‘അച്ഛാ..നിങ്ങളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു’: അച്ഛന്റെ ഓർമയിൽ ബിനു പപ്പു

വിടപറഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ ആയിട്ടും പ്രേക്ഷക മനസ്സിൽ മായാതെ ഇടംപിടിച്ച പ്രതിഭയാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ ഡലോ​ഗുകൾ സാമൂഹിക സാംസ്കാരി- രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ഇന്നും നിറ‍ഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വിടപറഞ്ഞിട്ട് ഇന്ന് 23 വർഷം തികയുകയാണ്. ഈ അവസരത്തിൽ മകൻ ബിനു പപ്പു കുറിച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“അച്ഛാ.. എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു”, എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേർ അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ച് കമന്റ് ചെയ്തു.

മൂടുപടം എന്ന ചിത്രത്തിലൂടെ ആണ് കുതിരവട്ടം പപ്പു സിനിമയിൽ എത്തുന്നത്. ഭാർഗവി നിലയം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പദ്മദളാക്ഷൻ എന്ന പേര്, കുതിരവട്ടം പപ്പു എന്നായി. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാർഗ്ഗവി നിലയത്തിൽ പത്മദളാക്ഷൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയിൽ ഭൂരിഭാഗവും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറി. കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാ പ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള പ്രിയം വർദ്ധിപ്പിക്കാൻ സഹായകരമായി. കാലമെത്ര കഴിഞ്ഞാലും ആ അതുല്യപ്രതിഭയെ ഇന്നും ആദരവോടെ നോക്കി കാണുകയാണ് മലയാളികൾ.

ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25 ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പപ്പു മരണത്തിനു കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അദ്ദേഹത്തിന്റെ പലവിധ ഭാവ വിശേഷങ്ങളും ട്രോളുകളിലൂടെ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ക്ക് പോകെപ്പോകെ മിഴിവേറി വരുന്നതേ ഉള്ളൂ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *