ഞങ്ങളൊന്നിച്ചുള്ള ചിത്രങ്ങള്‍ കുറവാണ്! കാരണം ഞാനിപ്പോഴാണ് മനസിലാക്കിയത്! മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി ദുല്‍ഖര്‍ സല്മാന്
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാളാണ് ശനിയാഴ്ച. സിനിമാലോകത്തുള്ളവരും ഫാന്‍സുകാരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചിരുന്നു. ദുല്‍ഖറിനും കുടുംബത്തിനുമൊപ്പമായി ഇത്തവണ ചെന്നൈയിലാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. 12 മണിക്ക് കാണാനെത്തിയ ആരാധകരോട് വീഡിയോ കോളിലൂടെയായി അദ്ദേഹം നന്ദി പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ മകളായ മറിയത്തിനൊപ്പമായി കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന കൊച്ചുമകളെയാണ് ചിത്രത്തില്‍ കാണുന്നത്.
സഹപ്രവര്‍ത്തകരെല്ലാം മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇച്ചാക്ക എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ വെക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കിട്ടിരുന്നു. ക്ഷണനേരം കൊണ്ട് തന്നെ പോസറ്റ് വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മമ്മൂട്ടിക്ക്, എന്റെ സ്വന്തം മമ്മൂക്കാക്ക് പിറന്നാളാശംസ എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. മഞ്ജു വാര്യരും മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരുന്നു. ആരാധകരും മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലരായെത്തിയിരുന്നു.
ഏറ്റവും ഒടുവിലായാണ് ദുല്‍ഖര്‍ സല്മാന് ആശംസയുമായി എത്തിയിട്ടുള്ളത്. ദുല്‍ഖറിന്റെ കുറിപ്പും ഫോട്ടോയും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ ഒന്നിക്കുമ്പോള്‍ അധികം ഫോട്ടോ എടുക്കാറില്ല, പകരം അവര്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെയാണ് ഞങ്ങളും എന്ന് ദുല്‍ഖര്‍ പറയുന്നു. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാവില്ല എന്ന് ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയത്. സെല്‍ഫി എടുക്കാനോ, ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സമയം പാഴാക്കാതെ ഒന്നിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയായിരിക്കും അവര്‍. പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്യാനായി അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുന്നത് പതിവാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അധികം കാണുന്നില്ല. അതെന്ത് കൊണ്ടാണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാവുന്നത്. എന്റെ ഹീറോ, എന്റെ ബെസ്റ്റി, എന്റെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.
ഇന്ന് കണ്ടതില്‍ ഏറ്റവും മികച്ച ഫോട്ടോയും ആശംസയും എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബിസിനസ് രംഗത്ത് ജോലി ചെയ്തതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്. തുടക്കത്തില്‍ താരപുത്രന് ഇമേജ് ഗുണമായെങ്കിലും പിന്നീട് കഴിവ് തെളിയിച്ച് സ്വയം മുന്നേറുകയായിരുന്നു ദുല്‍ഖര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അദ്ദേഹം സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. വാപ്പച്ചിയും മകനും എന്നാണ് ഒന്നിച്ചൊരു സിനിമയെന്നാണ് ആരാധകര്‍ ചോദിക്കാറുള്ളത്.
@All rights reserved Typical Malayali.
Leave a Comment