വൃദ്ധസദനത്തിലാണെന്ന് അറിഞ്ഞിരുന്നു! പോയി കാണാത്തതില്‍ കുറ്റബോധം തോന്നുന്നു! ടിപി മാധവനെക്കുറിച്ച് ജയറാം

മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച ടിപി മാധവന്‍ ഓര്‍മ്മയായി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദ്ദേഹം. സീരിയല്‍ സംവിധായകനായ പ്രസാദായിരുന്നു അദ്ദേഹത്തെ ഗാന്ധി ഭവനിലേക്ക് എത്തിച്ചത്. ഇടയ്ക്ക് ചില സിനിമകളിലും പരമ്പരകളിലുമൊക്കെ അഭിനയിച്ചുവെങ്കിലും പിന്നീട് മറവി രോഗം ബാധിക്കുകയായിരുന്നു.

രാഗം എന്ന സിനിമയിലൂടെയായിരുന്നു ടിപി മാധവന്‍ സിനിമയിലെത്തിയത്. നാടോടിക്കാറ്റ്, വിയ്റ്റ്‌നാം കോളനി, ലേലം, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. അടുത്തിടെ അന്തരിച്ച കവിയൂര്‍ പൊന്നമ്മയെ അവസാനമായി കാണാനും ടിപി മാധവന്‍ പോയിരുന്നു. അദ്ദേഹം ആഗ്രഹം പറഞ്ഞു, അങ്ങനെയാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഗാന്ധി ഭവന്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. വരുന്ന സമയത്ത് കുഴപ്പമൊന്നുമില്ലായിരുന്നു, പൊന്നമ്മയെ കണ്ടതോടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു അദ്ദേഹത്തിന്. ടിപി മാധവന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വൃദ്ധസദനത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞിരുന്നു. ഇടയ്‌ക്കൊന്ന് പോയി കാണാമായിരുന്നു. എന്നിട്ടും എനിക്കതിന് കഴിഞ്ഞില്ലെന്നായിരുന്നു ജയറാം പ്രതികരിച്ചത്. കുറച്ചുനാളുകളായി വൃദ്ധ സദനത്തില്‍ കഴിയുകയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ആ സമയത്തൊന്നും പോയി കണ്ടില്ല, കാണാമായിരുന്നു. അത് ചെയ്തില്ല, വലിയൊരു കുറ്റബോധം തോന്നുന്നുണ്ട്.

കാരവാന്‍ സംസ്‌കാരം ഇല്ലാതിരുന്ന കാലത്ത് എല്ലാവരും വട്ടംകൂടി സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു. ഏത് വിഷയത്തെക്കുറിച്ച് പറഞ്ഞാലും വിശദീകരിച്ച് തരും. വലിയൊരു പൊസിഷനിലിരുന്ന് ജോലി ചെയ്യുന്നതിനിടെ അത് കളഞ്ഞ് സിനിമയില്‍ വന്ന വ്യക്തിയാണ്.

മിമിക്രിയുമായി നടന്നിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു. അദ്ദേഹം പാടിയൊരു ധീരസമീരേ ഞാന്‍ അനുകരിക്കുമായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അതൊന്ന് കാണിച്ചേ എന്ന് പറയും. നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹം എന്നുമായിരുന്നു ജയറാം പറഞ്ഞത്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്, പെട്ടെന്ന് ചോദിക്കുമ്പോള്‍ മനസിലേക്ക് വരുന്നത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് എന്നും ജയറാം അനുസ്മരിച്ചിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, നാദിര്‍ഷ, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അറിയിച്ചെത്തിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *