കൊല്ലം സുധിയ്ക്ക് വീട് വെക്കാന് സ്ഥലം നല്കിയ ആ പുരോഹിതന്റെ കഥ..!!
ഏട്ടന്റെ വീടല്ലേ, ഏട്ടൻ ഇവിടെയുണ്ട്! കുഞ്ഞുങ്ങളുടെ പേരിലാണ് വസ്തു നൽകിയത്; സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ വസ്തു ദാനമായി നൽകി ബിഷപ്പ്, നിങ്ങളുടെ വലിയ മനസിന് നന്ദി എന്ന് സോഷ്യൽ മീഡിയ.”ഏട്ടന്റെ വീടല്ലേ, ഏട്ടന്റെ പേര് ചേർത്ത് സുധി ഭവനം എന്നോ സുധി എന്ന പേര് വരുന്ന എന്തെങ്കിലും പേരോ ആണ് വീടിനു ഇടാൻ ആഗ്രഹം. അങ്ങിനെയൊരു പേരായിരിക്കും വീടിനു ഇടുന്നത്. ഇതൊക്കെ കണ്ടിട്ട് സുധി ചേട്ടന്റെ കണ്ണ് നിറയുന്നുണ്ടാവും. സുധി ചേട്ടൻ ആഗ്രഹിച്ചതുപോലെ വീട് ഒരുങ്ങുകയാണ്”മിമിക്രി വേദികളിൽ ചിരിയുടെ പൂരം സൃഷ്ടിച്ച കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ വേദനയിൽ തന്നെയാണ് ആരാധകരും കുടുംബവും സുഹൃത്തുക്കളുമൊക്കെ. പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് സുധിയുടെ ഏകവരുമാനത്തിൽ കഴിഞ്ഞിരുന്ന സുധിയുടെ ഭാര്യ രേണുവിന്റെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയായിരിക്കും എന്ന ആശങ്ക ഓരോ മലയാളികളുടെയും കണ്ണ് നിറയ്ക്കുന്ന ഒന്നാണ്. വര്ഷങ്ങളായി വാടകവീടുകൾ മാറി മാറി താമസിക്കുന്ന സുധിയുടെ കുടുംബത്തെ സംബന്ധിച്ച് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു പ്രതീക്ഷകളുടെ ചിറകരിഞ്ഞുകൊണ്ട് സുധിയുടെ വിയോഗം. സുധിയുടെ മരണശേഷം സുധിയുടെ സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും ഏറ്റവുമധികം സങ്കടപ്പെട്ടതും ഒരു വീട് വയ്ക്കണം മക്കളെ സുരക്ഷിതരാക്കണം എന്നുള്ള സുധിയുടെ ആഗ്രഹം ഓർത്തിട്ടു തന്നെയായിരുന്നു. ഇപ്പോഴിതാ സുധിയുടെ ആഗ്രഹം പോലെ സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുകയാണ്, ആ വീട്ടിൽ താമസിക്കാൻ സുധിയില്ല എന്ന് മാത്രം. സുധിയുടെ കുടുംബത്തിന് വീടൊരുക്കാൻ തനിക്ക് വീട് വയ്ക്കാനുള്ള തന്റെ സ്വന്തം സ്ഥലത്തിൽ നിന്നും 7 സെന്റ് വസ്തു നൽകിയിരിക്കുകയാണ് ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് റവ. നോബിൾ ഫിലിപ് അമ്പലവേലിൽ. ഈ വസ്തുവിൽ സുധിയുടെ കുടുംബത്തിന് സൗജന്യമായി സുധിയ്ക്ക് വീട് നിർമ്മിച്ച് നൽകാൻ ഒരുങ്ങുന്നത് കേരള ഹോം ഡിസൈൻ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ ആണ്.എന്റെ പേര് നോബിൾ ഫിലിപ് അമ്പലവേലിൽ എന്നാണ്. ഈ വസ്തു നമ്മളിൽ നിന്ന് വിടപറഞ്ഞു പോയ അനുഗ്രഹീത കലാകാരൻ സുധിയ്ക്ക് വേണ്ടി ഞാൻ ദാനവുമായി നൽകുകയാണ്. സുധിയുടെ ആഗ്രഹപൂർത്തീകരണം പോലെ സുധിയുടെ കുടുംബത്തിന് ഇവിടെയാണ് വീടൊരുങ്ങാൻ പോകുന്നത്. ഈ വസ്തുവിന്റെ രെജിസ്ട്രഷൻ നടപടികൾ പൂർത്തിയായി. കൊല്ലം സുധി കേരളത്തിലെ ഒരുപാടാളുകൾ സ്നേഹിക്കുന്ന ഒരു നല്ല കലാകാരനാണ്. അദ്ദേഹത്തിന്റെ ആകസ്മിക മരണം ആ കുടുംബത്തെ അനാഥമാക്കി. ഓർത്തപ്പോളാണ് കൊല്ലം സുധിയുടെ കുടുംബത്തെ ഈ രീതിയിൽ സഹായിക്കണമെന്ന മനസ്സ് ദൈവം എനിക്ക് തന്നത്. എനിക്കെന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നുന്നത് ബൈബിളിലെ ഒരു വചനമാണ് നിങ്ങൾ ഈ ചെറിയ സഹോദരന്മാരിൽ ഒരാൾക്ക് ചെയ്തത് എനിക്ക് ചെയ്തു എന്ന സന്തോഷം. എന്റെ ജീവിതത്തിൽ എനിക്ക് സമ്പത്തും ധനവും ഉണ്ടാകുന്നതിനേക്കാൾ കൂടുതലുള്ള സന്തോഷം അർഹതപ്പെട്ട നിർദ്ധരർക്ക് അതിർവരമ്പുകൾ നോക്കാതെ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ചെയ്തു കൊടുക്കുക എന്നതാണ്. അതൊരു വലിയ സന്തോഷം തന്നെയാണ്.
നമ്മൾ പോകുമ്പോൾ ഈ ലോകത്ത് ഒന്നും ഒന്നും കൂടെ കൊണ്ടുപോകുന്നില്ല. അതെന്നെ ഒരുപാട് ചിന്തിപ്പിച്ച കാര്യമാണ്. ഞാൻ ഈ ലോകത്ത് നിന്ന് വിടപറയുമ്പോൾ വെറുംകയ്യോടെ ആയിരിക്കും പോകുന്നത്. പക്ഷേ അങ്ങനെ നമ്മൾ കടന്നു പോകുമ്പോൾ നമ്മൾ ആർക്കെങ്കിലും ഒരു നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് സമൂഹം ഓർത്തിരിക്കും. ഞാൻ ഇത്തരം നന്മകൾ മുൻപ് ചെയ്തിട്ടുള്ളപ്പോഴും വേദനിപ്പിക്കുന്ന പല വാക്കുകളും കമന്റുകളും ഒക്കെ എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. പരിഹസിക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷേ അതൊക്കെ കാണുമ്പോൾ ഞാൻ ഓർക്കുന്നത് ഈ പരിഹസിക്കുന്നവർക്കാർക്കും ഒരാൾക്ക് ഒരു ചായ പോലും കൊടുക്കാൻ കഴിയുന്നില്ല. അവരത് കൊടുക്കാനും മാറിയിരുന്നിട്ടാണ് മറ്റുള്ളവരെ പരിഹസിക്കുന്നത്. എല്ലാവരും മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കണം, നിങ്ങൾക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ ഒരു സമാധാനം അതിലൂടെ ലഭിക്കും എന്നാണ് എനിക്ക് പറയാനുള്ളത്.എന്റെ കുടുംബ സ്വത്തിൽ നിന്നും ഉള്ളത്തിൽ ഏറ്റവും മനോഹരമായ ഭാഗമാണ് ഞാൻ വീട് വയ്ക്കുവാൻ ആയി കൊടുത്തിരിക്കുന്നത്. എനിക്ക് വീട് വയ്ക്കുവാൻ ഉള്ള വസ്തുവാണിത്. എനിക്ക് വീട് വയ്ക്കുന്നത് ഇതിന്റെ മുൻപിലാണ്. എന്റെ വീടിനോട് ചേർന്ന് തന്നെ സുധിയ്ക്കുള്ള വീട് ഒരുങ്ങാൻ വേണ്ടിയാണ് ഞാൻ ഈ ഏഴ് സെന്റുള്ള വസ്തു കൊടുത്തിരിക്കുന്നത്. ഇഷ്ടദാനമായി സുധിയുടെ കുഞ്ഞുങ്ങളായ രാഹുലിന്റെയും റിതുലിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്ത് നൽകിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇവിടെ സുധിയുടെ വീട് വരും. അതിനു സഹായിക്കുന്ന എല്ലാവരും അതിനുവേണ്ടി മുന്നോട്ട് വന്നിട്ടുണ്ട്. കിണർ നിർമ്മിക്കാനും ഇലക്ട്രിസിറ്റിയ്ക്ക് വേണ്ടിയും ഉള്ള പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാവരുടെയും സഹായത്തോടെ ഒരുമാസത്തിനുള്ളിൽ തന്നെ വീടുപണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുധിയുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇദ്ദേഹം കാണിച്ച ഈ വലിയ മനസിന് സോഷ്യൽ മീഡിയ ഒന്നടങ്കം അദ്ദേഹത്തിന് നന്ദി പറയുകയാണ്. “തിരുമേനി നിങ്ങൾക്ക് എന്നും നല്ലതു വരും, ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവും” എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
“സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു വീട് വേണമെന്നുള്ളത്. മരിക്കുന്നതിന്റെ തലേദിവസം പോലും പറഞ്ഞിരുന്നു 6 മാസത്തിനുള്ളിൽ നമുക്കൊരു വീട് പണിയണം വാവൂട്ടാ എന്ന്. ഉറക്കത്തിലും ഊണിലും സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു. മുകളിൽ ഇരുന്നു സുധിച്ചേട്ടൻ കാണുന്നുണ്ടാവും. അച്ഛനോട് ഒരുപാട് നന്ദിയുണ്ട്. വലിയൊരു സഹായമാണ് ഞങ്ങൾക്ക് വേണ്ടി ചെയ്തത്. സുധി ചേട്ടന്റെ ആത്മാവ് നന്ദി പറയുന്നുണ്ട് അച്ഛനോട്, അതെനിക്ക് കേൾക്കാം. സുധി ചേട്ടൻ ഇവിടെയുണ്ട്, ഞങ്ങളുടെ കൂടെ ഇങ്ങോട്ട് വന്നിട്ടുണ്ട്. ചേട്ടൻ ഇവിടെ നിൽക്കുന്നുണ്ടെന്നു എനിക്കറിയാം. സുധിച്ചേട്ടന്റെ പ്രെസെൻസ് ഇവിടെയുണ്ട്. അത് മറ്റാർക്കും അറിയില്ലെങ്കിലും എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്. എന്റെ കിച്ചൂനും അത് മനസിലാവും. ഞങ്ങളോട് ഏട്ടൻ അങ്ങിനെയായിരുന്നു. അത്രയ്ക്കാഗ്രഹവുമായിരുന്നു സുധിച്ചേട്ടന് ഒരു വീട് എന്നത്. എനിക്ക് ഇത് കണ്ടിട്ട് മനസ് നിറയുകയാണ്. ഏതോ ലോകത്തല്ല ഇവിടെത്തന്നെയിരുന്നു കണ്ടു സുധി ചേട്ടൻ എല്ലാവരോടും നന്ദി പറയുന്നുണ്ട്. ഈ പണിയുന്ന വീട് ചേട്ടനുള്ളതാണ്, ഇവിടെ മുഴുവൻ ചേട്ടൻ ഉണ്ടായിരിക്കും. ചേട്ടന്റ സ്ഥാനം എന്നും ചേട്ടന് തന്നെ ഉണ്ടായിരിക്കും ഇവിടെ. ആ വീട്ടിൽ വേറെ ആർക്കും അങ്ങിനെ ഒരു സ്ഥാനം ഉണ്ടാവില്ല”- രേണു പറയുന്നു.
@All rights reserved Typical Malayali.
Leave a Comment