ഞാനെത്ര ചേർത്തു നിർത്തിയതാണെന്നറിയോ? എന്നെയെത്ര ചേർത്തു നിർത്തിയാണെന്നറിയോ? എന്നിട്ടും എൻ്റെ സഹോദരൻ എന്നെ വിട്ടുപോയി.

പ്രശസ്ത നർത്തകനും നൃത്ത അധ്യാപകനുമായ ആർ എൽ വി ഷിബു കഴിഞ്ഞ ദിവസമാണ് വിടവാങ്ങുന്നത്. ഏറെക്കാലമായി അർബുദബാധിതൻ ആയിരുന്നു. അസുഖം തളർത്തിയിരുന്നു എങ്കിലും വേദികളിൽ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ നിരവധി ആളുകൾ പോസ്റ്റുകൾ പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് വരുന്നത്.

“എല്ലാവരോടും ചിരിച്ചു മാത്രമേ കണ്ടിട്ടുള്ളൂ… ഒരുപാട് ഓർമ്മകൾ… തമാശകൾ… ഒന്നിച്ചുള്ള നിമിഷങ്ങൾ ഒന്നും മനസ്സിൽനിന്നു പോകാതെ നിൽക്കുന്നു. ഷിബുച്ചേട്ടാ എന്നും ഇഷ്ട്ടം” ആണെന്നാണ് നർത്തകിയും നടിയുമായ സ്നേഹ ശ്രീകുമാർ കുറിച്ചത്

ആർ എൽവി രാമകൃഷ്ണൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ ആയിരുന്നു

ഞാനെത്ര ചേർത്തു നിർത്തിയതാണെന്നറിയോ? എന്നെയെത്ര ചേർത്തു നിർത്തിയാണെന്നറിയോ? എന്നിട്ടും എൻ്റെ സഹോദരൻ എന്നെ വിട്ടുപോയി.

ഏതൊരു വിഷമ ഘട്ടത്തിലും എന്നോടൊപ്പം നിന്ന എൻ്റെ പ്രിയ കൂട്ടുകാരൻ. എൻ്റെ അച്ഛൻ, അമ്മ, രണ്ട് സഹോദരങ്ങൾ എന്നെ വിട്ടുപോയപ്പോൾ എനിക്കൊപ്പം നിന്ന് എന്നെ ആശ്വസിപ്പിച്ച കൂടപ്പിറപ്പ്. കഴിഞ്ഞ വിവാദ സമയത്ത് എൻ്റെ മാനസിക സമർദ്ദം കണ്ട് എന്നെ മൂകാംബികയിലേക്ക് കൂട്ടി കൊണ്ടുപോയി ആശ്വസിപ്പിച്ച യഥാർത്ഥ സുഹൃത്ത് അസുഖം തിരിച്ചറിഞ്ഞതിനു ശേഷം എൻ്റെ അടുത്ത് വന്ന് കെട്ടിപിടിച്ച് കരഞ്ഞു. അപ്പോഴും ഇനിയും സമയം വൈകിയിട്ടില്ല നമ്മുക്ക് ട്രീറ്റ്മെൻ്റിന് പോകാമെന്ന് പറഞ്ഞ് മനശക്തി കൊടുത്തു. എൻ്റെ കൂടെയുള്ള എല്ലാ യാത്രകളിലും ഞാൻ കൂടെ കൂട്ടി. നാളെയും മറ്റന്നാളും ഒരു ജഡ്ജ്മെൻ്റിന് പോകാനിരുന്നതാണ് ഞങ്ങൾ

4 ദിവസം മുൻപ് എറണാകുളത്ത് വച്ച് കണ്ടപ്പോൾ ഞങ്ങൾ കല്യാൺ സിൽക്ക്സിൽ കേറി എനിക്ക് പ്രോഗ്രാമിന് ഇടുന്നതിനായി സാരി വാങ്ങാൻ കൂടെ വന്നു. അവിടെ നല്ല ഭംഗിയുള്ള ഒരു ജുബ്ബയുടെ മെറ്റീരിയിൽ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ അത് ഞാൻ പ്രസൻ്റ് ആയി വാങ്ങി കൊടുത്തു. ഒടുവിൽ എറണാകുളം ബീച്ചിൽ ഒരുമിച്ച് ചായ കുടിച്ച് ചിരിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞതാണ്. ഇനി മസ്കറ്റിൽ പോയി വന്നിട്ട് ജഡ്ജ്മെൻ്റിന് പോകുമ്പോൾ കാണാമെന്നു പറഞ്ഞു പിരിഞ്ഞു. പിന്നെ കേൾക്കുന്ന വാർത്ത വല്ലാതെ വിഷമിപ്പിച്ചു.

അസുഖത്തിൻ്റെ ബുദ്ധിമുട്ടുകൾ ഒരിക്കലും ഷിബു സാർ നമ്മളോട് പറയാറില്ല. ഞങ്ങൾ തളിപറമ്പ് ഉപജില്ലയിൽ ജഡ്ജ്മെൻ്റിന് ഇരുന്നപ്പോഴാണ് മാഷിൻ്റെ ബുദ്ധിമുട്ടുകൾ മനസിലായത്. മൂത്രം പിടിച്ചു നിർത്താൻ പറ്റാത്ത സാഹചര്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്.

അസുഖമാണെന്ന് കരുതി വീട്ടിൽ ഇരിക്കണ്ട എന്ന് പറഞ്ഞ് ഞാൻ കൂടെ കൂട്ടിയതാണ്. വിഷമിക്കണ്ട എന്ന് പറഞ്ഞ് രണ്ട് മൂന്ന് പാഡുകൾ വാങ്ങി ആ കാര്യം ഞങ്ങൾ സോൾവ് ചെയ്തു. കീമോ ചെയ്തതിനു ശേഷം ധാരാളം വെള്ളം കുടിക്കണമായിരുന്നു. ജഡ്ജ്മെൻ്റിന് ഇരിക്കുമ്പോൾ അതൊരു ബുദ്ധിമുട്ടായിരുന്നു. രണ്ട് മൂന്ന് പ്രവാശ്യം വാഷ്റൂമിലേക്ക് പോയപ്പോൾ അവിടെ മത്സര ഭ്രാന്ത് മൂത്ത ചില നൃത്താദ്ധ്യാപകർ ഷിബു സാറിനെ ചീത്ത പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.

പ്രശ്നം ഉണ്ടാവണ്ട എന്ന് കരുതി പിന്നെ ഷിബു സാറ് വാഷ്റൂമിൽ പോകാതെ ഇരുന്നു. ഒരു റിസൾട്ട് അനൗൺസ് ചെയ്യാൻ ഞാൻ മാഷിനോട് പറഞ്ഞപ്പോൾ ഷിബു സാറ് പറഞ്ഞത് കേട്ട് ഞാൻ ആകെ വിഷമിച്ചു പോയി. രാമകൃഷ്ണൻ അനൗൺസ് ചെയ്യ് എനിക്ക് മൂത്രം അറിയാതെ പോയി എന്ന്.

എന്തിനാണ് അസുഖം ഉള്ളപ്പോൾ ഇതിനൊക്കെ പോകുന്നത് എന്ന് നിങ്ങൾക്ക് തോന്നാം പ്രിയപ്പെട്ടവരെ.. .ഒരാൾ അസുഖ ബാധിതനായാൽ അയാളെ സമൂഹത്തിൽ മാറ്റി നിർത്തുന്ന പ്രവണത മാറണം.
എല്ലാം കൈവിട്ട് പോയി എന്ന അവസ്ഥയിൽ നമ്മൾ അവരെ ചേർത്ത് പിടിക്കുമ്പോൾ അവർക്കുണ്ടാകുന്ന ആത്മവിശ്വാസം ചെറുതല്ല. വയ്യ മാഷെ…ഇനി എഴുതാൻ. അടുത്ത വർഷം ഞാൻ ഉണ്ടാവുമോ എന്ന് പറഞ്ഞ് മാഷിൻ്റെ വീടിൻ്റെ അടുത്തുള്ള അമ്പലത്തിൽ നമ്മുടെ നാരായണീയം നൃത്ത ശിൽപം അവതരിപ്പിച്ചത് ഇതൊക്കെ കണക്കാക്കി ആയിരുന്നല്ലെ??

എന്നാലും ആരോടും പറയാതെ പോയല്ലോ മാഷെ ….ഇനി നമ്മൾ എന്ന് കാണും….ജുബ്ബ മാഷ് തയ്ക്കാൻ കൊടുത്തിരിക്കുകയല്ലെ ! ഒരുമിച്ച് യാത്ര ചെയ്യാൻ എത്ര ഇഷ്ട്ടമാണെന്നോ!!!എന്നിട്ട് ഞങ്ങളെ കൂട്ടാതെ പോയല്ലെ?

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *