‘അർജുന് ഒരു മാസം പോലും 75,000 രൂപ ശമ്പളം കിട്ടിയിട്ടില്ല, മനാഫ് വൈകാരികത ചൂഷണം ചെയ്യുന്നു’; പ്രചാരണങ്ങൾക്കെതിരെ കുടുംബം രംഗത്ത്

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ സൈബറാക്രമണം നേരിടുന്നുവെന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ കുടുംബം. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് യൂട്യൂബ് ചാനലുകൾക്ക് നൽകുന്ന പ്രതികരണങ്ങൾക്ക് പിന്നാലെയാണ് കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കമൻ്റുകൾ വരുന്നതെന്ന് അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. മനാഫ് അടക്കമുള്ള ചില വ്യക്തികൾ വൈകാരികത മാർക്കറ്റ് ചെയ്യുകയാണ്. വൈകാരികതയെ ചൂഷണം ചെയ്യുന്നതിൽനിന്ന് മനാഫ് പിന്മാറണമെന്നും ജിതിന് ആവശ്യപ്പെട്ടു. അർജുൻ്റെ ഭാര്യയും മാതാപിതാക്കളും സഹോദരിയുമടക്കം ജിതിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

“അർജുനെ കണ്ടെത്തുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ ചില വ്യക്തികൾ ഈ വൈകാരികത മാർക്കറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങൾക്കെതിരെ അതിരൂക്ഷമായ സൈബറാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അർജുന് 75,000 രൂപ ശമ്പളം നൽകിയിരുന്നുവെന്നാണ് മനാഫ് യൂട്യൂബ് ചാനലുകളോട് പറഞ്ഞത്. അത്രയും രൂപ കിട്ടിയിട്ടുപോലും അവന് ജീവിക്കാൻ പറ്റുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇത് അടിസ്ഥാനരഹിതമായ കാര്യമാണ്. ഒരു മാസം പോലും അർജുന് 75,000 രൂപ കിട്ടിയതായി ഞങ്ങൾക്കോ അർജുൻ്റെ ഭാര്യക്കോ അറിവില്ല- – ജിതിൻ പറഞ്ഞു.
ഇസ്രയേലിന്റെ ലക്ഷ്യമെന്ത്? ലെബനനെ രണ്ടാക്കലോ?

കേട്ടാലറയ്ക്കുന്ന പ്രതികരണമാണ് ആളുകൾ നടത്തുന്നത്. “അർജുൻ്റെ പണമെടുത്ത് തിന്ന് ജീവിക്കുന്ന സഹോദരിമാർ, അനിയൻ, സഹോദരൻ”, “ഇത്തരക്കാർക്കൊപ്പം നിൽക്കുന്നതിലും നല്ലത് അർജുൻ മരിക്കുന്നതാണ്” എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിലെ കമൻ്റുകൾ. ആദ്യം ഞങ്ങൾ ഇത് വകവെച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കമൻ്റുകൾ പരിധിവിട്ടിരിക്കുന്നു” – ജിതിൻ പറഞ്ഞു.

‘കളിപ്പാട്ടം വല്ലാതെ വേദനിപ്പിച്ചു, ആ കുഞ്ഞുലോറിയാണ് എന്നെ ഇവിടെ എത്തിച്ചത്’; അർജുനായി സ്വന്തം ഫണ്ടുവരെ ചെലവഴിച്ച കാർവാർ എംഎൽഎ

“ഞങ്ങളെ വിശ്വസിക്കുന്നവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇപ്പോൾ പ്രതികരിക്കാൻ തീരുമാനിച്ചത്. അർജുനെ കാണാതായതിലുള്ള വൈകാരികത മനാഫ് ചൂഷണം ചെയ്തു. പല കോണുകളിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. അതു ഞങ്ങൾ സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. ഞങ്ങൾക്ക് അത്തരത്തിലൊരു ആവശ്യമില്ല. അർജുൻ്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കി നൽകിയിട്ടുണ്ട്. അർജുൻ്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഞങ്ങളുണ്ട്. അവരെ ഒരു പോറൽപോലും ഏൽപ്പിക്കാതെ സംരക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വൈകാരികതയെ ചൂഷണം ചെയ്യുന്നതിൽനിന്ന് മനാഫ് പിന്മാറണം എന്ന് അഭ്യർഥിക്കുന്നു”

അർജുൻ്റെ മകനെ നാലാമത്തെ കുട്ടിയായി താൻ വളർത്തുമെന്ന് മനാഫ് പറഞ്ഞത് എന്ത് അസംബന്ധമായ കാര്യമാണ്. അങ്ങനെയൊരു ആവശ്യകത ഞങ്ങൾ മുന്നോട്ടുവെച്ചോ. അർജുൻ്റെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിക്കും. നിലവിൽ ഞങ്ങൾക്ക് അതിന് ബുദ്ധിമുട്ടില്ല. ആരുടെയും മുന്നിൽ പോയി ഭിക്ഷ യാചിക്കേണ്ട അവസ്ഥ ഞങ്ങൾക്കില്ലെന്ന് മനാഫ് മനസ്സിലാക്കണം. ഞാനും സഹോദരങ്ങളും അർജുൻ്റെ ഭാര്യയും ജോലിക്ക് പോകുന്നുണ്ട്. അർജുൻ്റെ പണം ഞങ്ങൾ എടുത്തു ചെലവാക്കി അവനെ ദാരിദ്ര്യത്തിലാക്കിയെന്ന പ്രചാരണമാണ് നടക്കുന്നത്. സഹായിച്ചിട്ടില്ലെങ്കിലും കുത്തിനോവിക്കരുതെന്നും ജിതിൻ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *