വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യക്കെതിരെ കരിന്തളം കോളേജും രംഗത്ത്; രേഖകൾ വ്യാജമെങ്കിൽ പരാതി നൽകും

വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യക്കെതിരെ കരിന്തളം കോളേജും രംഗത്ത്; രേഖകൾ വ്യാജമെങ്കിൽ പരാതി നൽകും.മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ വിദ്യക്കെതിരെ കൂടുതൽ ആരോപണങ്ങൾ. കാസർകോട് സ്വദേശിനിയായ വിദ്യ ഇവിടെയും ജോലി ചെയ്തിട്ടുണ്ട്
വ്യാജ സർട്ടിഫിക്കറ്റ് വിവാദം.വിദ്യക്കെതിരെ കരിന്തളം കോളേജും.രേഖകൾ വ്യാജമെങ്കിൽ പരാതി നൽകും
കാസർകോട്: മഹാരാജാസ് കോളേജിലെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽപ്പെട്ട കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി വിദ്യാ വിജയനെതിരെ കരിന്തളം ഗവൺമെന്‍റ് കോളേജും രംഗത്തെത്തി. ഇവിടെയും ഒരുവർഷം വിദ്യ ജോലി ചെയ്തിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് ബുധനാഴ്ച രാവിലെ കോളേജിൽ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് വിദ്യക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായത്.വിദ്യ ഹാജരാക്കിയ രണ്ട് സർട്ടിഫിക്കറ്റുകൾ വ്യാജമാണോ എന്ന് തെളിയിക്കാൻ മഹാരാജാസ് കോളേജ് അധികൃതർക്ക് സന്ദേശം അയച്ചിട്ടുണ്ട്. വ്യാജമാണെന്ന് ഉറപ്പിക്കുന്ന പക്ഷം നീലേശ്വരം പോലീസിൽ പരാതി നൽകാനാണ് കൗൺസിൽ യോഗ ധാരണ. മഹാരാജാസ് കോളേജിൽ നിന്ന് ലഭിച്ച പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുമായി ഒരു വർഷമാണ് വിദ്യ ജോലി ചെയ്തത്. കഴിഞ്ഞ ജൂൺ മുതൽ മാർച്ച് വരെയാണ് കരിന്തളത്ത് ലക്ചറായി ജോലി ചെയ്തത്.

ഇന്‍റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റിൽ അപാകത കണ്ടെത്തിയിരുന്നില്ല. 2020- 2021 കാലഘട്ടത്തിൽ വിദ്യ മഹാരാജാസ് കോളേജിൽ ജോലി ചെയ്തിരുന്നു എന്ന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും പതിച്ച സർട്ടിഫിക്കറ്റ് ആണ് വിദ്യയുടെ കയ്യിലുള്ളത്. അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തായത്. ഇത് തുടർന്ന് മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ഉണ്ടാക്കി മനപ്പൂർവ്വം മറ്റൊരാളെ വഞ്ചിക്കുന്നു എന്നാണ് വിദ്യക്കെതിരെ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ പോലീസ് അന്വേഷണത്തിനായി എത്തി എന്നും റിപ്പോർട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *