പണ്ടേയുള്ള മോഹമായിരുന്നു ഇത്, ഇന്നൊരുപാട് സന്തോഷമുണ്ട്; ഉള്ളിലുറങ്ങിക്കിടന്ന ആഗ്രഹം സാധിച്ച സന്തോഷത്തില്‍ സിത്താരയുടെ ഭര്‍ത്താവ്

ഡോ. സജീഷ് എം-ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഭര്‍ത്താവ് എന്ന നിലയിലാണ് ഈ പേര് പലര്‍ക്കും പരിചയം. എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല, മലയാള സിനിമയില്‍ നല്ല റോളുകള്‍ ചെയ്യുന്ന നടനായും അറിയപ്പെടാം. അതിനുള്ള തുടക്കമായിരുന്നു വിശേഷം എന്ന സിനിമ. ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു റോള്‍ സിനിമയില്‍ ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് സജീഷ്. അതേ കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നീണ്ട ഒരു പോസ്റ്റ് പങ്കുവച്ചു.

അഭിനയത്തോടുള്ള അഭിനിവേശം പണ്ടേയുള്ളതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. അക്കാലത്ത് കുറച്ചധികം സമ്മാനങ്ങളും കിട്ടിയിട്ടുണ്ടത്രെ. ‘സ്‌കൂള്‍ നാടകങ്ങള്‍ മുതല്‍ യൂണിവേഴ്സിറ്റി കലോത്സവങ്ങള്‍ വരെ ലഭിച്ചിട്ടുള്ള സമ്മാനങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ ട്രോഫികളോടാണ് ഏറ്റവും ഇഷ്ടം. ഒരു ഡോക്ടര്‍ ആയില്ലെങ്കില്‍ ഒരു പക്ഷെ ഒരു ആക്റ്റര്‍ ആവുമായിരുന്നിരിക്കണം എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ഏകാഭിനയം, പ്രസംഗം, ക്രിയേറ്റിവ് രചനകള്‍, തീയറ്റര്‍ ഇവയോടായിരുന്നു പഠനകാലത്ത് ഏറെയും പഥ്യം.

‘പഠനവും, പരീക്ഷകളും, വിദ്യാര്‍ത്ഥി രാഷ്ട്രീയവും, കഴിച്ചു നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ സമയവും കലയ്ക്കും സാഹിത്യത്തിനും വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴും ഒരു ചാന്‍സ് കിട്ടിയാലുടന്‍ എന്തെങ്കിലും സര്‍ഗാത്മക പ്രക്രിയയുമായി കെട്ടിമറിയും. ഇടവും, ഇടപെടലുകളും അതിന്റെ ഭാഗമായിട്ടു തന്നെയാണ്. അങ്ങനെയിരിക്കെയാണ് യാത്രകള്‍ക്കും സമയം കണ്ടെത്തിത്തുടങ്ങിയത്.’

‘എന്ത് തിരക്കുണ്ടങ്കിലും അഭിനയിക്കാന്‍ ആരു വിളിച്ചാലും പോവും. അതറിയുന്നതുകൊണ്ടുകൂടിയായിരിക്കണം പ്രിയ സുഹൃത്തും സംഗീത സംവിധായകനുമായ ആനന്ദ് ഒരു സിനിമയില്‍ ഒരു റോളുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇടം വലം നോക്കാതെ ഓടിപ്പോയത്. വിശേഷത്തിലെ അഡ്വ മാധവ പൈ എന്ന വേഷം ചെയ്തത്. ചെറിയ വേഷമാണെങ്കിലും ചിത്രം ആരംഭിക്കുന്നത് എന്റെ കഥാപാത്രത്തില്‍ നിന്നായതു കൊണ്ടും, കഥയില്‍ ഒരു പ്രാധാന്യമുണ്ടായിരുന്നതു കൊണ്ടും പിന്നെ തരക്കേടില്ലാതെ ചെയ്യാന്‍ ശ്രമിച്ചത് കൊണ്ടും (എന്ന് ഞാന്‍ വിചാരിക്കുന്നു) പടം കണ്ട ഒരുപാട് ആള്‍ക്കാര്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. ആമസോണ്‍ പ്രൈമില്‍ വന്നതിന് ശേഷം പിന്നെയും കൂടുതല്‍ പേര്‍ കണ്ട് നല്ലത് പറയുന്നു.’

‘മികച്ച ഒരു സിനിമയാണ് വിശേഷം! കാലികവും സാമൂഹികവുമായി ഏറെ പ്രസക്തിയുള്ള വിഷയം, മനോഹരമായി പറഞ്ഞ ഒരു ചിത്രം. ആനന്ദ് മധുസൂദനനും സംവിധായകന്‍ സൂരജ് ടോമിനും നിര്‍മ്മാതാക്കള്‍ക്കും മുതല്‍ സിനിമാട്ടോഗ്രാഫര്‍ സാഗര്‍ അയ്യപ്പത്തിനും ടീമിനും, എഡിറ്റര്‍ മാളവികയ്ക്കും, എഴുപുന്ന ബൈജു ചേട്ടനും ചിന്നുവിനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളത്തിനും മുഴുവന്‍ ക്രൂവിനും എല്ലാവര്‍ക്കും നന്ദി.

കഴിഞ്ഞ ദിവസം കൊച്ചി ഐ എം എ ഹാളില്‍ വച്ച് വിശേഷത്തിന്റെ വിജയാഘോഷങ്ങള്‍ നടന്നു. ഓര്‍മ്മസമ്മാനമായി അതിമനോഹരമായ ഒരു മെമെന്റോ ലഭിച്ചു. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഒരു കൊച്ചു ചെടിയുടെ ശില്‍പം. സുവര്‍ണ്ണ പ്രതീക്ഷകളുടെ ആ സന്തോഷപ്രതീകം സമ്മാനിച്ചത് പ്രിയങ്കരനായ ശ്രീകാന്തേട്ടനായിരുന്നു. അത് കൂടുതല്‍ ആഹ്ലാദകരമായി. പ്രിയരേ നിങ്ങള്‍ നല്‍കിയ അവസരവും, അനുമോദനവും, അര്‍ഹിക്കുന്ന ആദരവോടെ, അത്യധികം പ്രാധാന്യത്തോടെ എന്നേക്കും സൂക്ഷിച്ചു വെക്കും.’ സജീഷ് എഴുതി

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *