ഉമ്മയുടെ ചെമ്മീനും കൊഴുവയും ഇഷ്ടഭക്ഷണം.. ആ കണ്ണുകള്‍ നിറഞ്ഞാല്‍ മമ്മൂക്കയുടെ നെഞ്ചുപൊട്ടും
തലമുറകളുടെ നായകൻ എന്നാണ് പലരും നടൻ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. 51 വർഷങ്ങളായി അദ്ദേഹം സിനിമാലോകത്തുണ്ട്. ഇതിനിടയിൽ തലമുറ തലമുറയായി പ്രായഭേദമെന്യേ അദ്ദേഹത്തെ ആരാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വൈക്കം ചെമ്പിൽ ഇസ്മായിൽ, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് സഹോദരങ്ങള്‍. മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോള്‍ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട്. ഇന്ന് ആ പേരിൽ ഈ ഉമ്മയും ഏറെ സന്തോഷിക്കുന്നു. പക്ഷേ എനിക്ക് മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞ് ആണ്. ചിങ്ങമാസത്തിലെ വിശാഖത്തിലായിരുന്നു (സെപ്റ്റംബര്‍ 7) അവൻ ജനിച്ചത്, മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ കുറച്ചുനാൾ മുമ്പ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അവന്‍റെ പിറന്നാളിന് വല്ലപ്പോഴുമൊക്കെ പായസം വയ്ക്കാറുണ്ട്. ഒരിക്കലും പ്രാർത്ഥന മുടക്കാറില്ല. യാസീൻ ഓതി ദു ആ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പ്രാർഥിക്കും. എപ്പോഴും അതേ എനിക്ക് പടച്ചോനോട് അപേക്ഷിക്കാനുള്ളൂ. വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്.എട്ടുമാസമായപ്പോഴേ അവൻ മുലകുടി നിര്‍ത്തി. പിന്നെ പാലും ഏത്തപ്പഴവും പ്രധാന ആഹാരമായി. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തത് കാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട. കട്ടൻ മാത്രം മതി. ഇടയ്ക്ക് രണ്ടുവര്‍ഷം എന്‍റെ നാടായ ചന്തിരൂരലിലായിരുന്നു അവൻ വളര്‍ന്നത്. അന്ന് അവന്‍റെ കൂടെ രണ്ടു പിള്ളേരുണ്ടായിരുന്നു. അവർ എപ്പോഴും ഉപദ്രവിക്കും. ശല്യം സഹിക്കാതെയായപ്പോള്‍ അവന്‍റെ സ്കൂള്‍ മാറ്റി. ചെറുപ്പത്തിലെ തന്നെ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. ഒരു സമയം അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു.പതിനാല് വയസ്സുള്ളപ്പോഴേ ചെമ്പിൽ നിന്ന് ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കൽ വരെ പോയിട്ടുണ്ട്. തുഴയാനൊക്കെ അന്നേ നല്ല മരുങ്ങായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഞാൻ നല്ലത് കൊടുത്തു. അടികൊണ്ട് അവൻ വള്ളത്തിലേക്ക് തന്നെ വീണു. അവന്‍റെ മനസ്സിൽ പണ്ടു തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയിൽ സിനിമയ്ക്ക് അവനെ കൊണ്ടോയത്. കുറച്ചു മുതിര്‍ന്നപ്പോള്‍ അനിയന്മാരുമായി പോയി തുടങ്ങി.
ഒറ്റ സിനിമ വിടാറില്ല. രാത്രിയിൽ അവര്‍ വീടിന്‍റെ ടെറസിൽ പോയി കിടക്കും. എഴുന്നേറ്റ് സിനിമയ്ക്ക് പോണത് എപ്പോഴാണെന്ന് നമ്മളറിയാറില്ല. കോളേജിൽ പോകാൻ തുടങ്ങിയപ്പോഴാണ് അവൻ അഭിനയിച്ചു തുടങ്ങിയത്.അവിടത്തെ ഓരോ വിശേഷവും വീട്ടിൽ വന്നു പറയും. ചിലതൊക്കെ അഭിനയിച്ച് കാണിക്കും. വെറുതെ പാട്ടുപാടി നടക്കും. ചെറുപ്പത്തിലെ അവൻ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലെ പോയി. പടച്ചോന്‍റ കൃപ കൊണ്ട് അത് നല്ലതിലേക്കായിരുന്നു. അവന്‍റെ ആദ്യ കാലത്തെ ഒന്നു രണ്ട് സിനിമകളൊക്കെ അവനോടൊപ്പം ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ പിന്നെ അവന് പോകാൻ പറ്റാതെയായി.അവന്‍റെ ബാപ്പ മരിച്ചതിന് ശേഷം ഞാൻ സിനിമ കാണാൻ പോയിട്ടുമില്ല. ഇപ്പോള്‍ പുതിയ സിനിമളൊക്കെ അവന്‍റെ വീട്ടിലുന്ന് കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് എന്നെ വിളിക്കും. ചിലപ്പോഴൊക്കെ ഞാൻ ഒപ്പമിരുന്ന് കാണും. അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. അതങ്ങനെയല്ലേ വരൂ. ‘കാണാമറയത്ത്’ വളരെ നല്ലൊരു സിനിമയായിരുന്നു. പിന്നെ ‘തനിയാവര്‍ത്തന’വും. അതിൽ സ്വന്തം അമ്മ തന്നെ അവനെ വിഷം കൊടുത്ത് കൊല്ലുന്നത് കണ്ടപ്പോ നെഞ്ചിൽ എന്തോ ഒന്നു കുത്തിക്കൊണ്ടതുപോലെ തോന്നി. ഞാൻ അവന്‍റെ ഉമ്മയല്ലേ.സിനിമയ്ക്ക് വേണ്ടി അവൻ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പോലും ഉപേക്ഷിച്ചിട്ടുണ്ട്. കൊഴുവയായിരുന്നു പണ്ട് അവന് ഏറ്റവും ഇഷ്ടമുള്ള മീൻ. ചെമ്മീൻ പൊരിച്ചതിനോടും പ്രിയമായിരുന്നു. കോളേജിലായിരുന്ന കാലത്ത് രാത്രിയാകുമ്പോള്‍ കൂട്ടുകാരെയൊക്കെ കൂട്ടി വീട്ടിൽ വരും. പിന്നെ അവര്‍ക്കായി രണ്ടാമത് ചോറും ഇഷ്ടമുള്ള കറികളുമൊക്കെ ഞാൻ ഉണ്ടാക്കും. അവന്‍റ കൂട്ടുകാരൊന്നും എന്‍റെ വയറ്റിൽ ജനിച്ചില്ലെന്നേയുള്ളൂ, എന്‍റെ മക്കള്‍ തന്നെയായിരുന്നു. ഇന്നും ചിലപ്പോഴൊക്കെ അവൻ എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയിൽ കയറി പണ്ടത്തെ ആ രുചിയുള്ള മീൻ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന്. ഞാൻ ചെമ്പിലായിരുന്നപ്പോള്‍ അവന്‍റെ വീട്ടിലേക്ക് പലതും ഉണ്ടാക്കി കൊടുത്തു വിടുമായിരുന്നു. ചക്കപ്പഴം വലിയ ഇഷ്ടമാണ്. ചക്കയും മാങ്ങയുമൊക്കെ വീട്ടിൽ ധാരാളമുണ്ടായിരുന്നു.
ബാപ്പയ്ക്ക് അവനെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. പക്ഷേ അവൻ സിനിമാ നടനായി. ഇപ്പോ മക്കളും പേരമക്കളുമൊക്കെ സിനിമാക്കാര്‍ . മകൻ വലിയ ആളായി എന്ന് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരുക്കലും തോന്നാൻ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക്. ഇപ്പോ അവനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ. എപ്പോഴും കാണണമെന്ന് തോന്നും. പക്ഷേ അവന്‍റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ വിരലുകൊണ്ട് ഒന്നമര്‍ത്തിയാൽ അവനെ കാണാലോ. ടി.വിയിൽ ദിവസം എത്ര പ്രാവശ്യം അവൻ വന്നുപോകുന്നു. അതുകാണുമ്പോള്‍ ഞാൻ ചെമ്പിലെ അവന്‍റെ കുട്ടിക്കാലം ഓർക്കും. ഞങ്ങള്‍ക്ക് മുമ്പിൽ അഭിനയിച്ച, പാട്ടുപാടിയ, ഞാൻ ചോറുരുട്ടി കൊടുത്ത കുട്ടിയല്ലേ ഇത്, എന്‍റെ സ്വന്തം മമ്മൂഞ്ഞ്, ഫാത്തിമയുടെ വാക്കുകള്‍.
@All rights reserved Typical Malayali.
Leave a Comment