ശ്രീദേവിയുടെ മകളുടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ല! ജാന്‍വിയുടെ സൗന്ദര്യം തിളങ്ങുന്ന ദേവരയിലെ പാട്ട്!

ബോളിവുഡ് നടി എന്ന നിലയിലാണ് ശ്രീദേവിയുടെ മരണം എങ്കിലും, ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ നായികാ സങ്കല്‍പമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണശേഷം ഭര്‍ത്താവ് ബോണി കപൂര്‍ സൗത്ത് ഇന്ത്യന്‍ സിനിമകളോട് കൂടുതല്‍ താത്പര്യം കാണിക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ മകള്‍ ജാന്‍വി കപൂറിന്റെ വരവും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ഏറ്റെടുത്തിരിയ്ക്കുന്നു

ജൂനിയര്‍ എന്‍ ടി ആറിനെ കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര പാര്‍ട്ട് വണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ സൗത്ത് ഇന്ത്യന്‍ സിനിമാ പ്രവേശനം. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍. താരപുത്രിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്ന പാട്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘കണ്ണിണതന്‍ കാമനോട്ടം’ എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡി ആണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

കൊരട്ടല ശിവയും ജൂനിയര്‍ എന്‍ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദേവര പാര്‍ട്ട് വണ്ണിനുണ്ട്. ജാന്‍വി കപൂറിന് പുറമെ ബോളിവുഡില്‍ നിന്ന് സെയ്ഫ് അലി ഖാനും ചിത്രത്തില്‍ കഥാപാത്രമായി എത്തുന്നു. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

.യുവസുധ ആര്‍ട്ട്സും എന്‍ ടി ആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *