ഭാര്യയും ഭര്‍ത്താവും ഡിവോഴ്സ് ചെയ്യാമെന്ന് തീരുമാനിച്ചു ഭാര്യ വീട്ടിലേക്ക് പോകുന്ന സമയത്ത് നമ്മള്‍ എന്തിനാ പിരിയുന്നത് എന്ന് ഭര്‍ത്താവ് ചോദിച്ചു ഭാര്യ പറഞ്ഞ മറുപടി കേട്ട് ഭര്‍ത്താവ് തകര്‍ന്നു പോയി

അപ്പൊ നമ്മുടെ ആറ് വർഷത്തെ ദാമ്പത്യ ജീവിതം ഇവിടെ അവസാനിക്കാണ് അല്ലേ ഇക്കാ”ഷാഹിന ഒന്നു നിര്‍ത്തിയിട്ട് ആസിഫിന്റെ കണ്ണിലേക്ക് നോക്കി”ഇങ്ങളെന്നെ എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കണം. വീട്ടുകാരോട് ഒന്നും പറയേണ്ട. ഞാന്‍ സൗകര്യം പോലെ ഉപ്പാനേം ഉമ്മാനേം എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊള്ളാം”ആസിഫ് എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ അവൾ തടഞ്ഞു”ഇനി ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ല എന്ന് നമ്മൾ പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമാണ്. അതങ്ങനെ തന്നെ നിക്കട്ടെ”ഷാഹിന തന്റെ നാലുവയസുള്ള കുട്ടിയുടെ കൈപിടിച്ച് മുറിക്കകത്ത് കയറി വാതിലടച്ചു. കുറച്ചു സമയത്തിന് ശേഷം തന്റെ വസ്ത്രങ്ങള്‍ എല്ലാമെടുത്ത് ആസിഫിന്റെ അടുത്ത് വന്നു” പോവാം ആസിഫിക്കാ”ആസിഫ് ഒന്നും മിണ്ടിയില്ല. അവള്‍ വീടിനു വെളിയില്‍ ഇറങ്ങി നിന്നു. കുട്ടി ഓടിപ്പോയി അവന്റെ കയ്യിൽ പിടിച്ച് വലിച്ചു”വാ പപ്പച്ചീ”മകൾ അവനെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു. കുട്ടിക്കറിയില്ലല്ലോ തന്റെ ഉമ്മയും വാപ്പയും പിരിയാനാണ് പോവുന്നതെന്ന്.

Husband and wife decided to divorce, while the wife was going home, the husband asked why we are separating, the husband was devastated hearing the wife’s reply

ആ പിഞ്ചു പൈതൽ കരുതിയിരുന്നത് വെറുതെ ചുറ്റിയടിക്കാൻ പോവാണ് എന്നാണ്, പാവം. മകളുടെ കയ്യിലും പിടിച്ച് ആസിഫ് അവളുടെ അടുത്തേക്ക് ചെന്നു ” ഷാഹി, ഞാൻ വരണോ കൂടെ”ഷാഹിന ഒന്നും മിണ്ടാതെ മോളെയും കൂട്ടി കാറിനകത്ത് കയറി വാതിലടച്ചു. കുറച്ച് സമയം കഴിഞ്ഞ് ആസിഫ് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. കാർ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ പെട്ടെന്ന് അവള്‍ കാർ നിറുത്താൻ ആവശ്യപ്പെട്ടു. ആസിഫ് കാർ നിറുത്തി. കാറില്‍ നിന്നും ഇറങ്ങി അവള്‍ വീട് തുറന്ന് അകത്തേക്ക് കയറി, കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു വീണ്ടും കാറില്‍ കയറി ” നീ എവിടെ പോയതാ”കുറച്ചു സമയത്തെ മൗനത്തിന് ശേഷം അവള്‍ ആസിഫിനെ നോക്കി “എന്താന്നറില്ല ഇക്കാ, ഗ്യാസ് ഓഫാക്കിയോ, മോട്ടോര്‍ ഓടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ. അതാ പോയി നോക്കിയേ. ഇനി നമ്മള്‍ ആഗ്രഹിച്ച് പണിത ഈ വീട്ടിലേക്ക് ഒരു തിരിച്ചു വരവില്ലല്ലോ”

ഇത് പറയുമ്പോള്‍ ഷാഹിനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ കണ്ടു. സാരിത്തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ചു മാറ്റി അവള്‍ ആസിഫിനെ നോക്കി പുഞ്ചിരിച്ചു
“പിന്നെ, ഞാനില്ല എന്ന് കരുതി ബിയർ കുടിക്ക് നിയന്ത്രണം ഇല്ലാതാക്കൊന്നും വേണ്ട. ഇനി ഒരു പെണ്ണ് കയറി വരുന്നത് വരെ ഒറ്റയ്ക്കാണെന്ന് കരുതി തോന്നിയ പോലെ ജീവിക്കാനും നില്‍ക്കേണ്ട”

ആസിഫ് അവളുടെ കണ്ണുകളിലേക്ക് നോക്കി. കുറച്ചു സമയം രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു. കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
“ആ പിന്നേ, ഞാന്‍ നമ്മുടെ ബെഡ്ഷീറ്റും തലയണ കവറും എടുത്തിട്ടുണ്ട് ട്ടോ. എന്തായാലും ആസിഫിക്കാക്ക് അത് പുതിയത് മേടിക്കേണ്ടി വരുമല്ലോ”

“സത്യം പറ ഷാഹി, ശരിക്കും എന്നെ വിട്ടു പോവാന്‍ തോന്നുന്നുണ്ടോ നിനക്ക്…?
അതുവരെ അടക്കിവെച്ചിരുന്ന സങ്കടം മുഴുവൻ അവളിൽ നിന്നും പുറത്തേക്ക് വന്നു. കൊച്ചുകുട്ടിയെപ്പോലെ അവൾ പൊട്ടിക്കരഞ്ഞു
“എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ ഇക്കയെ വിട്ടുപോവാൻ മനസ്സുണ്ടായിട്ടൊന്നുമല്ല. വേറെ ആര്‍ക്കും വിട്ടുകൊടുക്കാൻ താല്‍പ്പര്യം ഉണ്ടായിട്ടും അല്ല, പക്ഷെ….”

ആസിഫ് പെട്ടെന്ന് ബ്രേക്കിൽ കാല്‍ അമര്‍ത്തി
“പക്ഷേ…?”
അവൾ ഒന്നും മിണ്ടിയില്ല. ആസിഫ് അവളുടെ കണ്ണിലേക്ക് നോക്കി
“പറ… പിന്നെന്തിനാ നമ്മൾ പിരിയുന്നെ”
കുറച്ച് സമയത്തെ മൗനത്തിന് ശേഷം അവൾ ആസിഫിനെ നോക്കി
“അത് ശരിയാവില്ല ഇക്കാ, ഇങ്ങക്ക് എപ്പോഴും തിരക്കാ. എന്നോട് മിണ്ടാൻ പോലും സമയല്ല. എന്തേലും ചോദിച്ചാൽ അപ്പൊ ചൂടാവും. അപ്പൊ ഞാനും ചൂടാവും. എന്നും ഈ വഴക്ക് കൂടി കൂടി മടുത്തു ഇക്കാ എനിക്ക്”
“എന്നെയാണോ നിനക്ക് മടുത്തേ”

പെട്ടന്ന് അവളുടെ മുഖം ചുവന്ന് തുടിച്ചു
“അല്ല, ഇങ്ങളെ എനിക്ക് ഒരിക്കലും മടുക്കൂല”
ആസിഫ് പുഞ്ചിരിച്ചു
“പിന്നെ എന്താ പോത്തെ നിനക്ക് മടുത്തേ”
അവൾ ഉണ്ടാക്കണ്ണുരുട്ടി ആസിഫിനെ നോക്കി
“ഇങ്ങളെ ഈ ഒന്നിനും സമയം ഇല്ലാത്ത ഈ സ്വഭാവം”

ഒന്ന് നിറുത്തിയിട്ട് തന്റെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണീർ തുള്ളി പതുക്കെ തുടച്ചുമാറ്റി അവൾ തുടർന്നു
“എനിക്ക് വേറെ ആരും മിണ്ടാൻ ഇല്ലാത്തോണ്ടല്ലേ ഞാൻ ഇങ്ങളെ ഇങ്ങനെ ശല്യം ചെയ്യുന്നേ”
അവൾ പറഞ്ഞ് തീർന്നതും ആസിഫ് അവളെ കെട്ടിപിടിച്ച് തന്റെ മാറോട് ചേർത്തതും ഒരുമിച്ചായിരുന്നു. തന്റെ സങ്കടം തീരുന്നത് വരെ അവൾ ആസിഫിന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു. ആസിഫിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അപ്പോൾ.

ഒന്നും മനസ്സിലാകാതെ മോളും അവരെ കെട്ടിപ്പിച്ച് കരച്ചിലോട് കരച്ചിൽ. ആസിഫ് മോളെ നോക്കി
“നീ എന്തിനാടീ പോത്തെ കരയുന്നെ, അന്റെ ഉമ്മാനെ പോലത്തെ മാണിക്യത്തിനെവിട്ട് എനിക്കൊന്നും വേണ്ടാ”
അവൻ ഷാഹിനയെ ചേർത്ത് പിടിച്ചു
“അല്ലേലും എന്റെ സ്വഭാവം ഭയങ്കര ബോറാണ് അല്ലേ, പക്ഷേ ചിലർക്ക് കളിപ്പന്മാരെ ഭയങ്കര ഇഷ്ടാണ് ട്ടോ”
ഷാഹിന അവനെ നോക്കി കണ്ണുരുട്ടി

“ന്നാ അങ്ങനെയുള്ള പെണ്ണിനെ കെട്ടിയാൽ പോരായിരുന്നോ”
ആസിഫ് പൊട്ടിച്ചിരിച്ചു, കൂടെ മകളും. ഒന്നിനും സമയമില്ലാതിരുന്ന ആസിഫ് കാർ നേരെ വിട്ടത് മൂന്നാറിലേക്കാണ്. അവിടെ നാലഞ്ച് ദിവസം അടിച്ച് പൊളിച്ച് അവർ സന്തോഷത്തോടെ തിരികെയെത്തി, ഇപ്പൊ ഹാപ്പിയായി ജീവിക്കുന്നു.
സമയം ഇല്ലാന്നൊക്കെ വെറുതേ പറയാന്നെ, നമ്മൾ വിചാരിച്ചാൽ എന്തിനും സമയമുണ്ട്. പക്ഷേ, വിചാരിക്കണം.

വെള്ള കടലാസിന്റെ പുറത്ത് ആരോ എഴുതിയതിന് താഴെ രണ്ട് ഒപ്പിട്ട് അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് രണ്ട് വഴിക്കായി പോവുന്നതിന് മുന്നേ ഒരു അഞ്ച് മിനിറ്റ് ഭാര്യയും ഭർത്താവും കണ്ണിൽ നോക്കി സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ചിലർക്കൊക്കെ ഒള്ളൂ. ചിലർക്ക്…

രചന :ഷാൻ കബീർ.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *