പാട്ട് ജീവവായുവാണ്! ഈ തിരിച്ചുവരവ് അദ്ദേഹം ആഗ്രഹിച്ചത്! ജയചന്ദ്രനെക്കുറിച്ച് ഹരിനാരായണന്
ഭാവഗായകന് പി ജയചന്ദ്രന് ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സജീവമായിരിക്കുകയാണ്. മൈക്കിന് മുന്നിലെത്തിയ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രിയഗായകന്റെ തിരിച്ചുവരവ് പ്രിയപ്പെട്ടവരെല്ലാം ആഘോഷമാക്കിയിരുന്നു. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള ബികെ ഹരിനാരായണന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂരപ്പനെ സ്തുതിച്ചുള്ള ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്. ദൈവകൃപയാലാണ് വീണ്ടും പാടാന്‍ കഴിഞ്ഞത്. ദൈവം നിശ്ചയിച്ചിട്ടുള്ള അത്രയും കാലം പാട്ടില്‍ തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജയട്ടനോട് അടുത്തുനിൽക്കുന്നവർ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു. അല്ല ജയേട്ടന്, ആശുപത്രീലാണല്ലെ, സീരിയസ്സാന്നൊക്കെ. ഉടൻ നമ്മൾ പരിഭ്രമിച്ച് ജയേട്ടൻ്റെയോ, മനോഹരേട്ടൻ്റേയോ നമ്പറിലേക്ക് വിളിക്കുമ്പോൾ അറിയും ജയേട്ടൻ വീട്ടിൽ തന്നെയുണ്ട്, പ്രശ്നമൊന്നുമില്ല എന്ന്. ആ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിൻ്റേതായ ബുദ്ധിമുട്ടുകളും. പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാൽ അത് ഈ പറയുന്ന രീതിയിൽ ഗുരുതരാവസ്ഥയിലുമായിരുന്നില്ല.
ഈ അനുഭവം ജയേട്ടനോട് അടുത്തു നിൽക്കുന്ന പലർക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേൽ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കിൽ മാധ്യമപ്രവർത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടൻ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാർത്ത സോഷ്യൽ മീഡിയ വഴി പരക്കുന്നത്. ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടിൽ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഈ വാർത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് നടന്നു. ബാലുച്ചേട്ടനിലൂടെ. ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ അഞ്ജുരാജാണ് ജയേട്ടനോടും ,ബാലുച്ചേട്ടനോടും ,മനോഹരേട്ടനോടും ചോദിച്ച് ഒരഭിമുഖത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത്. അടുത്ത ദിവസം തന്നെ ജയേട്ടന് ഏറെ പ്രിയമുള്ള തൃശ്ശൂരിലെ രാമവിലാസത്തിൽ വച്ച് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടിയുള്ള ഈ അഭിമുഖം നടക്കുന്നു.
ഈ വർത്തമാനത്തിൽ പുതിയതായൊന്നും ചോദിച്ചിട്ടില്ല. പുതിയതൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല. പക്ഷെ ആദ്ദേഹം ഒരിടവേളയ്ക്കു ശേഷം പാടുന്നതിൻ്റെ പറയുന്നതിൻ്റെ സന്തോഷം മാത്രം. ആ സന്തോഷം ജയേട്ടനെ അദ്ദേഹത്തിൻ്റെ പാട്ടുകളെ സ്നേഹിക്കുന്ന ഓരോരുത്തർക്കും വിലപ്പെട്ടതാണല്ലൊ. പാട്ടുകേൾക്കലും പാടലും ജയേട്ടനെ സംബന്ധിച്ച് ശ്വാസോച്ഛ്വാസം പോലെയാണ് . അദ്ദേഹം പാടിക്കൊണ്ടേയിരിക്കട്ടെ. പാട്ടുകേട്ടുകൊണ്ടേയിരിക്കട്ടെ എന്നായിരുന്നു കുറിപ്പ്.
@All rights reserved Typical Malayali.
Leave a Comment