നസീര്‍ സാര്‍ വായിലേക്ക് ഒഴിച്ചതില്‍ ആസിഡുണ്ടായിരുന്നു! ശബ്ദം പോയതിന് പിന്നിലുണ്ടായ അപകടത്തെ പറ്റി കലാരഞ്ജിനി

കല്‍പന, ഉര്‍വശി എന്നീ നടിമാര്‍ക്ക് പുറമേ അവരുടെ മൂത്തസഹോദരിയായ കലാരഞ്ജിനിയും സിനിമയില്‍ നിറസാന്നിധ്യമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി ഇന്നും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതേ സമയം സഹോദരിമാരില്‍ നിന്നും വ്യത്യസ്തമായ ശബ്ദമാണ് കലാരഞ്ജിനിയുടേത്.

എന്നാല്‍ ശരിക്കും സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിലൂടെ തന്റെ ശബ്ദം പോയതാണെന്നാണ് കലാരഞ്ജിനിയിപ്പോള്‍ പറയുന്നത്. സൈജു കുറുപ്പിനൊപ്പം അഭിനയിക്കുന്ന ഭരതനാട്യം എന്ന സിനിമയുടെ വിശേഷങ്ങളുമായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാരഞ്ജിനി.

ഈ സിനിമയില്‍ എന്റെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് കലാരഞ്ജിനി ശബ്ദത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അത് സംവിധായകന്റെ ആശയം തന്നെയായിരുന്നു. ഞങ്ങളുടെ അമ്മയ്ക്ക് ഇതുപോലെ ശബ്ദമുണ്ടെങ്കില്‍ എന്ത് ചെയ്യും? വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുമോ? ഇല്ലല്ലോ. ഈ കഥാപാത്രം ഇങ്ങനെയാണ്. അതുപോലെ തന്നെ സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തന്നെ ഡബ്ബ് ചെയ്തതെന്ന് കലാരഞ്ജിനി പറയുന്നു. സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ടള്ളതായിട്ടും ഞാന്‍ സ്‌ട്രെയിന്‍ ചെയ്താണ് സംസാരിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് തോന്നും. ശരിക്കും ശബ്ദം പോയതിന് പിന്നില്‍ ലൊക്കേഷനില്‍ വച്ചുണ്ടായ ഒരു അപകടമാണെന്നാണ് കലാരഞ്ജിനി വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവമുണ്ടാവുന്നത്.

പ്രേം നസീറിനൊപ്പം ജോഡിയായി ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അതില്‍ എന്റെ കഥാപാത്രത്തിന്റെ വായില്‍ നിന്നും ചോര വരുന്ന രീതിയില്‍ അഭിനയിക്കുന്നൊരു സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറില്‍ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലെഡ് ആക്കുന്നത്. അന്നൊക്കെ സിനിമയില്‍ രക്തമായി കാണിക്കുന്നത് അങ്ങനെയാണ്.

ആ സീനെടുക്കുമ്പോള്‍ കൂടെ നസീര്‍ സാറും ഉണ്ട്. ഷോര്‍ട്ട് റെഡിയാവുമ്പോള്‍ രക്തം എന്റെ വായിലേക്ക് തരാമെന്ന് പറഞ്ഞ് നസീര്‍ സാര്‍ ഒഴിച്ച് തന്നു. അത് വായിലേക്ക് വന്നത് മാത്രമേ എനിക്കോര്‍മ്മയുള്ളു. പിന്നെ പുകച്ചില്‍ പോലെ എന്തോ ഒന്ന് സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാന്‍ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല. ശരിക്കും സംഭവിച്ചത്, ആ പൗഡറില്‍ വെളിച്ചെണ്ണ ഒഴിക്കുന്നതിന് പകരം ആസിഡാണ് ഒഴിച്ചത്. അസിസ്റ്റന്റ് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ വായിലെ സെന്‍സ് പോവുകയാണ് ചെയ്തത്. മാത്രമല്ല ശ്വാസനാളം ഡ്രൈയായി പോയി. അങ്ങനെയാണ് ശബ്ദം പോകുന്നത്. എനിക്കെന്ത് അസുഖം വന്നാലും ആദ്യം എഫക്ടാവുന്നത് ശബ്ദത്തെയായിരിക്കും. കുറേ ചികിത്സകളൊക്കെ ചെയ്‌തെങ്കിലും ശരിയായില്ല. പിന്നെ അതങ്ങ് പോവട്ടെ എന്ന് കരുതിയെന്നും നടി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *