പോകാന്‍ ഇനി ആഗ്രഹിക്കുന്ന സ്ഥലം, യാത്ര പോകുമ്പോള്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത്; ആദ്യമായി വിസ്മയ മോഹന്‍ലാല്‍ പറയുന്നു
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും അച്ഛന്റെ സ്റ്റാര്‍ഡത്തിന്റെ നിഴലില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്തവരാണ്. ആഗ്രഹിച്ച് അഭിനയ ലോകത്തേക്ക് എത്തിയ ആളല്ല പ്രണവ് മോഹന്‍ലാല്‍, യാത്രകള്‍ ചെയ്യാനുള്ള പണത്തിന് വേണ്ടി അസിസ്റ്റന്റ് ഡയരക്ടറായി സിനിമാ ജീവിതം ആരംഭിച്ച പ്രണവ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തില്‍ നില്‍ക്കുകയാണ്.
തന്റെ യാത്രകള്‍ക്കിടയില്‍, ഇടയ്ക്ക് ചില സിനിമകള്‍ ചെയ്യുമെങ്കിലും അഭിമുഖങ്ങളിലൊന്നും പ്രണവ് പങ്കെടുക്കാറില്ല. അത് പോലെ തന്നെയാണ് മകള്‍ വിസ്മയ മോഹന്‍ലാലും, പൊതു വേദികളില്‍ ഒന്നും പ്രത്യക്ഷപ്പെടാത്ത, തന്റേതായ യാത്രകളിലും വായനകളിലും എല്ലാം പുതിയ ലോകം സൃഷ്ടിച്ച വിസ്മയ മോഹന്‍ലാലിന് എന്തൊക്കെയാണ് പറയാനുള്ളത് എന്ന് മലയാളികള്‍ക്ക് അറിയില്ല. ആ സാഹചര്യത്തില്‍ ഇതാ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി നല്‍കിയ ഒരു അഭിമുഖം വൈറലാവുന്നു.
ലിഡിയ എന്ന ട്രാവല്‍ ബ്‌ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ തന്റെ യാത്രകളെ കുറിച്ചം ഇഷ്ടങ്ങളെ കുറിച്ചും എല്ലാം തുറന്ന് പറയുന്നത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിത സമാഹാരം എഴുതിയ മായ വളരെ ജെനുവിന്‍ ആയിട്ടുള്ള വ്യക്തിയാണെന്നാണ് ലിഡിയ പറയുന്നത്. മധുരമായി, വളരെയധികം വിനയത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്.
തായിലാന്റിലെ യാത്രാനുഭവങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. അവിടെയുള്ള ബീച്ചില്‍ ചിലവഴിച്ച മനോഹരമായ നിമിഷങ്ങള്‍, ബൈക്ക് റൈഡ് എല്ലാം ആസ്വദിച്ചു. തിരിച്ചു പോയാലും വരാന്‍ എപ്പോഴും ആഗ്രഹിക്കുന്ന സ്ഥലമാണ് ഇതെന്ന് മായ പറയുന്നു. ഇനി പോകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു സ്ഥലം ജപ്പാനാണ്. അവിടെ പോകുമ്പോള്‍ കെഞ്ചുത്സു പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഇറ്റലിയിലും പോകാന്‍ ആഗ്രമുണ്ട്. അവിടെ എല്ലാ കലകള്‍ കാണാനും ഭക്ഷണം കഴിക്കാനുമാണ് ആഗ്രഹം.
എന്റെ കുട്ടിക്കാലം ഞാന്‍ കൂടുതലും ചെലവഴിച്ചത് ഊട്ടിയിലാണ്. അന്ന് അവിടം ഇന്നത്തെ അത്രയും വികസിച്ചിരുന്നില്ല. മരങ്ങള്‍ കയറിയും, തടാകങ്ങളില്‍ നീന്തിയും, ഉപ്പും മുളകും ചേര്‍ത്ത പച്ചമാങ്ങകള്‍ പോലെയുള്ള തെരുവ് ഭക്ഷണം കഴിച്ചും, ധാരാളം ചായ കുടിച്ചും ഞങ്ങള്‍ വളര്‍ന്നു. ലളിതമായ കാര്യങ്ങളാണ് ഏറ്റവും മാന്ത്രികമായത് – ആ നിമിഷങ്ങളിലേക്ക് തിരികെ പോകാന്‍ ഞാന്‍ എന്തും നല്‍കും. അത് എന്നെ വല്ലാതെ നൊസ്റ്റാള്‍ജിക് ആക്കുന്നു. എന്റെ ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉള്ള സ്ഥലമാണ് ഊട്ടി.
യാത്രകള്‍ ചെയ്യുമ്പോള്‍, ഇന്ത്യയില്‍ അല്ലാതിരിക്കുമ്പോള്‍ ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്റെ കുടുംബത്തെയും പെറ്റ് ഡോഗുകളെയും ഒക്കെയാണ് എന്ന് മായ പറയുന്നു. അക്കൂട്ടത്തില്‍ ദോശയും മിസ് ചെയ്യുമത്രെ. കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം അപ്പുവും സ്റ്റൂവും ആണ്. സൗത്ത് ഇന്ത്യന്‍ ഫുഡ് ആണ് ഏറ്റവും ഇഷ്ടം, അത് കഴിഞ്ഞാല്‍ തായി ഫുഡ് ഐറ്റംസ്. ഖാവോ സോയി എനിക്ക് ഭയങ്കര ഇഷ്ടമാണ്.
തിരികെ പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് മനസ്സില്‍ ഒന്നും വരുന്നില്ല. പക്ഷേ എനിക്ക് ന്യൂയോര്‍ക്കുമായി ഒരു പ്രണയവും വിദ്വേഷവും കലര്‍ന്ന ബന്ധമുണ്ട്. ഞാന്‍ അവിടെ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചിരുന്നു, എനിക്ക് തിരികെ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും, തീര്‍ച്ചയായും അവിടെ വീണ്ടും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
തന്റെ പുസ്തകത്തെ കുറിച്ചും മായ സംസാരിക്കുന്നുണ്ട്. ഒരിടത്തിരുന്നു, എങ്കില്‍ ഒരു പുസ്തകം എഴുതിക്കളയാം എന്ന് കരുതി ഭയങ്കര കോണ്‍സട്രേഷനോടെ എഴുതിയതല്. പലപ്പോഴായി എഴുതിവച്ചിരുന്ന കവിതകള്‍ എല്ലാം ശേഖരിച്ച് പുസ്തകമാക്കിയതാണ്. അതിന്റെ രണ്ടാം ഭാഗം എഴുതാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഞാന്‍.
എന്താണ് പ്രചോദനം എന്ന് ചോദിച്ചാല്‍, എഴുതുകയോ വരയ്ക്കുകയോ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ എന്നില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കുമ്പോഴാണ്. കേള്‍ക്കുന്ന സംഗീതവും പെയിന്റിങും യാത്രകളും എല്ലാം അതിന് പ്രചോദനമാണ്. ഒരു ഫലവുമില്ലാതെ ഒരു പെയിന്റിംഗ് ആരംഭിക്കാന്‍ ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടുന്നു, അത് ഒന്നായി ആരംഭിച്ച് പൂര്‍ണ്ണമായും മറ്റൊന്നായി മാറാം, അതില്‍ തന്നെ അത് പ്രചോദനമാകും. അര്‍ത്ഥമുണ്ടെങ്കില്‍, പെയിന്റിംഗ് സാവധാനം സ്വയം വെളിപ്പെടുത്തുന്നതുപോലെ. എലീന ഫെറാന്റെ എന്ന എഴുത്തുകാരിയെയാണ് ഏറ്റവും ഇഷ്ടം എന്നും മായ മോഹന്‍ലാല്‍ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment