ഞാൻ രണ്ട് തവണ ‍ജയിലിൽ കിടന്നിട്ടുണ്ട്; സിനിമയിൽ ഇപ്പോഴും സജീവമാണ്, പലരും വിളിക്കാറില്ല: ധർമജൻ ബോൾ​ഗാട്ടി

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ധർമജൻ ബോൾ​ഗാട്ടി. കഴിഞ്ഞ കുറേ കാലമായി ഇടക്കിടെ വാർത്തകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു ധർമജന്റേത്. മാത്രമല്ല ഈയിടെ രണ്ടാം വിവാഹം ചെയ്തു എന്ന പേരിൽ പല തരത്തിലുള്ള ട്രോളുകളായിരുന്നു ധർമജൻ നേരിട്ടത്. പലരും ആ വാർത്ത കണ്ട് തെറ്റായ വ്യാഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ഒരു വട്ടം കൂടെ മക്കളുടെ ആ​ഗ്രഹപ്രകാരം വിവാഹം ചെയ്തു എന്നായിരുന്നു ധർമജൻ പറഞ്ഞത്.

സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ധർമജൻ ടെലിവിഷൻ രം​ഗത്ത് എത്തുന്നത്. പിന്നീട് ബഡായ് ബം​ഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. സിനിമയിൽ സജീവമായതിനു ശേഷവും സ്റ്റേജ് ഷേകളിൽ വന്നിരുന്നു. ധർമജൻ തന്റെ സിനിമാ ജീവിതവും മറ്റു വിശേഷങ്ങളുമായി മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ സംസാരിക്കുന്നു.

“എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ. ഇവിടെ ആരു സഹായം ചോദിച്ചു വന്നാലും എന്തെങ്കിലും സഹായം ചെയ്തിട്ടേ മടക്കി വിടാറുള്ളൂ. നല്ലത് ചെയ്തിട്ട് ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. നല്ലതിനും ചീത്ത കാര്യത്തിനുമെല്ലാം ജയിലിൽ കിടന്നു. നല്ല കാര്യത്തിന് ജയിലിലായത് വാട്ടർ അതോറിറ്റി തല്ലി തകർത്തതിന്റെ പേരിലാണ്. അതായത് ഞാനൊരു കോൺ​ഗ്രസുകാരനാണ്. മാത്രമല്ല നിയമസഭാ ഇലക്ഷന് ഞാൻ മത്സരിച്ചിരുന്നു. ഈ ഭാ​ഗത്തായി കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നു. അതിന്റെ പേരിൽ സമരം നടത്തി. അവസാനം വാട്ടർ അതോറിറ്റി തല്ലി തകർത്തു എന്ന രീതിയിൽ കേസ് വന്നു.”

കുറച്ച് കാലമായി ധർമജൻ സിനിമകളിൽ അത്ര സജീവമല്ല. വളരെ കുറച്ച് സിനിമകൾ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. ഇപ്പോൾ കോമഡി കൈകാര്യം ചെയ്യാൻ നിരവധി താരങ്ങൾ മുൻപന്തിയിലേക്ക് വരുന്നുണ്ട്. അതിനാൽ പല സിനിമകളിലേക്കും അവസരം കിട്ടാറില്ലെന്ന് ധർമജൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒരേ ഒരു സിനിമ മാത്രമാണ് ധർമജന്റേതായി റിലീസ് ചെയ്തത്. ഈ വർഷം ദിലീപ് നായകനായി എത്തിയ പവി കെയർ ടെയ്ക്കർ എന്ന സിനിമയാണ്. മാത്രമല്ല സ്റ്റേജ് ഷോകളിലും ധർമജൻ പ്രത്യക്ഷപ്പെടാറില്ല.

“ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. പക്ഷേ ആരും എന്നെ വിളിച്ചില്ല എന്നു മാത്രം. ഒരു സിനിമയിലൂടെ തന്നെ നിരവധി ആർട്ടിസ്റ്റുകൾ വരുന്നുണ്ട്. അപ്പോൾ പിന്നെ എനിക്ക് തരേണ്ട ശമ്പളം പോലും അവർക്ക് വേണ്ടി വരില്ല. അങ്ങനെയുള്ളപ്പോൾ പുതിയ ആളുകൾക്ക് അവസരങ്ങൾ ലഭിക്കും. എന്നെ അറിയാവുന്നവർ ആണെങ്കിൽ മാത്രം വിളിക്കും. ധർമജൻ തന്നെ ആ കഥാപാത്രം ചെയ്യണം എന്ന് ആ​ഗ്രഹിച്ച് വിളിക്കുന്നവർ മാത്രമാണ് ഇപ്പോൾ കൂടുതലും.” “സിനിമ എന്നെ അത്രയും ഭ്രമിപ്പിച്ചിട്ടില്ല. ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ​ഗ്രഹിച്ചതിലും കൂടുതൽ എനിക്ക് തന്നിട്ടുണ്ട്. 10 വർഷം കൊണ്ട് ഏകദേശം 130ൽ കൂടുതൽ അഭിനയിച്ചിട്ടുണ്ട്.” ധർമജൻ ബോൾ​ഗാട്ടി പറഞ്ഞു. സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ തനിക്ക് 125 രൂപയാണ് കിട്ടിയിരുന്നത് എന്നും അതിൽ പിന്നെയാണ് കരിയറിൽ വളർച്ച ഉണ്ടായതെന്നും ധർമജൻ പറഞ്ഞു. യേശുദാസ് മുതൽ നിരവധി ആളുകൾക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യാൻ പറ്റിയെന്നും നിരവധി പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചെന്നും ധർമജൻ കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *