എനിക്ക് 40 വയസായി, മുൻപ് ചെയ്തിരുന്നതൊന്നും ഇപ്പോള്‍ പറ്റില്ല! ശാരീരികമായ മാറ്റങ്ങള്‍ വരുമെന്ന് സംയുക്ത വർമ്മ
മലയാള സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. നടന് ബിജു മേനോനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി സിനിമയില്‍ നിന്നും മാറി നിന്നത്. പിന്നെ കുറേ കാലത്തേക്ക് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇടയ്ക്ക് യോഗാഭ്യാസങ്ങള്‍ കാണിക്കുന്ന സംയുക്തയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഈ പ്രായത്തിലും അഭ്യാസങ്ങള്‍ കാണിച്ച് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോള്‍ തനിക്ക് നാല്പത് വയസായെന്നും ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും പറയുകയാണ് സംയുക്ത. യോഗ ചെയ്യുന്നതിന്റെ പ്രധാന്യത്തെ കുറിച്ചടക്കം മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് സംയുക്ത പറഞ്ഞത്.
എന്നും യോഗ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല. കാരണം ഞാനും തുടര്‍ച്ചയായി ഒരു കാര്യത്തിലും നില്ക്കുന്ന ആളല്ല. അതുകൊണ്ടാണ് എന്റെ ഭാരം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നത്. എന്റെ സഹോദരി നെതര്‍ലന്‍ഡ്സിലാണ്. ഇപ്പോള്‍ നാട്ടിലുണ്ട്. മൂന്ന് നാലു മാസമായി ഞാന്‍ ഇവിടെ അവരുമായി എന്ജോയ് ചെയ്യുകയാണ്.
രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. അതൊക്കെ തെറ്റാണ് ശരിക്കും. കുടുബത്തില്‍ എല്ലാവരും കൂടുന്ന സമയത്ത് അതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്. ഒന്നോ രണ്ടോ മാസം നമ്മളിങ്ങനെ നടക്കും. പിന്നെ പതുക്കെ പഴയ ട്രാക്കിലേക്കു വരും, വന്നേ മതിയാകൂ. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍.
എനിക്കിപ്പോള്‍ 40 വയസ് കഴിഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല. എന്റെ വയസ്സിലുളള ഒരുപാട് സ്ത്രീകളുണ്ടാവുമല്ലോ. നമുക്ക് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വരും. ഭക്ഷണം ഒരുപാട് ലേറ്റായി കഴിച്ചാല്‍ പ്രശ്നങ്ങളുണ്ടാകും. എനിക്കുമുണ്ട് പ്രശ്നങ്ങള്‍, അത് പണ്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല പത്തു കൊല്ലം മുന്‍പ് ഞാന്‍ ചെയ്തിരുന്ന പ്രാക്ടീസ് എനിക്കിപ്പോള്‍ ചെയ്യാനും പറ്റില്ല.
ശാരീരികമായി നമുക്ക് മാറ്റങ്ങള്‍ വരും. വയസ് കൂടുന്നതിന്റെയാണ്. അത് നമ്മള് ഉള്‍ക്കൊള്ളണം. അതൊക്കെ ഒരു സ്ട്രെസ്സ് ഫ്രീ ലൈഫിന്റെ ഒരു ഭാഗമായിട്ടാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഡയറ്റിന്റെ കാര്യത്തിലൊക്കെ സ്ട്രെസ്സ് ഉണ്ടാകുന്നത്. ഈ കുട്ടികളൊക്കെ ജനിക്കുമ്പോള്‍ മുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ഇപ്പോഴും കഴിക്കുന്നത്. ഇപ്പോഴുള്ള ഏത് കുട്ടികളാണ് ബര്‍ഗറും പിസയും ന്യൂഡില്‍സുമൊക്കെ കഴിക്കാത്തത്? അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ ഈ കൗമാരക്കാരോട് പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാകുമോ? കുട്ടികള്‍ അവര്‍ക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍ മുതല്‍ കഴിക്കുന്നതാണ് ഇതൊക്കെ. നമ്മള് തന്നെ ഉണ്ടാക്കി കൊടുക്കും. അപ്പോള്‍ അത് ദഹിപ്പിക്കാനുള്ള ശക്തി അവരുടെ ശരീരത്തിന് ഉണ്ട്. പക്ഷേ നമ്മള് തന്നെ പറയും ആവശ്യമില്ലാത്തത് കഴിക്കേണ്ട ചീത്തയാണ് എന്നൊക്കെ. ഇതൊക്കെ കുട്ടികള്‍ക്ക് സ്ട്രെസ്സ് ആയി മാറും.
എനിക്ക് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉണ്ടായിരുന്നു. ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംയുക്ത പറയുന്നു. അത് സ്ട്രെസ്സ് തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. ആ സമയത്തൊക്കെ ഷൂട്ടിങ്ങിനു പുറത്തു പോകുന്നത് പല സമയങ്ങളിലാണ്. രാത്രി ഒരുപാട് വൈകി കിടന്നുറങ്ങുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് പിസിഒഎസ് ഉണ്ടായിരുന്നത്. നമുക്ക് അസുഖങ്ങള്‍ വരാന്‍ പറ്റില്ല, അസുഖങ്ങളേ വരില്ല എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. പക്ഷേ വരുന്നത് അസുഖങ്ങളാണെങ്കിലും മാനസികമായിട്ടുള്ള പ്രശ്നങ്ങളാണെങ്കിലും വികാരങ്ങളാണെങ്കിലും അത് കൈകാര്യം ചെയ്യാന്‍ യോഗ പഠിപ്പിക്കും. ദഹിപ്പിക്കും എന്നു പറയും. നമ്മളെന്ത് കഴിച്ചാലും ദഹിക്കാനുള്ള ശക്തി നമുക്കുണ്ടാകണം. ശരീരം കൊണ്ടു മാത്രമല്ല മാനസികമായിട്ടും. പുറത്തു നിന്നൊരാള്‍ നമ്മളെ ചീത്ത പറയുകയോ പുച്ഛിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ നമ്മുടെ മനസ്സ് അതിനെ ദഹിപ്പിക്കണം. ദഹിപ്പിച്ച് പുറത്തേക്കു കളയണം.
അത് നമ്മുടെ ശരീരത്തില്‍ നിന്ന് കളയേണ്ടതാണ്. ഇമോഷന്‍സും അങ്ങനെ തന്നെയാണ്. ഇപ്പോഴുള്ള അധികം പേര്‍ക്കും ഈ ഇമോഷന്‍സ് ദഹിപ്പിക്കാനുള്ള ശക്തിയില്ല. അതാണ് ആത്മഹത്യയിലേക്കു വരെ കാര്യങ്ങള്‍ എത്തിക്കുന്നത്. കരച്ചില് വന്നാല്‍ കരയുക. അതിന് ശക്തി വേണം..
@All rights reserved Typical Malayali.
Leave a Comment