ഒടുവിൽ പ്രിയ നടൻ ദിലീപിനെ കോടതി തിരിച്ചറിഞ്ഞു ..അതിജീവിതയ്ക്ക് കനത്ത തിരിച്ചടി

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതുമായ ബന്ധപ്പെട്ട പരാതിയില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതിന് എതിരായി അതിജീവിത നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. അതിജീവിതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിട്ടാണ് ഈ വിധിയെ വിലയിരുത്തപ്പെടുന്നെങ്കിലും അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷക വ്യക്തമാക്കി.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വഷണം വേണമെന്നുമായിരുന്നു നടി ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതി ഈ ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസ് സി എസ് ഡയസാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

മുന്‍പ് തീർപ്പാക്കിയ ഹർജിയാണ്. ഇത്തരം ഹർജികളില്‍ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയുടെ നിർദേശ പ്രകാരമായിരുന്നു മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി റിപ്പോർട്ട് നല്‍കിയത്.

പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയുടെ റിപ്പോർട്ടിനെതിരെ അന്ന് തന്നെ നടി രംഗത്ത് വന്നിരുന്നു. അന്വേഷണത്തില്‍ പാകപ്പിഴകളുണ്ടായി. ആരോപിതരായ തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി നല്‍കിയത്. അതുകൊണ്ട് ഈ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ ഐജി അന്വേഷണം നടത്തണമെന്നുമായിരുന്നു നടിയുടെ ആവശ്യം. സെഷന്‍സ് ജഡ്ജിയുടെ റിപ്പോർട്ടില്‍ മൂന്ന് കോടതികളില്‍ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്ന് കണ്ടെത്തിയിരുന്നു. രാത്രിയില്‍ അടക്കം മെമ്മറി കാർഡ് പരിശോധിച്ചു. 2018 ജനുവരി 9 ന് രാത്രി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദാണ് ഇത്തരത്തില്‍ മെമ്മറി കാർഡ് ആദ്യമായി പരിശോധിച്ചത്. ഈ സമയത്ത് മജിസ്ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിലായിരുന്നു മെമ്മറി കാർഡ്. അതിനാല്‍ തന്നെ ഇത്തരത്തില്‍ പരിശോധന നടത്താമെന്നായിരുന്നു തന്റെ ധാരണയെന്നാണ് മജിസ്ട്രേറ്റ് സെഷന്‍ ജഡ്ജിക്ക് മൊഴി നല്‍കിയത്.

അതേവർഷം ഡിസംബറില്‍ 13 ന് ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷും രാത്രി പതിനൊന്ന് മണിയോടെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം സെഷന്‍സ് ജഡ്ജിയുടെ അന്വേഷണത്തിലുണ്ടായില്ല. 2021 ല്‍ വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ തന്റെ മൊബൈല്‍ ഫോണിലിട്ട് പരിശോധിക്കുകയായിരുന്നു. ഇത്തരം പരിശോധനകളെക്കുറിച്ച് റിപ്പോർട്ടില്‍ പറയുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു നടപടിയിലേക്ക് പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത ഈ റിപ്പോർട്ട് റദ്ദാക്കി പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്

ഉപഹർജി തള്ളിയ പശ്ചാത്തലത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് നടിയുടെ അഭിഭാഷക വ്യക്തമാക്കുന്നത്. വിധിയുടെ പകർപ്പ് കയ്യില്‍ കിട്ടിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സ്വീകരിക്കുക. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. അതിലെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപഹർജിക്ക് നിയമസാധുതയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നോ അങ്ങനെ ഒരു ആരോപണം ഇല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. അതിജീവിതയ്ക്ക് മറ്റ് മാർഗ്ഗങ്ങള്‍ തേടാമെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതിജീവിതയുടെ ആവശ്യം അംഗീകരിക്കരുത് എന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർ സ്വീകരിച്ച നിലപാട്. മെമ്മറി കാർഡ് ചോർന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹർജിയെ അനുകൂലിക്കുന്ന നിലപാട് സംസ്ഥാന സർക്കാറും തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. നടിയുടെ ഹർജിയില്‍ ദിലീപിന്റെ നിലപാടും വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *