ഇവരെയൊക്കെ കണ്ടാണ് ഞങ്ങള്‍ സിനിമയിലേക്ക് വന്നത്, സിനിമ ഇന്റസ്ട്രി ആരുടെയും തറവാട് വക സ്വത്തല്ല; തന്റെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വ്വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ചില നടിമാരുടെ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും എല്ലാം നിറയുന്നത്. ഓരോ ദിവസവും പുതിയ പുതിയ നടിമാര്‍ രംഗത്ത് വരുന്നു, പല പ്രമുഖരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു. സിനിമാ കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ ഇനിയും തുടരും എന്നാണ് വിവരം. എങ്ങനെയായാലും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് തങ്കലാന്റെ പ്രമോഷന്‍ സമയത്ത് തമിഴ് നടി രമ്യയുടെ പോട്കാസ്റ്റ് വീഡിയോയില്‍ പാര്‍വ്വതി തിരുവോത്ത് സംസാരിച്ച കാര്യങ്ങള്‍ വൈറലാവുന്നത്. ഡബ്ല്യുസിസിയിലൂടെ ഇതിനൊക്കെ തുടക്കം കുറിച്ച നടി എന്ന നിലയില്‍ പാര്‍വ്വതി തിരുവോത്ത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്ന സാഹചര്യത്തിലാണ് നടിയുടെ തുറന്നു പറച്ചിലും വാര്‍ത്തയാവുന്നത്.

ഇന്റസ്ട്രിയില്‍ ഇത്തരത്തിലുള്ള ലൈംഗിക ചുവയുള്ള സംസാരവും പെരുമാറ്റവും തനിക്കും നേരിട്ടിട്ടുണ്ട് എന്ന് പാര്‍വ്വതി പറയുന്നു. പതിനേഴ് – പതിനെട്ട് വയസ്സില്‍ ഇന്റസ്ട്രിയിലേക്ക് വന്നപ്പോള്‍ നേരിട്ടത് അത്ര സുഖകരമായ അനുഭവങ്ങള്‍ അല്ലായിരുന്നു. ശരീരം നോക്കി, ഇത്രയേയുള്ളൂ, പാഡ് വച്ചിട്ട് വാ എന്നൊക്കെ അമ്മയുടെ മുന്നിലിരുന്ന് പറഞ്ഞവരുണ്ട്. പാഡ് ഉപയോഗിച്ചാല്‍ ഇപ്പോഴൊരു പെണ്ണായി എന്നായിരിക്കും കമന്റ്- പാര്‍വ്വതി പറഞ്ഞു.

‘അത് നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിന്നീട് തമാശയാണെന്ന് പറഞ്ഞ് തള്ളിക്കളയും. ഇവരുടെയൊക്കെ സിനിമ കണ്ടാണ് നമ്മള്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. പക്ഷെ അടുത്തിടപഴകുമ്പോള്‍ ഇങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്. നമുക്ക് പ്രതികരിക്കാന്‍ സാധിക്കുന്നു. തുറന്ന് പറയാന്‍ സാധിക്കുന്നു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങാം. പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് സിനിമ ആരുടെയും തറവാട് വക സ്വത്തല്ല എന്നതാണ്. എല്ലാവര്‍ക്കും ഇവിടെ തുല്യ പ്രാധാന്യമാണ്.

സിനിമ സെറ്റില്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണം എന്നത് നിയമാണ്. അല്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നത് നിയമപരമായി തെറ്റാണ്. അത് ആവശ്യപ്പെടാനുള്ള അറ്റ്‌ലീസ്റ്റ് എന്റെ സെറ്റില്‍ അതുണ്ടെന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ കുറയുമായിരിക്കും. അതല്ലെങ്കിലും ഇപ്പോള്‍ അങ്ങനെയാണ്- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *