‘എന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അയാള്‍ പരിഹസിച്ചു, അത് ചോദിക്കാനാണ് പോയത്’; ബാലയ്ക്ക് പറയാനുള്ളത്
കുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. അജുവിന്‍റെ വീട്ടില്‍ അതിക്രമം കാട്ടിയെന്ന പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് തെളിവുണ്ടോയെന്നായിരുന്നു ബാലയുടെ മറുചോദ്യം. “പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ ചോദ്യം ചെയ്യാത്തതുകൊണ്ടാണ് അപഖ്യാതികള്‍ തുടരുന്നത്. പണം ഉണ്ടാക്കാൻ യൂട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥയാണ്. ഇത് തമിഴ്നാട്ടിലും ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്‍റെ കൈയില്‍ തെളിവുണ്ട്. പക്ഷേ നിങ്ങള്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ പ്രവണതയെ ചോദ്യം ചെയ്യണം. നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അജു. കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ വീഡിയോകള്‍. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചു. മനസ് തകര്‍ന്നുപോയി എനിക്ക്. അത് ചോദിക്കാനാണ് പോയത്. നിവര്‍ത്തികേടുകൊണ്ടാണ് ആ വീട്ടില്‍ പോയത്. തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. തല്ലിപ്പൊളിച്ചോ? 56 പടങ്ങളില്‍ അഭിനയിച്ച ഒരാള്‍ ചെന്ന് കാര്യം പറയുമ്ബോള്‍ അതിന്‍റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ട ആക്കുമെന്ന് കരുതിയില്ല. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്. അത് എന്തിനാണ്? നല്ല രീതിയില്‍ ജീവിച്ച് പോകണമെന്ന് പറയാനാണ് പോയത്”. അജു എലക്സിനെതിരെ താന്‍ പരാതി കൊടുക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞു.അതേസമയം അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്‌ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് നേരത്തെ പ്രതികരിച്ചിരുന്നു- “നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്”, അജു അലക്സിന്‍റെ പ്രതികരണം.അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ബാലയും തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്‍റെ പ്രതികരണമാണ് ഇതെന്നാണ് ഫേസ്ബുക്കിലൂടെ ബാല പറഞ്ഞത്. അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിരുന്നു. “നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്”, ബാല വീഡിയോയില്‍ പറയുന്നു. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതോടെ നിര്‍ത്തിക്കോളാന്‍ പറയണമെന്നും ബാല അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.
@All rights reserved Typical Malayali.
Leave a Comment