അന്ന് ആ മുറിച്ചുണ്ടന് സംഗീതം എന്നത് അപ്രാപ്യമായിരുന്നു’: സന്നിദാനന്ദൻ പറയുന്നു

സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ ജീവിതത്തിൽ ഒരിക്കലും വില്ലനാകില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടമായിരുന്നു 2007 ലെ സ്റ്റാർ സിങ്ങർ വേദി. വർഷങ്ങൾക്കിപ്പുറവും സന്നി മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ കാരണം തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം റിയാലിറ്റി ഷോ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് സന്നിദാനന്ദൻ. മത്സരാർഥിയായിട്ടല്ല, ഇക്കുറി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് എന്ന കുട്ടികളുടെ സംഗീത മത്സരത്തിൽ മെന്റർ ആയിട്ടാണ് സന്നിയുടെ പുതിയ വേഷം. ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സന്നി തന്റെ സ്റ്റാർ സിങ്ങർ യാത്ര ഓർത്തെടുത്തു. ജീവിതത്തിൽ അങ്ങനെ ഒന്ന് നടന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ കഴിയുന്നില്ല എന്നാണ് സന്നി പറയുന്നത്. അഭിമുഖം വായിക്കാം.

​സ്റ്റാർ സിങ്ങർ എനിക്ക് തന്നത് ഒരു ജീവിതമാണ്, ഒരു പുനർജന്മം
“വർഷങ്ങൾക്ക് മുൻപ് സംഗീതം, പാട്ടു പാടുക എന്നതൊക്കെ മുറിച്ചുണ്ടനായ ആ കുട്ടിക്ക് അപ്രാപ്യമായിരുന്നു. പിന്നെ ‘മേരി ആവാസ് സുനോ’ പരിപാടി കണ്ടു അതിലെ വിജയികളായ പ്രദീപ് സോമസുന്ദരത്തിന്റെയും സുനിധി ചൗഹാന്റേയും ഒക്കെ പടങ്ങൾ വെട്ടി എടുത്തു സൂക്ഷിച്ചിരുന്ന അതേ കുട്ടിക്ക് മലയാളത്തിലെ എക്കാലത്തെയും വലിയ സംഗീത ഷോയിൽ ഭാഗമാകാൻ കഴിയുക എന്നത് അത്ഭുതം തന്നെയായിരുന്നു. സ്റ്റാർ സിങ്ങർ എനിക്ക് തന്നത് ഒരു ജീവിതമാണ്, ഒരു പുനർജന്മം, എന്റെ സംഗീത യാത്രക്കുള്ള തുടക്കം അങ്ങനെ പലതും. ഞാൻ സ്റ്റാർ സിങ്ങറിൽ വന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു ജീവിതം എന്ന് അറിയില്ല,” സന്നി പറഞ്ഞു.

ആ ഷോയിലെ ഏറ്റവും മറക്കാനാകാത്ത നിമിഷം ഏതാണെന്നു ചോദിച്ചാൽ സന്നി നിസംശയം പറയും അത് താൻ ആദ്യമായി സ്റ്റേജിൽ കയറിയ മുഹൂർത്തമാണെന്ന്. “സംഗീതത്തിൽ വല്യ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്നെപോലെ ഒരാളെ മത്സരാർഥിയായി തിരഞ്ഞെടുത്ത സ്റ്റാർ സിങ്ങർ ടീമിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാൻ ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ എന്റെ പേര് കേൾക്കുകയും എം ജി ശ്രീകുമാർ സർ പറഞ്ഞു, ഒരു ഭക്തിഗാനം പാടൂ, അന്നാണ് സന്നിദാനന്ദൻ എന്ന ഗായകൻ ജനിക്കുന്നത്,” എന്നും സന്നി.

എലിമിനേഷനിലാണ് ഞാൻ ഏറ്റവും സന്തോഷിച്ചത്
എന്നാൽ, ഷോയിൽ ഏറ്റവും സന്തോഷിച്ചത് തന്റെ എലിമിനേഷൻ സമയത്താണെന്നാണ് ഈ മുൻ റിയാലിറ്റി ഷോ മത്സരാർത്ഥി പറയുന്നത്. “അതെ എന്റെ എലിമിനേഷനിലാണ് ഞാൻ ഏറ്റവും സന്തോഷിച്ചത്. വളരെ കഴിവുറ്റ തുഷാർ എന്ന മത്സരാർത്ഥിയോടാണ് ഞാൻ അന്ന് മത്സരിച്ചത്. അദ്ദേഹത്തോട് തോൽക്കുക എന്നത് തന്നെ ഒരു അംഗീകാരമായിരുന്നു.

നിന്നെ ഒക്കെ ഞാൻ എങ്ങനെ മറക്കും, എആർ റഹമാനെക്കാൾ ആരാധകർ ഉള്ള ആളല്ലേ നീ
അത്രമേൽ കഴിവുള്ള മത്സരാർഥികൾക്കൊപ്പമായിരുന്നു ഞാൻ മത്സരിച്ചത്, ഓരോ പെർഫോമൻസും എനിക്ക് ഒരു അനുഗ്രഹമായിരുന്നു. എനിക്ക് ആ ഷോ തന്നതെല്ലാം വിലമതിക്കാനാകാത്തതാണ്. ഇന്നും ശരത് സർ പറയും ‘നിന്നെ ഒക്കെ ഞാൻ എങ്ങനെ മറക്കും, എആർ റഹമാനെക്കാൾ ആരാധകർ ഉള്ള ആളല്ലേ നീ’. ഇതിനെല്ലാം ഞാൻ സ്റ്റാർ സിങ്ങറിനോട് കടപ്പെട്ടിരിക്കുന്നു,” സന്നി പറഞ്ഞു നിർത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *