സംശയം തോന്നി മുകളിൽ പോയി നോക്കിയപ്പോൾ ഉമ്മയുടെ കൂടെ കിടക്കുന്ന ആളെ കണ്ടു മകൾ ഞെട്ടിപ്പോയി
വർഷങ്ങൾക്ക്ശേഷം ഇവിടെ വെച്ച് (ദുബായ് ) ഞാനിന്നയാളെ വീണ്ടും കണ്ടു.ഉപ്പ കൂടെ ഉള്ളത് കൊണ്ട് മാത്രം എനിക്കയാളെ മനസ്സിലായെന്ന് പറയാം.അഞ്ചു വർഷം കൊണ്ട് ഒരാൾക്ക് ഇത്രയും മാറ്റങ്ങൾ..വിശ്വസിക്കണം.കണ്മുന്നിൽ കാണുന്നത് വിശ്വസിക്കാതിരിക്കാനാവില്ലല്ലോ..
ഉപ്പാന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയാൾ. ജിദ്ദയിൽ ആയിരുന്നപ്പോൾ ഒരേ റൂമിൽ ഒന്നിച്ച് കഴിഞ്ഞവർ.നാട്ടിൽ വരുമ്പോഴൊക്കെ വീട്ടിലേക്ക് വരും. ഭാര്യയും ഒരു മോളും അടങ്ങുന്ന കുടുംബം. മോളെന്ന് പറയുമ്പോൾ എന്റെ അതേ പ്രായം.അവളായിരുന്നു അവരുടെ ലോകം,സ്നേഹിക്കാനും, കൊഞ്ചിക്കാനും അവളെ ഒള്ളു അവർക്ക്.
ഉപ്പാനോടെപ്പഴും പറയും. നീ ഭാഗ്യവാനാടാ നിനക്ക് പടച്ചോൻ നാല് പെൺകുട്ടികളെ തന്നില്ലേ ന്ന്..അതിലെല്ലാം രണ്ടാമതൊരു കുഞ്ഞുണ്ടായില്ലല്ലോ എന്ന വിഷമമായിരിക്കാം..
അന്നൊക്കെ ഒരുപാട് സംസാരിച്ചിരുന്നു അയാൾ.തമാശകളും കളിയാക്കലുമായല്ലാതെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു. കുട്ടികളെ ഒത്തിരി ഇഷ്ടമാണെന്ന് സംസാരത്തിൽ വ്യക്തമായിരുന്നു. അവളെ കൊഞ്ചിക്കുന്നത് കാണാൻ തന്നെ ഒരു രസമാ..
അദ്ദേഹമാണിന്ന്…
അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മുന്നിൽ വാക്കുകളില്ലാതെ, എന്തിന് ഒന്ന് പുഞ്ചിരിക്കാൻ പോലുമാവാതെ..
തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചതേയില്ല. എന്റെ ചിന്തയിൽ മുഴുവൻ അവരായിരുന്നു.
അഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ആ ദിവസം..ചിലപ്പോൾ അന്നായിരിക്കണം അയാൾ ജീവിതത്തിൽ പാടെ തകർന്ന് പോയത്. അതോ അതിനു ശേഷം ഒരു മാസംകഴിഞ്ഞുള്ള ആ ദിവസമോ…?
അന്നൊരു വെള്ളിയാഴ്ചയായിരുന്നു(അവൾ മരിച്ച ദിവസം ഓർക്കുന്നു ) മകളുടെ മരണ വാർത്തയുമായി വന്ന ഫോൺ കാൾ കേട്ടയാൾ നടുക്കത്തോടെ “അള്ളാഹ് ന്റെ കുട്ടി..”എന്നും പറഞ്ഞ് ബോധരഹിതനായി വീണിരുന്നത്രെ..
അതിനു ശേഷം ബോധം വീണ്, മണിക്കൂറുകൾ താണ്ടി നാട്ടിലേക്കുള്ള യാത്ര..അതിലെ ഓരോ നിമിഷവും ജീവിതത്തിൽ ഇന്നോളം നേരിട്ടതിൽ ഏറ്റവും കഠിനമുള്ളതായിരിക്കണം.
19 വർഷം നെഞ്ചോടടക്കി പിടിച്ച് വളർത്തിയ മകൾ.ഹൃദയം പിളർക്കുന്ന വേദന സമ്മാനിച്ച് ഒരു മുഴം കയറിൽ ജീവനൊടുക്കിയിരിക്കുന്നു. പ്രതീക്ഷകളും ജീവിതവും അവൾക്ക് വേണ്ടി മാത്രം മാറ്റിവെച്ച ആ പിതാവ് അതെങ്ങനെയാണ് സഹിക്കുക ?യാഥാർത്ഥത്തോട് പൊരുത്തപെടാനാവാതെ അയാളൊരു ഭ്രാന്തനെ പോലെ പെരുമാറി.
പിന്നീട് രണ്ടാഴ്ചകൾക്കിപ്പുറമാണ് അയാൾക്ക് മകളുടെ മരണം ഉൾക്കൊള്ളാനായത്. എങ്കിലും ആരോടും സംസാരിക്കില്ല. ആ വലിയ ഇരുനില വീട്ടിനുള്ളിൽ ഗതിയില്ലാ ആത്മാക്കളെ പോലെ രണ്ട് ജന്മങ്ങൾ. അയാളും ഭാര്യയും.
ഇടക്കവളുടെ മുറിയിൽ കേറി ഒരുപാട് നേരം വാതിലടച്ചിരിക്കും.അവളുടെ പുസ്തകങ്ങളും, വസ്ത്രങ്ങളും നോക്കി,എന്തിനാണെന്റെ കുട്ടി ഈ ചതി ചെയ്തെതെന്ന് ചോദിച്ച് നെഞ്ച് പൊട്ടി കരയും.
മരണത്തെ മാത്രം സ്നേഹിച്ച് ഓരോ ദിനവും പിന്നിടുമ്പോഴാണ് അയാൾ ചിന്തിച്ച് തുടങ്ങിയത്. എന്തിനായിരിക്കും ന്റെ മോൾ.. ആരായിരിക്കും ഇതിനുമാത്രം ന്റെ കുട്ടിയെ വേദനിപ്പിച്ചത് ?
നല്ല അച്ചടക്കത്തോടെ തന്നെയാണവളെ, അവർ വളർത്തിയത്.മതപരമായ വിദ്യാഭ്യാസവും നൽകി. വീടിനടുത്തുള്ള അറബിക് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി.
ഉപ്പയാണവൾക്കെല്ലാം.എല്ലാകാര്യവും ഉമ്മയോട് പറയുന്നതിനേക്കാൾ ഉപ്പയോടാണ് പറയാറ്. ഒരു ദിവസം പോലും ഫോണിലൂടെ സംസാരിക്കാതുറങ്ങാറില്ല.അങ്ങനെയുള്ള തന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്തതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ഒടുവിൽ അത് കണ്ട് പിടിക്കാൻ തന്നെ തീരുമാനിച്ചു. എന്റെ കുട്ടിയെ ചതിച്ചതാണെങ്കിൽ അതാരായാലും വെറുതെ വിടില്ല, ഇനിയെന്റെ ജീവിതം അതിനുള്ളതാണെന്ന് അയാൾ നിഃശ്ചയിച്ചിറങ്ങി.
ആദ്യം കോളേജിലാണ് അന്വേഷിച്ചത്. അദ്ധ്യാപകർക്കും, സഹപാഠികൾക്കും അവളെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രമായിരുന്നു.അവൾക്കൊരു പ്രണയം പോയിട്ട്, ആൺ സുഹൃത്തുക്കൾ പോലുമില്ലെന്ന് പറഞ്ഞ് അടുത്ത കൂട്ടുകാരി പൊട്ടി കരഞ്ഞപ്പഴും, തകർന്നടിഞ്ഞ് പോയത് അയാൾ തന്നെയായിരുന്നു.
ആ ഇടക്കാണ് ഇടുത്തീ പോലെ ആ വാർത്ത വന്നത്,
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തലയുടെ പിന്നിലേറ്റ ക്ഷതമാണത്രെ മരണകാരണം.ആത്മഹത്യ ആയത് കൊണ്ട്തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു.മരണം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു.
****************************************************
അന്നത്തെ “ആ” ദിവസം…
ഉമ്മ അടുക്കളയിൽ തിടക്കിട്ട പണിയിലായിരുന്നു.അവരങ്ങനാണ്. അതിരാവിലെ എണീറ്റ് മോൾ കോളേജിൽ പോകുമ്പോഴേക്കും വീട്ടിലെ എല്ലാ ജോലിയും തീർത്ത് കുളിയും കഴിയും.
“ഉമ്മാ ഞാൻ പോയിട്ടോ..”
അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞവൾ ഇറങ്ങി. അൽപ്പം മുന്നോട്ട് നടന്നപ്പോൾ എന്തോ മറന്ന് പോയതോർത്ത് തിരിച്ച് മുറിയിലേക്കോടിക്കയറി.
അതെടുത്ത് മുറിയിൽ നിന്നിറങ്ങുമ്പോഴാണത് ശ്രദ്ധിച്ചത്. അവൾ പോയെന്ന് കരുതി മെയിൻ ഡോർ ലോക്ക് ചെയ്ത്, കയ്യിൽ ചായയും ദോശയുമായി ഉമ്മ കോണിപ്പടി കേറിപ്പോകുന്നു.
ഒരു നിമിഷം അവൾ ആലോചിച്ചു കാണണം. മുകളിലേക്ക് എന്തിനാണുമ്മ ബ്രേക്ക് ഫാസ്റ്റുമായി കേറിപ്പോകുന്നതെന്ന്.അങ്ങോട്ടവർ അധികം കേറാറേ ഇല്ലായിരുന്നു. വല്ലപ്പഴും വൃത്തിയാക്കിയിടാൻ മാത്രം.
ബാഗ് റൂമിലേക്ക് വെച്ച് അവൾ അവരെ പിന്തുടർന്നു. ഓരോ സ്റ്റെപ്പിലേക്ക് കാലെടുത്ത് വെക്കുമ്പോഴും മുകളിൽ നിന്നും സംസാരം വ്യക്തമായികൊണ്ടിരുന്നു.
ഉള്ളിലൊരു നടുക്കവുമായി തന്നെ മരണത്തിലേക്കവൾ നടന്നു കേറി.
ചാരിയ വാതിലിലൂടെ ആ കാഴ്ചകണ്ടു ഞെട്ടി തരിച്ചു. തന്റെ സ്വന്തം ഉമ്മ ഏതോ ഒരു പുരുഷന്റെ കൂടെ…
“ഉമ്മാാാ..!!!” വാതിൽ ശക്തിയിൽ തള്ളി തുറന്ന് അവളലറി.
പേടിച്ചരണ്ട മുഖവുമായി അവർ ചാടി എണീറ്റു.പിന്നീടവിടെ നടന്നതൊരു വാക്കേറ്റമാണ്. ഒടുവിൽ അവരൊരുപാട് മാപ്പ് ചോദിച്ചെങ്കിലും ,അവളത് സമ്മതിച്ചില്ല തനിക്കിത് സഹിക്കാനാവില്ലെന്നും ഉപ്പയെ അറീക്കുമെന്നും തീർത്ത് പറഞ്ഞ് മുറിവിട്ടിറങ്ങി നടന്നു.
പൊടുന്നനെ പിന്നിൽ നിന്നും തലക്കടിയേറ്റവൾ വീണു.
പ്രാണന് വേണ്ടി യാചിക്കുന്ന തന്റെ ജീവന്റെ പാതിയെ ആ സ്ത്രീയപ്പോൾ കണ്ടതേയില്ല.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.കയറെടുത്ത് ഫാനിൽ കെട്ടിത്തൂക്കലും, ആൾക്കാരെ വിളിച്ച് കൂട്ടലും സിനിമാക്കാര് തോറ്റുപോകുന്ന അഭിനയം കാഴ്ചവെക്കലും.
****************************************************
ഭാര്യക്കും കാമുകനും കോടതി ശിക്ഷ വിധിച്ചു..
എല്ലാം തീർന്നു. വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെക്കുന്ന വേളയിൽ ഛിന്നഭിന്നമായി തെറിച്ച് പോയ ഒരുകുടുംബത്തിന്റെ ദുരന്ത നായകനായി അദ്ദേഹം മാറി.
വീടും പറമ്പും ഏതോ അനാഥാലയത്തിനെഴുതിക്കൊടുത്ത് നാട്ടിൽ നിൽക്കാനാവാതെ അയാൾ വീണ്ടും പ്രവാസത്തിലേക്ക് തന്നെ തിരിച്ചു. ഒന്നും നേടാനല്ല. മരിക്കുന്നത് വരേ ജീവിച്ച് തീർക്കണ്ടേ? അതിനുവേണ്ടി മാത്രം….
സമർപ്പണം :ജീവിത യാത്രയിൽ ചെയ്ത തെറ്റെന്തെന്ന് പോലുമറിയാതെ അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സഹോദരിക്കും,ഇന്നും നിന്റെ വിയോഗത്തിൽ ഹൃദയം തകർന്ന് ജീവിക്കുന്ന ആ പൊന്നുപ്പക്കും..
*************************
രചന: സെബിയ തസ്നീം
@All rights reserved Typical Malayali.
Leave a Comment