ഞാൻ പോകുവാ ഉമ്മ’.. നിരന്തരമായി ഭർതൃമാതാവ് മർദ്ദിച്ചു.. തടയാതെ നോക്കി നിന്ന് ഭർത്താവ്.. പിണങ്ങി വീട്ടിൽ പോയ ഭാര്യയെ ഭീഷണിപ്പെടുത്തി.
തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ പിടിയില്‍. ഷഹാനയുടെ ഭര്‍ത്താവ് നൗഫല്‍, നൗഫലിന്‍റെ അച്ഛന്‍ സജിം, നൗഫലിന്‍റെ ഉമ്മ സുനിത എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ ഒരു മാസമായി ഒളിവിലായിരുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം.
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി (23) കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ഭര്‍തൃമാതാവില്‍നിന്ന് ഷഹാനയ്ക്ക് നിരന്തരമായ മാനസികപീഡനമേല്‍ക്കേണ്ടി വന്നിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
2020ലായിരുന്നു നൗഫല്‍ – ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. 72 പവനും രണ്ടുനില വീടും വിവാഹ സമ്മാനമായി ഷഹാനയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. പിന്നീട്, ഷഹാനയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്‍റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുമായിരുന്നെന്ന് ഷഹാനയുടെ ബന്ധുക്കള്‍ പറഞ്ഞു.
പരിഹാസം പിന്നെ പീഡനമായി മാറി. നൗഫല്‍ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയില്‍ വെച്ച് നൗഫലിന്‍റെ ഉമ്മ മര്‍ദിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. രണ്ടുമാസമായി ഷഹാന ഭര്‍ത്താവ് നൗഫലുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ ഡിസംബറില്‍ ഷഹാനയുടെ വീട്ടിലെത്തിയ നൗഫല്‍ വീട്ടില്‍ നടക്കുന്ന സഹോദരന്‍റെ മകന്‍റെ പിറന്നാള്‍ ചടങ്ങിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹാന കൂട്ടാക്കിയില്ല. തുടര്‍ന്ന്, ഒന്നര വയസുള്ള മകനുമായി നൗഫല്‍ വീട്ടിലേക്ക് പോയി. തുടര്‍ന്ന്, മുറിയില്‍ കയറി വാതിലടച്ച ഷഹാന ആത്മഹത്യ ചെയ്യുകയായിരുന്നു.
ഷഹാന മരിച്ച് ഒരുമാസം കഴിഞ്ഞിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് ഷഹാനയുടെ കൂടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഹായം ചെയ്തതായി സിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥന്‍ ഒ നവാസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
@All rights reserved Typical Malayali.
Leave a Comment