ബസിനുള്ളില്‍ വെച്ചാണ് അച്ഛന്‍ മരിച്ചതറിയുന്നത് പെട്ടന്ന് കൈയ്യിലുണ്ടായിരുന്ന ചില്ലറയെല്ലാം താഴെ വീണു- സെന്തില്‍ കൃഷ്ണ
മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായി പിന്നീട് സീരിയലുകളിലും സിനിമയിലും സജീവ സാന്നിധ്യമായി മാറിയ താരമാണ് സെന്തില്‍ കൃഷ്ണ. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ വേഷം അവതരിപ്പിച്ചാണ് നടന്‍ ജനപ്രീതി നേടുന്നത്. പിന്നീട് അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങള്‍ താരത്തെ തേടി എത്തി.
ഇപ്പോള്‍ പുള്ളി എന്ന സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചിരിക്കുകയാണ് താരം. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സില്ലി മോങ്ക് മോളിവുഡ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴായിരുന്നു തന്റെ അച്ഛന്റെ മരണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സീരിയലുകളില്‍ അഭിനയിക്കുകയും മിമിക്രി അവതരിപ്പിച്ച് നടന്ന കാലത്തും എനിക്ക് സ്ഥിര വരുമാനം വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പിഎസ്സി പഠിക്കുന്നത്. ആറ് ലിസ്റ്റില്‍ എന്റെ പേരുണ്ടായിരുന്നു. ആദ്യം വന്നത് കണ്ടക്ടറുടെ പോസ്റ്റാണ്. പിന്നെ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയൊക്കെ ഉണ്ട്. അതിനൊക്കെ ആറ് മുതല്‍ ഒന്‍പത് മാസത്തോളം ട്രെയിനിങ് ഉണ്ടാവും.
അന്ന് സീരിയലില്‍ അഭിനയിക്കുന്നതിനാല്‍ ഇരുപത് ദിവസമൊക്കെ ഷൂട്ട് ഉണ്ടാവും. രണ്ടും ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റുന്നൊരു ജോലി വേണമെന്ന് തോന്നിയപ്പോഴാണ് കണ്ടക്ടര്‍ ആവാമെന്ന് തീരുമാനിക്കുന്നത്. കണ്ടക്ടറായാല്‍ എനിക്ക് പകരം മറ്റൊരാള്‍ പോവും. അങ്ങനെയാണ് ആ ജോലിയിലേക്ക് കയറുന്നത്.
ആദ്യത്തെ രണ്ടു ദിവസം ട്രെയിനിങ് ഉണ്ടായിരുന്നു. ആള്‍ക്കാരുടെ ഇടയില്‍ മിംഗിള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഞാന്‍ അച്ഛനോട് എനിക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ലാന്നു പറഞ്ഞു. നിനക്ക് ഇപ്പോള്‍ ഇതിന്റെ വില മനസിലാവില്ല. രണ്ടു മൂന്നു ദിവസം നിനക്ക് വര്‍ക്ക് ഇല്ലാതെ ആവുമ്പോള്‍ മനസിലാവുമെന്നാണ് അച്ഛന്‍ പറഞ്ഞത്. അത് ശരിയായിരുന്നെന്ന് പിന്നീട് മനസിലായതായി സെന്തില്‍ പറയുന്നു.
അങ്ങനെ അച്ഛന്റെ വാക്കിലാണ് രണ്ടും കൂടി അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ തുടങ്ങിയത്. ഞാന്‍ സ്റ്റേ ബസില്‍ പോകുമായിരുന്നു. രാത്രി ബസില്‍ സ്റ്റേ ചെയ്യേണ്ടി വരും. എന്റെ ഭാഗ്യത്തിന് ഞാന്‍ പോകുന്ന ബസ് രാത്രി നിര്‍ത്തി ഇടുന്നത് എന്റെ വീടിന്റെ അടുത്താണ്. അപ്പോള്‍ എനിക്ക് രാത്രി വീട്ടില്‍ പോയിട്ട് രാവിലെ മൂന്നരയ്ക്ക് വന്നാല്‍ മതി. രാത്രി ഞാന്‍ വീട്ടില്‍ ചെന്നിട്ട് അച്ഛനോട് കുറച്ചു നേരം സംസാരിച്ചിരിക്കും. അച്ഛന് വയ്യാതെ ആയി അവസാന ദിവസങ്ങളിലും അങ്ങനെയായിരുന്നു.
അച്ഛന്റെ അവസാന ദിവസം രാത്രി മൂന്നു മണി ആയപ്പോള്‍ അമ്മ വിളിച്ചിട്ട് ഞാന്‍ എണീറ്റ് നോക്കുമ്പോള്‍ അച്ഛന് ചെറിയ ഞരക്കം മാത്രമേ ഉള്ളു. വാ ഒക്കെ ഒരുമാതിരി ആയി പോകുന്നു. അമ്മയ്ക്ക് കാര്യം മനസിലായി. അമ്മ എന്നോട് അച്ഛന് വെള്ളം കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ വെള്ളമൊക്കെ കൊടുത്തു. ഞാന്‍ ചേട്ടനെ വിളിച്ച് നിങ്ങള്‍ അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ട് പോവണമെന്നും ഞാന്‍ ഡ്യൂട്ടിയ്ക്ക് പോയിട്ട് വരാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ ഡ്യൂട്ടിക്ക് പോയി ആള്‍ക്കാര്‍ക്ക് ടിക്കറ്റ് കൊടുത്തോണ്ടിരിക്കുവാണ് കയ്യില്‍ കുറെ ചില്ലറയൊക്കെ ഉണ്ട്. ഒരു ഇരുപത്തുമിനിറ്റ് ആയപ്പോള്‍ ചേട്ടന്‍ വിളിച്ചിട്ട് അച്ഛന്‍ പോയെടാന്ന് പറഞ്ഞു. എന്റെ കയ്യിന്നു ആ ചില്ലറ പൈസ ഒക്കെ തറയില്‍ പോയി വല്ലാത്തൊരു സിറ്റുവേഷന്‍ ആയിരുന്നു. എന്നും യാത്ര ചെയ്യുന്ന ആള്‍ക്കാരാണ്. അവര്‍ എനിക്ക് ചില്ലറ ഒക്കെ എടുത്തു തന്നു. വല്ല വിധേനയും ഞാന്‍ സ്റ്റേഷനില്‍ പോയിട്ട് ഞാന്‍ തിരികെ വീട്ടിലെത്തിയെന്നും സെന്തില്‍ പറയുന്നു.
എന്റെ സീരിയല്‍ കാണുന്ന അമ്മമാര്‍ പലരും ബസില്‍ വരുമായിരുന്നു. അവര്‍ക്കൊക്കെ എന്നോട് വലിയ സ്‌നേഹമായിരുന്നെന്നും സെന്തില്‍ പറയുന്നു. ആള്‍ക്കാര്‍ ഒക്കെ എന്നോട് പരിപാടി ഒന്നും ഇല്ലേന്ന് ചോദിക്കും. ഇപ്പോള്‍ അത് തിരിച്ചാണ് കണ്ടക്ടര്‍ പണിക്ക് ഒന്നും പോകുന്നില്ലേ എന്നാണ് ചോദിക്കുന്നത്. സിനിമ ഒന്നും എപ്പോഴും ഉണ്ടാവണം എന്നില്ലല്ലോ.’- സെന്തില്‍ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment