മഞ്ജു വാര്യര്‍ക്ക് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്, മലയാളം ഉപേക്ഷിക്കുകയാണോ? ഇനി വരാനുള്ളത്?

ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ 46 വയസ്സിലേക്ക് കടക്കുകയാണ്. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകളും സ്‌നേഹവും അറിയിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നു. മഞ്ജുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ പുതിയ ചിത്രമായ വേട്ടൈയന്‍ ചിത്രത്തിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. രജിനികാന്തിനൊപ്പം മഞ്ജു തകര്‍ത്താടിയ ആ ഗാന രംഗമാണ് ഇന്ന് ട്രെന്റിങ് ആയി നില്‍ക്കുന്നത്.

നിലവില്‍ മഞ്ജു വാര്യര്‍ക്ക് ഒരു വിജയം കരിയറില്‍ അത്യാവശ്യമായി വേണ്ട സമയമാണിത്. മലയാളത്തില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് നടി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫൂട്ടേജ് എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നിരുന്നാലും അതൊരു ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിയിട്ടില്ല. അതിന് മുന്‍പ് റിലീസ് ചെയ്ത വെള്ളരിപ്പട്ടണം, അയിഷ, മേരി ആവാസ് സുനോ പോലുള്ള തകര്‍ച്ചയുടെ ക്ഷീണം മാറ്റേണ്ട സമയമായി.

അതേ സമയം മഞ്ജുവിന്റേതായി ഇനി വരാനുള്ളത് വലിയ പ്രതീക്ഷയുള്ള സിനിമകളാണ്. മലയാളത്തില്‍ എംപുരാന്‍ ഈ പറഞ്ഞ എല്ലാ പരാജയങ്ങളുടെയും ക്ഷീണം മാറ്റാന്‍ സാധ്യതയുള്ള സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ മൂന്നാമത്തെ സിനിമയാണ്. മോഹന്‍ലാലിന്റെ എംബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിനൊപ്പം മഞ്ജുവിന്റെ പ്രിയദര്‍ശിനി രാമദാസന്‍ എന്ന കഥാപാത്രവും എത്തരത്തില്‍ മാറും എന്നാറിയാനാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

അതേ സമയം മലയാളത്തില്‍ എംപുരാന്‍ അല്ലാതെ മറ്റൊരു സിനിമ മഞ്ജു ഏറ്റെടുത്തിട്ടില്ല, മറിച്ച് അന്യഭാഷ ചിത്രങ്ങളില്‍ തിരക്കിലാണ്. അമൃകി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ പോകുകയാണ്. വേട്ടൈയന്‍ എന്ന ചിത്രത്തിന് പുറമെ വിജയ് സേതുമതി – വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിടുതലൈ പാര്‍ട് 2 യും മഞ്ജു വാര്യര്‍ ഫാന്‍സിന് വലിയ പ്രതീക്ഷയുള്ള സിനിമയാണ്. മിസ്റ്റര്‍ എക്‌സ് ആണ് മഞ്ജുവിന്റേതായി തമിഴില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *