ്ങനെ വിളിച്ചുകൊണ്ടേയിരിക്കും.
ജയറാം തൊങ്ങലുകളൊന്നുമില്ലാത്തയാളാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ വേഷമാണ് ഏറ്റവും ചേരുക. എപ്പോഴൊക്കെ അനാവശ്യ തൊങ്ങലുകൾവച്ചോ, അപ്പോഴൊക്കെ ട്രോൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ‘സലാം കശ്മീർ’ സിനിമയിലെ മേജർ ശ്രീകുമാറിന്റെ കാര്യം പറഞ്ഞ് ഇപ്പോഴും കളിയാക്കാറുണ്ട്. ഞങ്ങളുടെ ഫാമിലി വിഡിയോകോളിൽ സീരിയസായി എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കണ്ണൻ മേജർ ശ്രീകുമാറിന്റെ മീം എടുത്തയയ്ക്കും. അപ്പോഴേക്കും ഞങ്ങൾ ചിരിതുടങ്ങും. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചേരില്ല ജയറാമിന്. ‘അപരൻ, കേളി, നടൻ, സ്വപാനം, ശേഷം, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ… ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല സിനിമകളായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ ഇടപെടാറേയില്ല. അതു പൂർണമായും ജയറാമിന്റെ സ്വാതന്ത്ര്യമാണ്. സിനിമ നല്ലതായാൽ ഞങ്ങളെല്ലാവരും അഭിനന്ദിക്കും. കൊള്ളില്ലെങ്കിൽ ആദ്യം ഞാനായിരിക്കും ‘വലിച്ചു കീറുന്നത്’. കഥ കേട്ട് സിനിമ സമ്മതിച്ചുകഴിഞ്ഞാൽ അതിന്റെ വൺലൈൻ എന്നോടു പറയും. എനിക്കത് ഇഷ്ടമായാൽ ഞാൻ കൂടുതൽ ചോദിക്കില്ല. കാരണം എനിക്കതു തിയറ്ററിൽ കാണണമെന്നു നിർബന്ധമാണ്.
ഞാൻ അഭിനയിച്ചതിൽ കണ്ണന് ഏറ്റവും ഇഷ്ടമുള്ള സിനിമ ‘വടക്കുനോക്കിയന്ത്ര’മാണ്. ചക്കി എന്റെ സിനിമകളൊന്നും കണ്ടിട്ടേയില്ല. ഞാനും അങ്ങനെ എന്റെ പഴയ സിനിമകൾ കാണാറില്ല. എന്തുകൊണ്ടാണ് അങ്ങനെ എന്നു ചോദിച്ചാൽ വ്യക്തമായി ഉത്തരം എനിക്കറിയില്ല. ഓരോരുത്തരുടെ സ്വഭാവ സവിശേഷതയെന്നേ പറയാനുള്ളൂ. ഇടയ്ക്ക് ഒരു പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നു; പക്ഷേ എനിക്കു താൽപര്യം തോന്നിയില്ല. സിനിമ ഇനി ചെയ്യില്ല എന്ന തീരുമാനമൊന്നുമില്ല. നല്ല കഥകൾ വരട്ടെ.. കാത്തിരിക്കാം..!
@All rights reserved Typical Malayali.
Leave a Comment