എത്ര വലിയ തിരക്കാണെങ്കിലും ഇത് നിര്‍ബന്ധം! കുടുംബത്തിലെ പ്രത്യേക നിര്‍ബന്ധത്തെക്കുറിച്ച് പത്മകുമാര്‍

അഭിനയവും സംവിധാനവും മാത്രമല്ല നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ് എംബി പത്മകുമാര്‍. കുടുംബത്തിലെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുണ്ട്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചും, എല്ലാവരും ഒന്നിച്ചുള്ളപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവേണ്ടതിനെക്കുറിച്ചുമൊക്കെയായിരുന്നു പുതിയ വീഡിയോയിലൂടെ പറഞ്ഞത്. ഇവിടെ ഞങ്ങളും എന്ന ക്യാപ്ഷനിലൂടെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.

ഞങ്ങളിങ്ങനെ ചേര്‍ന്നിരിക്കുന്നത് വല്ലപ്പോഴുമാണ്. സത്യ ജോലിക്ക് പോയാല്‍ രണ്ടാഴ്ചയില്‍ ഒരിക്കലോ, ആഴ്ചയില്‍ ഒരുതവണയോ ആണ് വരുന്നത്. അഭിരാമി കോളേജില്‍ പോവും. ജോലിയുടെ ആവശ്യത്തിനായി ഞാനും വിവിധ സ്ഥലങ്ങളിലേക്ക് പോവാറുണ്ട്. ചിത്ര വീട്ടില്‍ തന്നെയുണ്ടാവും. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുന്‍പ് എല്ലാവരും ഫോണ്‍ ചെയ്ത് കണ്ട് സംസാരിച്ചിട്ടേ ഉറങ്ങാന്‍ പാടുള്ളൂ എന്നൊരു റൂള്‍ വെച്ചിട്ടുണ്ട് ഞങ്ങള്‍. നല്ലത് മാത്രം വരുത്തണം, മറ്റൊന്നും വരുത്തരുത്. നാളെത്തെയൊരു പ്രഭാതം നല്ലതായിരിക്കണം. മറ്റ് അസുഖങ്ങളൊന്നുമുണ്ടാവരുത്, സുരക്ഷിതരായിരിക്കണം എന്നൊക്കെ ഉറങ്ങുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കാറുണ്ട്.

രാവിലെ 8 മണിക്ക് മുന്‍പ് വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചിരിക്കണം എന്നതും നിര്‍ബന്ധമാണ്. 8 മണി കഴിഞ്ഞിട്ടും സത്യ വിളിച്ചില്ലെങ്കില്‍ മനസിന് ഒരാധിയാണ്. എന്തുപറ്റി, എന്താണ് വിളിക്കാത്തത്, ഇനി വല്ല അസുഖവുമായോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മനസില്‍ വരിക. ഒരുപാട് ചിന്തകള്‍ മനസില്‍ വന്ന് നമ്മള്‍ ഉരുകുക എന്നൊക്കെ പറയില്ലേ, അതുപോലെയാവും.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യവും ഇതുപോലെയായിരിക്കില്ലേ. പ്രാര്‍ത്ഥിച്ച്, നല്ലത് മാത്രം വരുത്തണമെന്ന് പ്രാര്‍ത്ഥിച്ചിട്ട് കിടന്നവരായിരിക്കില്ലേ അവരും. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട് ഉറങ്ങിയവരാണ്. ആ സ്വപ്‌നത്തില്‍ നിന്നും ഉണരാതെ, എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഈ ഭൂമുഖത്ത് നിന്നും പോവുകയായിരുന്നു. അവിടത്തെ കാഴ്ചകളൊക്കെ കണ്ട് നെഞ്ച് തകരുകയാണ്. കുറേ ദിവസങ്ങളായിട്ട് ഈ ലോകത്തോടൊപ്പം ഞാനും ഈ കുടുംബവുമൊക്കെ വേദനിക്കുകയാണ്.

നമ്മളെന്തൊക്കെ കാര്യങ്ങള്‍ ചെയ്താലും അവരുടെ മനസില്‍ ആളിക്കത്തുന്ന തീയില്‍ അവര്‍ സ്വയം ഉരുകിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ എന്തൊക്കെ കരുതല്‍ എടുത്താലും നേടിയാലും നമുക്ക് ജീവന്‍ തരുന്ന ജലം നമ്മളെ എടുത്തോണ്ട് പോവുമെന്ന് തെളിയിച്ചിരിക്കുകയാണ്. അടുത്തത് ആര്‍ക്കെന്നറിയാതെ ഉരുകി കഴിയുകയാണ് അവിടെയുള്ളവര്‍.

നമ്മള്‍ കുടുംബത്തില്‍ എല്ലാവരുമായി ഒന്നിച്ചിരിക്കുമ്പോള്‍ സ്‌നേഹത്തോടെ, പരസ്പര ബഹുമാനത്തോടെ, ഒന്ന് കെട്ടിപ്പിടിച്ച് സ്‌നേഹവും വിഷമങ്ങളും പങ്കുവെക്കുക. കെട്ടുറപ്പോടെയുള്ളൊരു കുടുംബത്തില്‍ ജീവിക്കുക. നമ്മുടെ പ്രിയപ്പെട്ടവരെയൊക്കെ ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്. നാളെകള്‍ നമ്മുടെ കൈയ്യില്‍ ഇല്ല, ഇന്നില്‍ സ്‌നേഹത്തോടെ സമാധാനത്തോടെ ജീവിക്കുക എന്നാണ് എനിക്ക് പറയാനുള്ളതെന്നും പറഞ്ഞായിരുന്നു പത്മകുമാര്‍ വീഡിയോ അവസാനിപ്പിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *