പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും പേടിപ്പിച്ചും കടന്നു പോയ ഗിരീഷ് പുത്തഞ്ചേരി; അതുല്യ കലാകാരൻ തിരക്കഥയും കഥയുമൊരുക്കിയ ചിത്രങ്ങൾ

പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും പേടിപ്പിച്ചും കടന്നു പോയ ഗിരീഷ് പുത്തഞ്ചേരി; അതുല്യ കലാകാരൻ തിരക്കഥയും കഥയുമൊരുക്കിയ ചിത്രങ്ങൾ.​ഗിരീഷ് പുത്തഞ്ചേരി എന്ന പേരിന് തന്നെയുണ്ട് കേരളത്തിൽ ഒട്ടേറെ ആരാധകർ. അദ്ദേഹത്തിന്റെ ഓരോ വരിയും അത്രമേൽ ആഴമുള്ളതായിരുന്നു. മനുഷ്യവികാരങ്ങളെ മുഴുവൻ അദ്ദേഹം തന്റെ വരികളിലൂടെ പുറത്തെടുത്തു. തന്റെ വരികൾ അഭിമുഖങ്ങളിലും മറ്റും ​ഗിരീഷ് പുത്തഞ്ചേരി തന്നെ പാടുമ്പോൾ പ്രേക്ഷകർക്ക് അത് കേൾക്കാനും ഏറെയിഷ്ടമാണ്.ഗിരീഷ് പുത്തഞ്ചേരിയോളം മനുഷ്യ ഹൃദയത്തെ ഇത്രമേൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു എഴുത്തുകാരനുണ്ടാകില്ല. അദ്ദേഹത്തിന്റെ പാട്ടും എഴുത്തുമെല്ലാം മറ്റൊരു ലോകത്തേക്കാണ് ആസ്വാദകരെ കൊണ്ടുചെന്നെത്തിക്കുക. ​അദ്ദേഹത്തെ ഓർക്കുമ്പോൾ ഒന്നല്ല ഒരായിരം ​ഗാനങ്ങൾ നമ്മൾ ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തും. നന്നായി സംസാരിക്കുന്ന നന്നായി കഥപറയുന്ന നന്നായി പാട്ടു പാടുന്ന ​ഗിരീഷ് പുത്തഞ്ചേരിയെ ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമായിക്കൊള്ളണമെന്നില്ല. വിരഹവും ഏകാന്തതയും പ്രണയവും സന്ദേഹങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും ഭക്തിയും കുസൃതിയുമെല്ലാം അദ്ദേഹത്തിന്റെ വരികളിൽ എല്ലായ്പ്പോഴും നിറഞ്ഞു നിന്നു. ​പദസമ്പത്തു കൊണ്ട് ജാലവിദ്യ കാട്ടി മലയാളികളെ ഒന്നടങ്കം ഒരു മായാവലയത്തിനുള്ളിലാക്കി അദ്ദേഹം. മുന്നൂറോളം സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾ, അതിൽ പലതും എന്നും മലയാളിയുടെ ചുണ്ടിൻ തുമ്പത്ത് വന്നുപോകുന്നു. എന്നാൽ പാട്ടെഴുത്തിന് പുറമേ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹമൊരുക്കിയിരുന്നു. മേലെപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, വടക്കുംനാഥൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ​ ഗിരീഷ് പുത്തഞ്ചേരി കഥയും തിരക്കഥയുമൊരുക്കിയ സിനിമകളിലൂടെയൊന്ന് സഞ്ചരിക്കാം.

വിജയൻ കരോട്ട് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രഹ്മരക്ഷസ്. കോട്ടയം പുഷ്പനാഥിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ​ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഹൊറർമൂവി ആയിട്ടായിരുന്നു ചിത്രമെത്തിയത്. ​ഗാനരചന നിർവഹിച്ചതും അദ്ദേഹം തന്നെ. ലാലു അലക്സ്, ദേവൻ, രേണുക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.മേലേ പറമ്പിൽ ആൺവീടെന്ന ചിത്രം എത്രത്തവണ കണ്ടിട്ടുണ്ടാകുമെന്ന് മലയാളികളോട് ചോദിച്ചാൽ ഒരുപക്ഷേ അതിന് കൃത്യമായി ഒരു കണക്ക് പറയാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥയെഴുതിയത് ​ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. രഘുനാഥ് പാലേരി തിരക്കഥയും സംഭാഷണവുമൊരുക്കിയ ചിത്രത്തിൽ ജയറാം, ജ​ഗതി, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, ശോഭന തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ​ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ, ഐഎസ് കുണ്ടൂർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷായിരുന്നു ഈണം പകർന്നത്. 1993 ലെത്തിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.
​ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലെത്തിയ മറ്റൊരു ചിത്രമായിരുന്നു പല്ലാവൂർ ദേവനാരായണൻ. കഥ, തിരക്കഥ, സംഭാഷണം, ​ഗാനങ്ങൾ എന്നിവയും അദ്ദേഹത്തിന്റേതായിരുന്നു. സംവിധായകൻ വിഎം വിനു 1999ൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ടൈറ്റിൽ റോളിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. വിഎം വിനു തന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്ത സിനിമകളിൽ ഒന്നുകൂടിയായിരുന്നു പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലായിരുന്നു ഈ മമ്മൂട്ടി ചിത്രം ഒരുങ്ങിയിരുന്നത്. മമ്മൂട്ടിക്ക് ഒപ്പം നെടുമുടി വേണു, ദേവൻ, ജഗദീഷ്, കവിയൂർ പൊന്നമ്മ, കലാഭവൻ മണി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു ഈണം പകർന്നത്. ചിത്രത്തിലെ പൊലിയോ പൊലി പൂക്കില നാക്കില നിറനാഴി അളന്നു പൊലി എന്ന ഗാനം മമ്മൂട്ടി തന്നെയാണ് പാടിയത്. സിനിമ ബോക്‌സോഫീൽ അന്ന് അത്ര വിജയം ആയില്ലെങ്കിലും പിന്നീട് മിനിസ്‌ക്രീനിൽ വന്നപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ശ്രീനിവാസൻ, മുകേഷ്, ജ​ഗതി, സിദ്ദിഖ് എന്നിവർ തകർത്തഭിനയിച്ച ചിത്രമായിരുന്നു കിന്നരിപ്പുഴയോരം. പ്രിയദർശന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ​ഗാനങ്ങളും ഒരുക്കിയത് ​ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. 1994 ലെത്തിയ ചിത്രത്തിന് ഇന്നും കിന്നരിപ്പുഴയോരം എന്ന ചിത്രത്തിന് ആരാധകരേറെയാണ്. എം.ജി രാധാകൃഷ്ണനായിരുന്നു ചിത്രത്തിന്റെ സം​ഗീതമൊരുക്കിയിരുന്നത്. ദേവയാനി എന്ന നടിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഇത്.2004 ൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു താഹ സംവിധാനം ചെയ്ത കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന ചിത്രം. ഈ സിനിമയുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്നു. കലൂർ ഡെന്നിസായിരുന്നു തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ​ഗിരീഷ് പു‍ത്തഞ്ചേരിയുടെ തന്നെ വരികൾക്ക് സം​ഗീതമൊരുക്കിയത് ഔസേപ്പച്ചനായിരുന്നു. എന്നാൽ തീയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടാൻ ഈ സിനിമയ്ക്ക് ആയില്ല.ഗിരീഷ് പുത്തഞ്ചേരി തിരക്കഥയൊരുക്കിയ മോഹൻലാൽ ചിത്രമായിരുന്നു വടക്കുംനാഥൻ. തിരക്കഥ മാത്രമല്ല വടക്കും നാഥന്റെ കഥ, സംഭാഷണം, ​ഗാനങ്ങൾ എന്നിവയും അദ്ദേഹത്തിന്റേതായിരുന്നു. 2006 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഷാജൂൺ കാര്യാൽ ആയിരുന്നു. രവീന്ദ്രൻ മാസ്റ്ററുടേതായിരുന്നു സം​ഗീതം. മോഹൻലാൽ, പദ്മപ്രിയ, പൊന്നമ്മ ബാബു, ബിജു മേനോൻ, കാവ്യ മാധവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രഹകൻമാരിലൊരാളായ എസ് കുമാർ ആയിരുന്നു ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ നൂറ് ദിവസം ഓടുകയും ചെയ്തിരുന്നു വടക്കും നാഥൻ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *