എന്നോട് യാത്ര പറഞ്ഞുപോയ പോക്കാണ്’! സാധാരണക്കാരുടെ കൂടെ നിന്നൊരു മനുഷ്യനാണ്; ജഗതിയെയും മണിയേയും കുറിച്ച് ജയറാം
മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നടൻ ജയറാം. അഞ്ചാം പാതിരായ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എബ്രഹാം ഓസ്ലെർ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് ജയറാം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം ഇത്രയും വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. കൂട്ടത്തിൽ അന്തരിച്ച അഭിനയ പ്രതിഭ കലാഭവൻ മണിയെ കുറിച്ചും നടൻ ജഗതി ശ്രീകുമാറിനെ കുറിച്ചും ജയറാം സംസാരിക്കുകയുണ്ടായി.
“അപരൻ എന്ന സിനിമ മുതൽ ജഗതി ചേട്ടൻ എന്റെ കൂടെയുണ്ട്. വിറ്റ്നസ് അമ്പിളി ചേട്ടൻ എഴുതിയ സിനിമയാണ്. ഞാൻ ആണോ മോഹൻലാൽ സാർ ആണോ എന്ന് അറിയില്ല, ഒരുപക്ഷെ ലാൽ സാർ കഴിഞ്ഞിട്ടാവും ഞാൻ. അങ്ങിനെ ആണെങ്കിലും ജഗതി ചേട്ടനുമായി ഏറ്റവും അധികം സ്ക്രീൻ ഷെയർ ചെയ്തിരുന്ന ഒരാൾ ആയിരുന്നു ഞാൻ. അതൊക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം. ഇത്രയും വലിയൊരു നടന്റെ കൂടെ ഇത്രയധികം സിനിമകൾ ചെയ്യാൻ എനിക്ക് സാധിച്ചില്ലേ. ജഗതി ചേട്ടന്റെ തിരിച്ചു വരവ് എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അവസാനത്തെ ഷോട്ട് ലാസ്റ്റ് വരേയ്ക്കും അദ്ദേഹം എന്റെ കൂടെയാണ് അഭിനയിച്ചത്. തിരുവമ്പാടി തമ്പാൻ എന്ന സിനിമയ്ക്ക് വേണ്ടി ആയിരുന്നു അത്. അവസാന ഷോട്ട് എന്റെ കൂടെത്തന്നെയായിരുന്നു. രാത്രി ഒന്നര മണിക്കാണ് ഞങ്ങൾ പിരിഞ്ഞത്. അടുത്ത ദിവസം ഒരേ സെറ്റിലേക്കാണ് ഞങ്ങൾക്ക് പോകാനുള്ളത്. രാവിലെ അവിടെ കാണാം എന്ന് എന്നോട് പറഞ്ഞു. എനിക്ക് ഒരു ഷോട്ട് കൂടി ഉണ്ടായിരുന്നു. രണ്ടുപേരുടേം വണ്ടി പോകാനായി തിരിച്ചിട്ടപ്പോൾ അമ്പിളി ചേട്ടൻ എന്ന ഒരു ഷോട്ട് കൂടി ഇല്ലേ ഞാൻ പോയേക്കട്ടെ, രാവിലെ അവിടെ കാണാം എന്ന് പറയുന്നു പോകുന്നു. ആ വരവിലാണ് അദ്ദേഹത്തിന് ആക്സിഡന്റ് ഉണ്ടായത്. ആ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ ലാസ്റ്റ് ഷോട്ട് കഴിഞ്ഞിട്ടാണ് അദ്ദേഹം പോയത്.
കലാഭവനിൽ മണി എത്തുന്നതിനു മുൻപ് ഞാൻ സിനിമയിൽ എത്തിയിരുന്നു. ഞാനും മണിയും ഒരുമിച്ചുള്ള നല്ല ഓർമ്മകൾ ഒരുപാടുണ്ട്. മണി ഒരു ട്രേഡ് മാർക്ക് പോലെ ആ ചിരി തുടങ്ങുന്നത് ദില്ലിവാല രാജകുമാരൻ സിനിമയുടെ സമയത്താണ്. അതിൽ ഒരു ഷോട്ടിൽ മണി ചിരിച്ചപ്പോൾ ഞങ്ങൾ എല്ലാവരും കുറേ പ്രാവശ്യം അങ്ങിനെ ചിരിക്കാൻ പറഞ്ഞു. അന്ന് ഞങ്ങൾ മണിയോട് പറഞ്ഞു ഈ ചിരി കാലങ്ങൾ നിലനിൽക്കാൻ പോകുകയാണ് എന്ന്. മണ്ണിൽ നിന്നൊരു മനുഷ്യനാണ്, സാധാരണക്കാരുടെ കൂടെ നിന്നൊരു മനുഷ്യനാണ്. എല്ലാവരും മണിയെ എന്നും ഓർക്കുന്നുണ്ടാവും. ചാലക്കുടിക്കാരുടെ കൂടെയുണ്ടായിരുന്ന അവരിൽ ഒരാളായിരുന്ന ആയിരുന്നു മണി. അതുകൊണ്ട് തന്നെ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല” – ജയറാം പറയുന്നു.
@All rights reserved Typical Malayali.
Leave a Comment