മോൾ ഉണ്ടായിരുന്നതുവരെ ഓണം ആഘോഷിക്കുമായിരുന്നു, പിന്നെ ഓണമില്ല; സഹോദരങ്ങൾ കൊടുത്തുവിടുന്ന കറികൾ കൂട്ടി ചോറുണ്ണും
മോൾ ഉണ്ടായിരുന്നതുവരെ ഓണം ആഘോഷിക്കുമായിരുന്നു, പിന്നെ ഓണമില്ലെന്ന് പ്രശസ്ത ഗായിക ചിത്ര. അവൾ ഉണ്ടായിരുന്നതുവരെ നല്ല ആഘോഷം ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം എനിക്ക്ഓണമില്ല- ഏഷ്യാനെറ്റ് ന്യൂസിനോട് താരം പറയുന്നു.
സദ്യ ഒരുക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നു. എന്നാൽ പിന്നെ വന്ന ഓണത്തിന് ഒന്നും ഒരുക്കാറില്ല. ചോറ് വയ്ക്കും ഒരു ഒഴിച്ചുകറിയും. അല്ലാതെ പ്രത്യേകമായി ഒന്നും ചെയ്യില്ല. സഹോദരങ്ങളുടെ വീട്ടിൽ നിന്നും എന്തെങ്കിലും സ്പെഷ്യലായി കൊടുത്തുവിടുന്ന കറികൾ ഉണ്ടാകും. അതുകൂട്ടി ഓണം കഴിക്കും എന്നും ചിത്ര പറയുന്നു.
ചെറുപ്പകാലത്ത് നാട്ടിൻപുറത്തെ ഓണം ആയിരുന്നു. പൂ പറിക്കാൻ അടുത്തുള്ള വീടുകളിൽ നിന്നും പറിച്ചെടുക്കുമായിരുന്നു. ഊഞ്ഞാൽ ആട്ടവും, സദ്യയും,പുത്തൻ ഉടുപ്പും ഓണത്തിന്റെ ഓർമ്മകളിൽ ഉണ്ട്. ചെന്നൈയിൽ ആയശേഷം കാസറ്റുകൾ വരുമ്പോൾ ആണ് ഓണം വന്നല്ലോ എന്ന് ആലോചിക്കുന്നത്, തിരക്കുകളിൽ അങ്ങനെ ആയിരുന്നു. ഭക്ഷണം പോലും കിട്ടാതെ ഇരുന്ന ഒരു ഓണം പോലും ഉണ്ടായിട്ടുമുണ്ട്. റൈത്തയും, ചോറും മാത്രം കഴിച്ച നാളുണ്ട്. ഇപ്പോൾ ടിവിയിലെ വ്യത്യസ്ത പരിപാടികൾ കാണുന്നതാണ് ഓണം- ചിത്ര പറഞ്ഞു.
വയനാട് ഒരു തീരാ നൊമ്പരം ആണ്. ഞാനും എന്നാൽ കഴിയും പോലെ കൊടുത്തിരുന്നു. ആദ്യം മുതൽ അവർ ജീവിതം കെട്ടിപ്പടുക്കുകയാണ്. അതിനുള്ള ശക്തി ദൈവം കൊടുക്കട്ടെ- ചിത്ര പറയുന്നു.
മറ്റുള്ള നാടുകളിൽ ഓണം നമ്മളെക്കാൾ കൂടുതൽ ആഘോഷം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. വ്യത്യസ്ത പൂക്കളങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിൽ അധികം അങ്ങനെ നിന്നിട്ടില്ല എന്നതാണ് സത്യം. ഇത്തവണ ആദ്യമായിട്ടാണ് സമം എന്ന സംഘടനയിൽ ഭാഗമായി ഞാൻ. മനസ്സിന്റെ ഒരു ഭാഗത്ത് ദുഃഖം ഉണ്ടെങ്കിലും ചെറിയ രീതിയിൽ ആഘോഷം ഉണ്ടാകട്ടെ. കാരണം മലയാളികൾക്ക് മാത്രമുള്ളതാണല്ലോ ഓണം- ചിത്ര പറയുന്നു.
നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്ര. മലയാളികള്‍ക്ക് അവര്‍ ചിത്രചേച്ചിയാകുന്നത് അതുകൊണ്ട് കൂടിയാണ്.
@All rights reserved Typical Malayali.
Leave a Comment