മെലിഞ്ഞ് ഉണങ്ങി ആകെ പരുവമായി… മധുവിനെ കാണാൻ ഷീല വന്നപ്പോൾ ഞെട്ടി.. ഇറങ്ങാൻ നേരം ഒരു ഉമ്മയും..
ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസ മൈന വരൂ… മധുരം നുള്ളി തരൂവെന്ന് പാടാത്തവരുണ്ടാകില്ല. അതുകൊണ്ട് തന്നെ പരീക്കുട്ടിയും കറുത്തമ്മയും മലയാളികൾക്ക് അനശ്വരരാണ്. ചെമ്മീനിലൂടെ സിനിമാപ്രേമികളുടെ മനസിൽ കയറിക്കൂടിയതാണ് മധു-ഷീല ജോഡി. ഇരുവരും ഒരുമിച്ച നാൽപ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷീലയ്ക്ക് ചേർന്ന നായകൻ പ്രേം നസീറാണെന്നാണ് സിനിമാപ്രേമികൾ പറയാറ്. എന്നാൽ കൂടെ അഭിനയിച്ചവരില്‍ ഏറ്റവും പ്രിയപ്പെട്ട നായകന്‍ ആരായിരുന്നുവെന്ന് ചോദിച്ചാൽ തെല്ലും ആലോചിക്കാതെ മധുവെന്ന പേര് അന്നും ഇന്നും ഷീല പറയും.
വാർധക്യസഹജമായ അവശതകളാൽ വിശ്രമ ജീവിതം നയിക്കുകയാണ് മധു. പൊതുപരിപാടികളിൽ പോലും പലപ്പോഴും വെർച്വലായി മാത്രമെ പങ്കെടുക്കാറുള്ളു. അതുകൊണ്ട് തന്നെ പരീക്കുട്ടിയേയും കറുത്തമ്മയേയും ഒരുമിച്ച് ഒരു ഫ്രെയിമിൽ മലയാളി കണ്ടിട്ട് നാളുകളേറെയായി.
ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനെ കാണാൻ ഷീല നേരിട്ടെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തിക്കുറിശ്ശി ഫൗണ്ടേഷൻ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസം ഷീല തിരുവനന്തപുരത്ത് എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത ഉടൻ ഷീല പോയത് പ്രിയപ്പെട്ട മധു സാറിനെ കാണാൻ അദ്ദേഹത്തിന്റെ കണ്ണന്മൂലയിലെ വീട്ടിലേക്കാണ്. പഴയ നായികയെ കണ്ടെതും പരീക്കുട്ടിയെപ്പോലെ ഊർജസ്വലനായി മധു. പൂക്കൾ നിറച്ച ബൊക്കയുമായി വന്ന ഷീല മധുവും ബന്ധുക്കളും മധുരം നൽകി സ്വീകരിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് പരസ്പരം കുശലാന്വേഷണവും ഫോട്ടോയ്ക്ക് പോസ് ചെയ്യലുമെല്ലാമായി.
ഫോട്ടോ എടുക്കാൻ ഷീല അടുത്ത് ഇരുന്നപ്പോൾ പതിവ് സ്റ്റൈലിൽ മധുവിന്റെ കമന്റ് വന്നു. കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ… പിന്നെ ഹാളിലാകെ ചിരി പടർന്നു. എത്രതന്നെ ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആൾക്കാരെ കണുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയായാണ് എന്നാണ് മധുവിനെ കണ്ട് മടങ്ങാൻ നേരം ഷീല പറഞ്ഞത്. പ്രിയപ്പെട്ട നായിക പോകാനിറങ്ങിയപ്പോൾ വീണ്ടും വരണമെന്ന് മധു ഓർമ്മിപ്പിച്ചു. ശേഷം കെട്ടിപിടിച്ച് ചുംബനവും നൽകിയാണ് മധു ഷീലയെ യാത്രയാക്കിയത്. ഇടയ്ക്കിടെ മധുവിനെ കാണാനും വിശേഷങ്ങൾ തിരക്കാനും ഷീല എത്താറുണ്ട്. മൂവി മാക്സ് യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലായതോടെ പരീക്കുട്ടിയേയും കറുത്തമ്മയേയും വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു ആരാധകർക്ക്. കറുത്തമ്മയേയും പരീക്കുട്ടിയേയും വീണ്ടും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം, മധുസാറും ഷീലാമ്മയും പ്രായം തളർത്താത്ത മലയാളത്തിൻെറ നിത്യ വസന്തങ്ങൾ.
രണ്ടാൾക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. മധു സാറിനെ കണ്ടതിൽ വലിയ സന്തോഷം. ഈ പ്രായത്തിലും അദ്ദേഹത്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ അപാരം തന്നെ, മധു സാർ നല്ല ഒരു മനുഷ്യൻ. വിനയവും പക്വതയും ഉള്ള നടൻ ഇന്നുള്ള നടന്മാരിൽ ഏറെ ഇഷ്ടം എന്നിങ്ങനെ നീളുന്നു കമന്റുകൾ. സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച സൃഷ്ടിക്കാത്ത വ്യക്തിയാണ് മധു എന്നാണ് മുമ്പൊരിക്കൽ അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്. കഴിഞ്ഞ വർഷമാണ് മധു തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്. കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉണ്ടാക്കിയ മധു ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു അദ്ദേഹം.
ഈയടുത്ത കാലത്താണ് അദ്ദേഹം സിനിമയിൽ നിന്ന് മാറി വീട്ടിലേക്ക് മാത്രം ഒതുങ്ങിയത്. തൊണ്ണൂറ്റിയൊന്നുകാരനായ താരം അവസാനമായി അഭിനയിച്ചത് മമ്മൂട്ടി ചിത്രം വണ്ണിലാണ്. ഷീലയും വളരെ സെലക്ടീവായി മാത്രമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.
@All rights reserved Typical Malayali.
Leave a Comment