ആരാണ് ആ പ്രമുഖ നടന്‍, അത് കൂടെ പറയണം; ഇത്രയും പറഞ്ഞ സ്ഥിതിക്ക് പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയ പ്രതികരണം

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ, ആഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാള സിനിമ ഇന്റസ്ട്രിയെ അങ്ങേയറ്റം നാണംകെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ടിലെ ഓരോ വെളിപ്പെടുത്തലുകളും. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും, അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്ക് ഉയര്‍ത്തുന്ന ഭീകരതയെ കുറിച്ചും മുന്‍പ് പല നടിമാരും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടങ്കിലും ഇത്തരമൊരു ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ അത് മൊത്തം മലയാളം ഇന്റസ്ട്രിക്ക് തന്നെ അപമാനമായി മാറുന്നു.

പ്രമുഖനായ നടന്‍ വാതിലില്‍ മുട്ടുന്നു, സിനിമയില്‍ മാഫിയ നയിക്കുന്നത് പ്രമുഖ നടന്‍, അഡ്ജസ്റ്റ്‌മെന്റിന് എതിര്‍ത്താല്‍ ആലിംഗന സീനുകള്‍ക്ക് 17 റീട്ടേക്കുകള്‍ ചെയ്ത് പ്രതികാരം ചെയ്യുന്നു, സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍ നല്‍കുന്നു എന്നിങ്ങനെ പോകുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചര്‍ച്ചകളും പ്രതികരണങ്ങളും. എന്നാല്‍ ഈ പ്രമുഖര്‍ ആരൊക്കെയാണ് എന്ന് കൂടെ വെളിപ്പെടുത്തണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായ പ്രകടനങ്ങള്‍. ആ പ്രമുഖ നടന്‍ ആരാണെന്ന് കൂടെ പറയണം.

പീഡിപ്പിക്കുന്നവരുടെ പേര് വിവരങ്ങളും ആധാര്‍ നമ്പറും വരെ പുറത്തുവിടുന്ന ഈ കാലത്ത് സിനിമാപ്രമുഖര്‍ ആയതുകൊണ്ടാണോ പേര് വെളിപ്പെടുത്താത്ത്, ഇത്രയൊക്കെ വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ചവര്‍ എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല, ഇങ്ങനെ അടച്ചാക്ഷേപിക്കുന്നതിലും ഭേതം തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ, അതുകൊണ്ട് പേര് വെളിപ്പെടുത്തണം എന്നൊക്കെയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. നമ്മുടെ കൊച്ചു കേരളത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്, സിനിമ മാന്യന്മാരുടെ മുഖം ധരിച്ചവര്‍ വാഴുന്ന ലോകമാണോ എന്നൊക്കെയാണ് ചിലരുടെ സംശയം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും, ലിംഗ വിവേചനങ്ങളും എല്ലാ മേഖലയിലും നടക്കുന്നത് തന്നെയാണ്. പക്ഷെ സിനിമ പോലൊരു വലിയ ലോകത്ത് അത് അന്വേഷിക്കാനും, പഠിക്കാനും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധിച്ചത് വലിയ നേട്ടമാണ്. ഇനിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകന്‍ അച്ഛനൊപ്പമുള്ള ഫോട്ടോ സഹിതം പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത കള്ളന്‍, ചിരിക്കണ ചിരി കണ്ടാ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. അന്ന് തിലകനെ ഇന്റസ്ട്രിയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ചര്‍ച്ചകളും, തിലകനായിരുന്നു ശരി എന്ന പ്രതികരണങ്ങളും ഈ പോസ്റ്റിന് താഴെ വരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *