14ാം വയസിൽ വിവാഹം, നേരിട്ടത് കൊടിയ പീഡനം..സിനിമയിൽ സിൽക്കിന് സംഭവിച്ചത്.. ദുരൂഹ മരണവും
വശ്യമായ കണ്ണുകളും വന്യമായ ചിരിയും ഉടലഴകും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്ന വിജയലക്ഷ്മി. ആന്ധ്രപ്രദേശുകാരിയായ നാട്ടിൻപുറത്തുകാരി വളരെ പെട്ടെന്നായിരുന്നു സിനിമയിലെ നിറസാന്നിധ്യമായി മാറിയത്.
1960 ഡിസംബർ 2 ന് ആന്ധ്രയയിലെ എളൂർ ഗ്രാമത്തിലായിരുന്നു സിൽക്കിന്റെ ജനനം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസിൽ വെച്ച് തന്നെ അവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 14ാം വയസിൽ അവരെ കുടുംബം വിവാഹം കഴിപ്പിച്ചയച്ചു. കൊടിയ പീഡനമായിരുന്നു ദാമ്പത്യ ബന്ധത്തിൽ അവർ നേരിട്ടത്. അതുകൊണ്ട് തന്നെ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വിവാഹ മോചനം നേടി അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.
സിനിമ എന്തെന്ന് പോലും അറിയാതിരുന്ന സിൽക്കിനെ സുഹൃത്തും അയൽക്കാരിയുമായ അന്നപൂർണയായിരുന്നു സിനിമ കാണാൻ പഠിപ്പിച്ചത്. അങ്ങനെ സിൽക്കിന്റെ മനസിലും സിനിമ നടി എന്ന മോഹം മൊട്ടിട്ടു. എങ്ങനെയെങ്കിലും സിനിമാക്കാരിയാകണമെന്ന മോഹവുമായി അവർ കോടമ്പാക്കത്തേക്ക് വണ്ടി കയറി. അടുത്ത ബന്ധുവഴി അപർണയെന്ന സിനിമക്കാരിയുടെ ജോലിക്കാരിയായി അവർ. പിന്നീട് അപർണ സിൽക്കിനെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റായി നിയമിച്ചു.
മലയാളി സംവിധായകനായ ആന്റണി ഈസ്റ്റ്മാൻ തന്റെ പുതിയ ചിത്രത്തിലേക്ക് നായിക തേടി നടക്കുന്ന സമയമായിരുന്നു അത്. സിൽക്കിനെ കണ്ട ആന്റണി അവരെ നായികയാക്കാൻ തീരുമാനിച്ചു. വിജയലക്ഷ്മിക്ക് സ്മിത എന്ന പേരും നൽകി. അങ്ങനെ 19ാം വയസിൽ ഏറെ മോഹിച്ച സിനിമാ അരങ്ങേറ്റം. 1980 ൽ പുറത്തിറങ്ങിയ വണ്ടിച്ചക്രമായിരുന്നു സ്മിതിയുടെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രം. സിനിമയിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. അങ്ങനെ സ്മിത സിൽക്ക് സ്മിത ആയി. ഈ ചിത്രത്തോടെ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി സ്മിത മാറി.’മൂൺട്രു മുഖം’ എന്ന ചിത്രത്തോടെ ഗ്ലാമർ വേഷങ്ങളിൽ സിൽക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ഐറ്റം ഡാൻസുകാരിയായും സിൽക്ക് മാറി. സിനിമയുടെ മസാല ചേരുവകളിൽ സിൽക്ക് പ്രധാന സാന്നിധ്യമായി.
നിർമ്മാതാക്കൾ അവരുടെ ഡേറ്റിനായി ക്യൂ നിൽക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. സിൽകിന്റെ ഡാൻസ് ഉണ്ടെങ്കിൽ ആരാധകർ തീയറ്റുകളിലേക്ക് ഒഴുകുമെന്നായി. പെട്ടിയിൽ കിടന്ന ചിത്രങ്ങൾ വരെ സിൽക്കിന്റെ ഡാൻസും ചേർത്ത് തീയറ്ററുകളിൽ നിറഞ്ഞാടി.
താരമായിരുന്നില്ല സിൽക്. മാത്രമല്ല ആരേയും ഭയക്കാതെ തുറന്നടിച്ച് സംസാരിക്കുന്ന ശീലം അവരെ ഒരു അഹങ്കാരിയായി ചിത്രീകരിക്കാനും കാരണമായി.
പുതിയ ഗ്ലാമർ താരങ്ങളുടെ വരവോടെ അവർക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. ഇതോടെ സിനിമാ നിർമ്മാണത്തിലേക്ക് അവർ മാറിയെങ്കിലും വമ്പൻ പരാജയമായിരുന്നു നേരിട്ടത്. ഇതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലായി. നടിയുടെ ഈ വീഴ്ച പാപ്പരാസികൾ ആഘോഷമാക്കി. ഒളിഞ്ഞും തെളിഞ്ഞും അവർ സിൽക്കിനെ കുറിച്ച് കഥകൾ മെനഞ്ഞ് കൊണ്ടേയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും താരത്തെ തീർത്തും ഒറ്റപ്പെടുത്തി. ഒടുവിൽ 1996 ൽ സപ്റ്റംബർ 23 ന് അവർ തന്റെ ജീവിതം അവസാനിപ്പിച്ചു. ചെന്നൈയിലെ വീട്ടിൽ ഒരു മുളം കയറിൽ തൂങ്ങിമരിക്കുകയായിരുന്നു. കടുത്ത മാനസിക സംഘർഷമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
@All rights reserved Typical Malayali.
Leave a Comment