9 വയസ്സ് കൂടുതലുള്ള പെണ്ണിനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ വിമര്‍ശനവും കളിയാക്കലും, കമന്റ് ബോക്‌സ് ഡിസേബ്ള്‍ഡ് ആക്കി അഖില്‍

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇത് കല്യാണങ്ങളുടെ സീസണ്‍ ആണ്. കീര്‍ത്തി സുരേഷിന്റെയും നാഗ ചൈതന്യയുടെയും എല്ലാം കല്യാണ വാര്‍ത്തകള്‍ക്കൊപ്പമാണ് അക്കിനേനി കുടുംബത്തില്‍ നിന്ന് മറ്റൊരു വിവാഹ വാര്‍ത്ത കൂടെ പുറത്തുവന്നത്. അമലയുടെയും നാഗാര്‍ജുനയുടെയും മകന്‍, അഖില്‍ അക്കിനേനിയും വിവാഹിതനാകുന്നു എന്ന്.

സ്വകാര്യമായി നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം വാര്‍ത്ത പങ്കുവച്ച് അഖിലും അമലയും നാഗാര്‍ജുനയും സോഷ്യല്‍ മീഡിയയില്‍ എത്തി. ‘എന്നന്നേക്കുമായ എന്റെ പ്രണയത്തെ ഞാന്‍ കണ്ടെത്തി. സൈനബ് രവദ്ജിയുമായുള്ള എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു’ എന്ന് പറഞ്ഞ് അഖിലും, മരുമകളെ സ്വീകരിക്കുന്നു എന്ന് പറഞ്ഞ് അമലയും നാഗാര്‍ജുനയും പോസ്റ്റ് പങ്കുവച്ചു.

നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡിസംബര്‍ 4 ന് നടക്കാനിരിക്കെയാണ്, നവംബര്‍ 26 ന് അനിയന്‍ അഖിലിന്റെ വിവാഹം നിശ്ചയം നടന്നത്. രണ്ട് വിവാഹവും ഒരുമിച്ച് നടക്കുമോ എന്ന ചോദ്യത്തിനൊടുവില്‍, ഇല്ല അഖിലിന്റെ വിവാഹം 2025 ല്‍ ആയിരിക്കും എന്ന് കുടുംബം വ്യക്തത നല്‍കുകയും ചെയ്തു.

പിന്നാലെ അക്കിനേനി കുടുംബത്തിലേക്ക് വരുന്ന മരുമകള്‍ സൈനബ് ആരാണ് എന്ന് സോഷ്യല്‍ മീഡിയ തിരയാന്‍ തുടങ്ങി. ചിത്രകാരിയും അഭിനേത്രിയുമായ സൈനബിന്റെ എല്ലാ വിവരങ്ങളും ചികയുന്നതിനിടെയാണ് വയസ്സ് 39 ആണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 30 കാരനായ അഖിലിന് 39 കാരിയായ വധുവോ എന്ന് ചോദ്യത്തിലായി പിന്നെ ചര്‍ച്ചകള്‍.

വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷ വാര്‍ത്ത പങ്കുവച്ച പോസ്റ്റിന് താഴെ വിമര്‍ശിച്ചും കളിയാക്കിയും കമന്റുകള്‍ വരാന്‍ തുടങ്ങി. ഒരിക്കല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയതുകൊണ്ട് തന്നെ പരിഹാസത്തിന്റെ ആഴവും കൂടി. അവസാനം അഖില്‍ കമന്റ് ബോക്‌സ് ഡിസേബിള്‍ഡ് ആക്കിവയ്ക്കുന്നതുവരെയായി കാര്യങ്ങള്‍.

അതേ സമയം ഇരുവരുടെയും പ്രണയത്തെ പോസിറ്റീവായി കാണുന്നവരും ഉണ്ട്. ഈ കാലത്തും പ്രായത്തിന്റെ പേരില്‍ പ്രണയത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തുന്നു. തന്നെക്കാള്‍ ആറ് വയസ്സ് പ്രായക്കൂടുതലുള്ള അഞ്ജലിയെ സച്ചിന്‍ കല്യാണം കഴിച്ച കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാത്തത് മഹാ ഭാഗ്യം എന്നാണ് ആരാധകരുടെ പക്ഷം. അല്ലെങ്കില്‍ ഇത്തരം മോശം കമന്റുകള്‍ ആ ലെജന്റിനും നേരിടേണ്ടി വന്നേനെ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *