ലേലം ഹിറ്റാകുമ്പോള്‍ സോമേട്ടന് ആശുപത്രിയില്‍, മരണം പ്രതീക്ഷിച്ചിരുന്നില്ല; ഓര്മ പങ്കുവെച്ച് ഭാര്യ
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു എംജി സോമന്. ഗായത്രി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ സോമന് നിരവധി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. സിനിമകളില്‍ വില്ലനായും നായകനായും മാത്രമല്ല, സോമന് കാരക്ടര്‍ റോളുകളിലും തിളങ്ങിയിരുന്നു.
വന്നു കണ്ടു കീഴടങ്ങി, താളവട്ടം, സുഖമോ ദേവി, നന്ദി വീണ്ടും വരിക, സന്മനസുള്ളവര്ക്ക് സമാനാനം, ഹിസ് ഹൈനസ് അബ്ദുള്ള, വര്‍ണ പകിട്ട്, ഒരു യാത്രാമൊഴി, മനു അങ്കിള്‍, ഹിറ്റഅലര്, ലേലം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ലേലമാണ് സോമന് അവസാനമായി അഭിനയിച്ച ചിത്രം. ലേലം ചിത്രം 80-ാം ദിവസം ഓടുമ്പോള്‍ സോമന് ആശുപത്രിയിലാണെന്ന് പറയുകയാണ് ഭാര്യ സുജാത. സോമന് എയര്‍ഫോഴ്സിലായിരുന്ന കാലത്ത് താനുമായുള്ള വിവാഹത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സുജാത. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഞാന്‍ സോമേട്ടനെ കാണുന്നത് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടാണ്. കല്യാണം ആണെന്നറിയാം. അന്ന് എനിക്ക് 14 വയസേ ഉള്ളു. അമ്മ എന്നോട് പറഞ്ഞത്, അച്ഛന്റെ സുഹൃത്തുക്കള്‍ ആരോ വരുന്നുണ്ട് എന്നാണ്. അതൊക്കെ കഴിഞ്ഞാണ് അറിയുന്നത് ഇങ്ങനെ കാണാന്‍ വന്നതാണ് എന്നൊക്കെ. അന്നൊക്കെ പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കുന്ന കാലമാണ്. എനിക്ക് അന്നേ നല്ല ഉയരമായിരുന്നു. ഇത്രയും ഉയരമുള്ള പെണ്‍കുട്ടിക്ക് ചെറുക്കനെ കിട്ടുമോ എന്ന് അമ്മയ്ക്ക് പേടിയായിരുന്നു എന്നും സുജാത പറയുന്നു.
അന്ന് സോമേട്ടന് എയര്‍ഫോഴ്സിലാണ്. അതൊക്കെ കൂടി ആയപ്പോള്‍ എല്ലാവര്ക്കും ഇഷ്ടമായി. സോമേട്ടനെ കാണാന്‍ നല്ല സുന്ദരനായിരുന്നു. അച്ഛന്റെ കൂട്ടുകാരാണെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചേ ഇല്ല. കല്യാണം കഴിഞ്ഞ് വരുന്ന വഴി ഇടയ്ക്ക് ഒരു വീട്ടില്‍ ഇറങ്ങി നിന്നു. അപ്പോഴാണ് നേരിട്ട് കാണുന്നത്. താലി കെട്ടുന്ന സമയത്ത് പോലും സോമേട്ടനെ കണ്ടിട്ടില്ല. അന്ന് സോമന് ചേട്ടന് 27 വയസാണ് ഉള്ളത്. വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് സിനിമയില്‍ സജീവാകുന്നത്. ഗായത്രി എന്ന സിനിമയിലൂടെയാണ് വരുന്നത്. സോമേട്ടന് അധികം വീട്ടില്‍ നില്ക്കാന് കഴിയാത്തതുകൊണ്ട് ഞങ്ങള്‍ എല്ലാവരും സെറ്റിലൊക്കെ കൂടെ പോകുമായിരുന്നു.
സോമേട്ടനാണെന്ന് തോന്നുന്നു ആദ്യമായി സെറ്റില്‍ കുടുംബത്തെ ഒക്കെ കൊണ്ടു വന്നു തുടങ്ങിയതെന്നും സോമന്റെ ഭാര്യ പറഞ്ഞു. സോമേട്ടനെ ഒറ്റയ്ക്ക് കിട്ടില്ല. എപ്പോഴും കൂടെ ആള്ക്കാര് കാണും. എന്നോടായാലും കുട്ടികളോടായാലും ഒന്നിനും വേണ്ട എന്ന് പറയുന്ന പ്രകൃതമായിരുന്നില്ല സോമന്. പക്ഷെ മരണം ആരും പ്രതീക്ഷിക്കാത്ത സമയത്താണ് വന്നത്.
സോമേട്ടന് ലിവറിന് അസുഖമായിരുന്നു. എന്നാലും പെട്ടെന്ന് മരണം സംഭവിക്കും എന്നൊന്നും അദ്ദേഹവും ചിന്തിച്ച് കാണില്ല. ലിവര്‍ സിറോസിസ് ആയിരുന്നു. എറണാകുളം പിവിഎസിലായിരുന്നു. ഡോക്ടര്‍ സോമന്റെ സുഹൃത്ത് തന്നെയായിരുന്നു. 56-ാം വയസിലാണ് മരിക്കുന്നത്. ലേലം ആണ് അവസാനം കണ്ട സിനിമ. ലേലം ഞങ്ങള്‍ ഒരുമിച്ച് പോയാണ് കണ്ടത്. അത് കഴിഞ്ഞ് ജമ്മു കശ്മീരില്‍ പോയി വരുമ്പോഴേക്കാണ് അസുഖം അധികമാവുന്നത്. മോളുടെ അടുത്ത് പോകാനുള്ള ഇഷ്ടത്തിന് ഇറങ്ങിയതാണ്. അല്ലെങ്കില്‍ നേരെ ആശുപത്രിയില്‍ പോവേണ്ടതാണ്. അവിടെ എത്തിയപ്പോള്‍ തന്നെ വയ്യായിരുന്നു. ജമ്മുവില്‍ നിന്ന് തിരികെ വരുമ്പോഴേക്കും അസുഖം അധികമായിരുന്നു. സിനിമയുടെ 80-ാം ദിവസത്തിന്റെ പോസ്റ്റര്‍ എല്ലാം ചുമരില്‍ കാണുന്ന സമയത്ത് അദ്ദേഹം ആശുപത്രിയില്‍ സീരിയസ് ആയി കഴിയുന്ന സമയമാണ് എന്നും സുജാത പറയുന്നു.
@All rights reserved Typical Malayali.
Leave a Comment