ആ അമ്മയുടെ മകളായിട്ടില്ല; ഞാന്‍ ആ അമ്മ മനസ്സിലെ സ്‌നേഹം പല കൂടിക്കാഴ്ചകളിൽ അടുത്തറിഞ്ഞു; മഞ്ജു വാര്യർ

മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. തന്റെ 79 ആം വയസ്സിൽ ആണ് പൊന്നമ്മയുടെ വിയോഗം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്.ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗത്തിൽ മഞ്ജു വാര്യർ പങ്കിട്ട വാക്കുകൾ നോക്കാം

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!

അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം.

കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്- മഞ്ജു വാര്യർ കുറിച്ചു.

മൃതദേഹം ശനി രാവിലെ ഒമ്പതുമുതൽ 12 വരെ കളമശേരി മുനിസിപ്പൽ ടൗൺഹാളിലും നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ വീട്ടുവളപ്പിൽ സംസ്‌കാരം.
. മൃതദേഹം ശനി രാവിലെ ഒമ്പതുമുതൽ 12 വരെ കളമശേരി മുനിസിപ്പൽ ടൗൺഹാളിലും നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ വീട്ടുവളപ്പിൽ സംസ്‌കാരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *