അതിസുന്ദരി …രസ്ന പഴയ രസ്ന അല്ല …രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പറയുകയില്ല …നെറുകയിൽ സിന്ദൂരമിട്ട് കറുപ്പ് സാരിയിൽ സുന്ദരിയായി രസ്ന ..
രസ്നയെ അറിയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ ഉണ്ടാകില്ല. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ അന്ന് രസ്ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്നയെ കൊണ്ട് ചെന്നെത്തിച്ചു.മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി
6-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളായിരുന്നു ആദ്യ തട്ടകം. അതിനുശേഷം നിരവധി വേഷങ്ങൾ രസ്നയുടെ കൈയ്യിൽ ഭദ്രമായി. അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.
അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറിനിൽക്കുകയാണ് താരം ഇപ്പോൾ. അഭിനയത്തിൽ നിന്നും മാറിനിൽക്കാനുള്ള കാരണവും, ജീവിതത്തിലെ പുതിയ വിശേഷവും പങ്ക് വയ്ക്കുകയാണ് രസ്ന എന്ന സാക്ഷി സമയം മലയാളത്തിലൂടെ.
“രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ് (രസ്ന ഔദ്യോഗികമായി സ്വീകരിച്ച പേരാണ് സാക്ഷി) . ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് താരം അഭിമുഖത്തിൽ ഉടനീളം നൽകുന്നത്. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ . എൽ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്‌നേഷിന്റെയും. അവരുടെ വളർച്ച ഇങ്ങനെ ആസ്വദിച്ചു കാണുകയാണ് ഞാൻ. അപ്പോൾ അഭിനയത്തിനെപ്പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം അത്രയും തിരക്കാണ്.
മോൾ ഇപ്പോൾ സ്‌കൂളിൽ പോയി തുടങ്ങിയല്ലോ. പിന്നെ ഞങ്ങളുടെ കുട്ടിത്താരത്തിന് കൂട്ട് വേണ്ടേ. രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട് . മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട്. അഭിനയം നിർത്തി എന്നൊന്നും പറയുന്നില്ല. ഭാവിയെ പറ്റി ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലല്ലോ. പക്ഷെ ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ”, പഴയ കുസൃതി ചിരിയോടെ രസ്ന പറയുന്നു.
സിനിമയിലേക്കെന്തേ കൂടുതൽ വേഷങ്ങളിൽ വരാതിരുന്നത് എന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി തന്നെ നൽകി. “അന്ന് ഞാനൊക്കെ സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഇന്നത്തെപോലെ രണ്ടും ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു. മാത്രവും അല്ല സീരിയൽ താരങ്ങളോട് എല്ലാവര്ക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു . അത് കൊണ്ട് തന്നെയാകാം അങ്ങനൊരു ഓഫർ കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോൾ അത് മാറിയെന്നും, പിന്നെ അതൊന്നും ഓർക്കാൻ തന്നെ ഇപ്പോൾ സമയം കിട്ടില്ല. കാരണം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുമ്പോൾ മുഴുവൻ സമയവും ബിസി ആണ്. അഭിനയിക്കാൻ പോകുന്നതിനെപറ്റിപോലും ആലോചിക്കാൻ സമയം കിട്ടില്ല. ഇനിയിപ്പോൾ പോയാൽ തന്നെ എനിക്ക് മക്കളുടെ കാര്യം ആലോചിച്ച് ഒരു സമാധാനവും ഉണ്ടാകില്ല”, രസ്ന പറഞ്ഞു നിർത്തി.
@All rights reserved Typical Malayali.
Leave a Comment