വൃദ്ധ സദനത്തിൽ പോകാത്തതിന് അച്ഛന്റെ മുഖത്തേക്ക് ഭക്ഷണം എറിഞ്ഞ മകൾക്ക് ദൈവം നൽകിയ ശിക്ഷ
കലിയോടെ അവൾ ചോറെടുത്തു അയ്യാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ചോറും കറിയും കുമാരന്റെ മുഖത്ത് വന്നു പതിച്ചു. നീറ്റലിൽ കണ്ണുകൾ അടച്ച അയ്യാൾ നിലവിളി തുടങ്ങി.
” രാധേ.. നീ എന്നാ ഈ കാണിക്കുന്നേ..? അച്ഛന്റെ മുഖത്തേക്കാണോ ചോറു വലിച്ചെറിയുന്നത്.” വിഷ്ണു ഓടി വന്നു അയ്യാളെ പിടിച്ചു വാഷിങ് ബൈസണ് അരികിലേക്ക് നടന്നു.
” പിന്നെ നിങ്ങടെ തന്തയോട് വേണേൽ മര്യാദക്ക് കൊടുക്കുന്നത് കഴിച്ചോളാൻ പറയണം.. അലവലാതി ” അവൾ അലറി..ടീവി കണ്ടു കൊണ്ടിരുന്ന ഉണ്ണി വേദനയോടെ ആ രംഗം നോക്കി നിന്നു” ആരുടേ അമ്മേനെ കെട്ടിക്കുന്നത് നോക്കി നിക്കുവാട ?? പോയിരുന്നു പഠിക്കട ” അവളുടെ ദേഷ്യം കണ്ട ഉണ്ണി മുകളിലെ മുറിയിലേക്ക് ഓടി.” പോയോ അച്ഛാ? ” അയ്യാളുടെ കണ്ണിലേക്കു വെള്ളം തെളിച്ചു മുഖം തുടച്ചു കൊണ്ടു വിഷ്ണു ചോദിച്ചു..ഒന്നും മിണ്ടാതെ അവന്റെ തോളിൽ പിടിച്ചു കൊണ്ടു അച്ഛൻ അനങ്ങാതെ നിന്നു.
” ഇത് കുറച്ചു കൂടി പോയി രാധേ…! ”
” ഇയ്യാളെ ഞാൻ തല്ലി കൊന്നില്ലെങ്കിലേ അത്ഭുതം ഉളളൂ… ചാവത്തും ഇല്ല.. മനുഷ്യനെ വട്ടം ചുറ്റിക്കാൻ ഓരോ ജന്മങ്ങള് ”അദ്ദേഹം നിറ കണ്ണുകളോടെ മകനെ നോക്കി… ഒന്നും മിണ്ടാതെ അടുക്കളയിലൂടെ ഇറങ്ങി പുറത്ത് തനിക്കായി ഒരിക്കിയിട്ടുള്ള ആ ഒറ്റമുറിയിൽ കയറി കതകടച്ചു.
കരഞ്ഞു കൊണ്ടു കട്ടിലിലേക്ക് ഇരുന്നു…. ” ലക്ഷ്മീ ” അയ്യാൾ ഉച്ചത്തിൽ വിളിച്ചു കൊണ്ടു കരഞ്ഞു….
ജാനകി ആയിരുന്നു അയാൾക്ക് എല്ലാം… അവക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ ആണ് അന്ന് താൻ അവളുടെ കൈ പിടിക്കുന്നത്. അയ്യാൾ ഓർത്തു… അമ്പതു വർഷങ്ങൾ അവൾക്കൊപ്പം ജീവിച്ചു.
താൻ അവളിൽ വിതച്ച ഏഴ് വിത്തുകളും പാറക്കമുറ്റും മുന്നേ വിധി കൊത്തിയെടുത്തു.ഏട്ടാമനായാണ് വിഷ്ണു ജനിച്ചത്. അന്നു ജാനകിക്കു മുപ്പതു വയസ്സ് കാണും.ഒരിടത്തും അവൾ തന്നെ ഒറ്റക്കാക്കില്ലായിരുന്നു. രാവിലെ രണ്ട് പേരും ഒരുമിച്ചു എഴുന്നേൽക്കും. അടുക്കളയിൽ അവൾ പാചകം ചെയ്യുമ്പോൾ താൻ വിറകു കീറിയും മുറ്റം തൂത്തും അവളെ സഹായിച്ചു.
പറമ്പിൽ താൻ പണിയെടുക്കുമ്പോൾ തനിക്കൊപ്പം ആ വെയിലും കൊണ്ടു അവൾ എപ്പോഴും പിന്നാലെ നിക്കും. എനിക്ക് സഹായം ആവശ്യമുണ്ടെന്നു ഒരിക്കൽ പോലും അവളോട് പറയേണ്ടി വന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യുമായിരുന്നു.അയാൾ ഓർമിച്ചു.
എന്നെങ്കിലും ഒരു നാൾ വിട്ടു പോവും എന്ന ലോകസത്യം അറിഞ്ഞു കൊണ്ടു തന്നെ ആണല്ലോ നാം ഒരാളെ ജീവന് തുല്യം സ്നേഹിക്കുന്നത്. വിയർത്തു കുളിച്ചു പറമ്പിന്റെ ഒരു ഒരാത്തിരിക്കുമ്പോ അവളും വന്നു അടുത്തിരിക്കും.തോളിലേക്ക് ചാഞ്ഞു കൈകളിൽ വട്ടം പിടിക്കുമ്പോൾ താൻ ചോദിക്കുമായിരുന്നു ” അഴുക്കല്ലേ പെണ്ണെ… എന്തിനാ ചെളിയാക്കുന്നെ നിന്റെ മേത്തും.. ”
” ഈ ചെളിയും ഈ മണവും എനിക്കിഷ്ടാണ് ” എന്ന് മാത്രം മറുപടി പറഞ്ഞു തന്റെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങുന്ന തോളിൽ മുഖം ചേർത്തു അവൾ ഇരിക്കും. അവളായിരുന്നു തന്റെ ലോകം.
രാത്രിയുടെ ഇരുട്ടിലൂടെ അയ്യാൾ വടിയും കുത്തി ഇറങ്ങി.. തന്റെ മരുമകളുടെ മുറിയിൽ വെളിച്ചം മങ്ങിയിരിക്കുന്നു എന്നയ്യാൾ ഉറപ്പ് വരുത്തി.
ഭാര്യക്കൊപ്പം ഇരുന്നിരുന്ന ആ പറമ്പിലെ ഒരു മൂലയിൽ അയ്യാൾ ഇരുന്നു… നിറ കണ്ണുകളോടെ തന്റെ ഭാര്യ ഇരിക്കാറുള്ള വശത്തെ മണ്ണിൽ അയ്യാൾ വിരലുകൾ കൊണ്ടു തലോടി. കണ്ണുനീർ തുള്ളികൾ മണ്ണിൽ വീണു നനവ് പടർന്നു കൊണ്ടിരുന്നു.
ഒഴുകി എത്തിയ തണുത്ത കാറ്റിനു തന്റെ ഭാര്യയുടെ ഗന്ധം ഉള്ളത് പോലെ അയാൾക്ക് തോന്നിക്കൊണ്ടെ ഇരുന്നു..” നിന്നെ ചേർത്തു പിടിക്കുമ്പോൾ അനുഭവിച്ചിരുന്ന ആശ്വാസം ഇന്നില്ലല്ലോ പെണ്ണെ ” അയ്യാൾ മണ്ണിനെ തലോടിക്കൊണ്ട് സ്വയം പറഞ്ഞു.
അവളുടെ കൈകൾ കൊണ്ടുണ്ടാക്കിയ കപ്പയും കാന്താരി മുളകരച്ചതും നൽകിയ സ്വാദ് അയ്യാൾക്കോർമ്മ വന്നു.അലക്കു കല്ലിൽ അവൾ വസ്ത്രങ്ങൾ കുത്തി പിഴിയുമ്പോൾ കിണറിൽ നിന്നും വെള്ളം കോരി അവൾക്കരുകിൽ കൊണ്ടു വെച്ചു കൊടുത്തിരുന്നത് അയ്യാൾക്കോർമ്മ വന്നു.
അവൾക്കൊപ്പം പോയിരുന്നെങ്കിൽ എന്ന് അയാൾക്ക് തോന്നി… ചീവിടിന്റെ ശബ്ദം ചെവിയിൽ തുളച്ചു കയറിക്കൊണ്ടിരുന്നു.” നിങ്ങളെന്താ ഇവിടെ വന്നിരിക്കുന്നെ? ”
ഞെട്ടലോടെ അയ്യാൾ തല ഉയർത്തി നോക്കി… തന്റെ പ്രിയപ്പെട്ടവളുടെ മുഖം കണ്ടു അയ്യാൾ അമ്പരന്നു..” നിങ്ങൾ ഒറ്റയ്ക്ക് വിഷമിച്ചിരിക്കുന്നത് കണ്ടു വന്നതാ… ”
അയാൾക്ക് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിഞ്ഞില്ല… ഒന്നും മിണ്ടാനാവാതെ അയ്യാൾ അവളെ തന്നെ തുറിച്ചു നോക്കി..
” ഉത്തരവാദിത്തങ്ങൾ എല്ലാം കഴിഞ്ഞില്ലേ? ഇനി എങ്കിലും എന്റടുത്തേക്കു വന്നൂടെ നിങ്ങക്ക്? ”
ഒരു നിമിഷം കണ്ണു ചിമ്മി തുറന്നതും ആ രൂപം അപ്രത്യക്ഷമായി. പൊടുന്നനെ കണ്ണുനീർ വീണ്ടും കണ്ണുകളിൽ പിറവി എടുത്തു. അയ്യാൾ ആകാശത്തെ നക്ഷത്രങ്ങളിലേക്ക് പ്രയാസപ്പെട്ടു നോക്കി…
” നീ എന്നെ കാത്തിരിക്കുവാണല്ലേ? ” വിറയ്ക്കുന്ന ചുണ്ടുകളോടെ അയ്യാൾ നക്ഷത്രങ്ങളെ നോക്കി ചോദിച്ചു…എന്തൊക്കയോ മനസ്സിൽ ഉറപ്പിച്ചു അയ്യാൾ മുറിയിലേക്ക് തിരിച്ചു നടന്നു.
രാവിലെ കുട്ടികൾ വഴക്കു കൂടുന്ന ബഹളം കേട്ടാണ് അയ്യാൾ കണ്ണുകൾ തുറന്നതു.ആദ്യം കാർ മുറ്റത്തുണ്ടോ എന്ന് നോക്കി. ഇല്ല! മരുമകൾ അമ്പലത്തിൽ പോയിരിക്കുകയാണ്. അയാൾ തെല്ലൊന്നു ആശ്വസിച്ചു. അവൾ ഉള്ളപ്പോൾ കൊച്ചു മകനോട് മിണ്ടാനോ തൊടാനോ ഒന്നും പാടില്ല. അതിന്റെ കലിയും അവനോടു തീർക്കും.
” എന്തിനാ മോനേ നീ കരയുന്നെ? ”
അടുത്ത വീട്ടിലെ കുട്ടി വാ വിട്ടു കരയുന്നതു കണ്ടു അയ്യാൾ ചോദിച്ചു.
” ഈ ഉണ്ണി എന്നെ പൊതിരെ തല്ലി.. ”
അദ്ദേഹം ഉണ്ണിയെ നോക്കി.. ആ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്കു ഓടി. ഉണ്ണി ഒന്നും മിണ്ടാതെ നിന്നു. അല്ലെങ്കിലും പലപ്പോഴും അയാൾക്ക് തോന്നിയിട്ടുണ്ട്, ഉണ്ണിക്കു രാധയുടെ ദേഷ്യം ആണ്. അതും അവളോട് മാത്രം കാണിക്കില്ല. പലപ്പോഴും അവൻ ക്ഷിപ്ര കോപി ആയി മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്.
അദ്ദേഹം അവനെ അരികിലേക്ക് വിളിച്ചു. ” എന്തിനാ ആ കൊച്ചിനെ ഉപദ്രവിച്ചേ? ”
” എനിക്ക് ദേഷ്യം വന്നു മുത്തശ്ശാ ”” നമുക്ക് ദേഷ്യം വന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കണോ? ”
അവൻ ഒന്നും മിണ്ടിയില്ല.. അയ്യാൾ അവനെ അരികിലേക്ക് വിളിച്ചിരുത്തി.
” ഉണ്ണീ… ആരൊക്കയോ പറഞ്ഞു മുത്തച്ഛൻ കെട്ടിട്ടുള്ള ഒരു കഥയുണ്ട്. പണ്ടൊരു നാട്ടിൽ ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു.
അവൻ ആകാംഷയോടെ മുത്തച്ഛനെ നോക്കി
” അവിടെ ഒരു അമ്മയും മകനും താമസിച്ചിരുന്നു. അച്ഛൻ ഇല്ലാത്തതിനാൽ അമ്മ അവനെ ഒരുപാടു സ്നേഹം കൊടുത്തു വളർത്തി. പക്ഷെ വളർന്നു വരുംതോറും അവൻ ക്ഷിപ്ര കോപിയും, എന്ന് വെച്ചാ പെട്ടന്ന് ദേഷ്യപ്പെടുന്നവനും പ്രതികരിക്കുന്നവനും ആയി മാറി. നാട്ടുകാരുടെ പരാതി കേട്ടു അമ്മ മടുത്തു തുടങ്ങി.ഒരു ദിവസം കുറെ ആലോചിച്ച ശേഷം അമ്മ അവനോടു കുറച്ചു ആണിയും ഒരു ചുറ്റികയും കയ്യിൽ കൊടുത്തിട്ടു പറഞ്ഞു,
നിനക്ക് ആരോടൊക്കെ ദേഷ്യം തോന്നുന്നോ അപ്പൊ എല്ലാം അവരോടു ഒച്ചപ്പാട് ഉണ്ടാക്കാതെ അവരെ വേദനിപ്പിക്കാതെ ഓരോ ആണി വീതം പുറകിലെ ഭിത്തിയിൽ അടിച്ചു കയറ്റുക. അവനും അനുസരിക്കാൻ തുടങ്ങി. ദേഷ്യം കൊണ്ടു ആദ്യ ദിവസങ്ങളിൽ കുറെ അധികം ആണികൾ അവൻ അടിച്ചു കയറ്റി. പതിയെ പതിയെ അവനു മടുപ്പു വന്നു തുടങ്ങി. അങ്ങനെ ചില ദേഷ്യങ്ങൾ അവൻ ആണി അടിക്കാതെ ക്ഷമിച്ചു വിടുവാൻ തുടങ്ങി. അങ്ങനെ വന്നു വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം അവൻ ഒറ്റ ആണിയും അടിച്ചില്ല. അവനു ദേഷ്യം തോന്നിയ എല്ലാവരോടും ക്ഷമിക്കാൻ അവനു കഴിഞ്ഞു. അവന്റെ അമ്മ അവന്റെ നേട്ടത്തിൽ സന്തോഷിച്ചു.
എന്നിട്ടു ഇങ്ങനെ പറഞ്ഞു, മോൻ ഒരു കാര്യം ചെയ്യ് ഇനി ഈ ആണികൾ മുഴുവൻ പറിച്ചെടുക്കു.അവൻ പ്രയാസപ്പെട്ടു ദിവസങ്ങൾ കൊണ്ടു അത് പറിച്ചു തീർത്തു. പക്ഷെ അടിച്ചു കയറ്റിയത് പോലെ എളുപ്പമായിരുന്നില്ല അവ വലിച്ചൂരാൻ… ശേഷം ആ ചുമരിലേക്കു തിരിച്ചു നിർത്തി അവന്റെ അമ്മ ചോദിച്ചു, ഇപ്പൊ നീ എന്താ ഇവിടെ കാണുന്നത്?.. മോനാണെങ്കിൽ എന്തായിരിക്കും കാണുക? ” മുത്തച്ഛൻ അവനോടായി ചോദിച്ചു
” തുളകൾ… ”
” അതെ.. കുറെ തുളകൾ കൊണ്ടു ആ ചുമരുകൾ വൃത്തികേടായിരുന്നു.. ആണികൾ വലിച്ചൂരിയാലും അവ ഉണ്ടാക്കിയ തുളകൾ മായില്ല. അതുപോലെ ആണ് നമ്മുടെ ദേഷ്യവും. ദേഷ്യത്തിൽ ചീത്തയും തെറിയും വിളിചിട്ടും തല്ല് കൊടുത്തിട്ടും നമ്മൾ മറ്റുള്ളവരെ വേദനിപ്പിച്ച ശേഷം എത്ര ക്ഷമ പറഞ്ഞാലും നമ്മുടെ വാക്കുകളും പ്രവർത്തിയും ഉണ്ടാക്കിയ മുറിവുകൾ മറ്റുള്ളവരുടെ ഉള്ളിൽ അവശേഷിക്കും. ”
അവന്റെ മുഖം അത്ഭുദം കൊണ്ടു നിറഞ്ഞു..” അതുകൊണ്ട് മോൻ അനാവശ്യമായി ആരോടും ദേഷ്യം കാണിക്കരുത് ”” അപ്പൊ അമ്മ കാണിക്കുന്നതോ? ”
” അമ്മക്ക് ഈ കഥ അറിയില്ലലോ.. മോനു ഇപ്പൊ അറിയാലോ.. അതുകൊണ്ട് മോൻ ചെയ്യരുത്.. ”
അവൻ തലയാട്ടി….മരുമകൾ തിരിച്ചു വന്നു…
” രാധേ, എന്നെ ഏതെങ്കിലും വൃദ്ധ സദനത്തിൽ ആക്കിക്കോളൂ.. ഞാൻ നിന്നോളം ”
ഞെട്ടലോടെ അവൾ അയ്യാളെ നോക്കി…
” ഇത്രയും നാളും ഞങ്ങൾ ആരും പറഞ്ഞിട്ടും ഇല്ലാത്തൊരു മാറ്റം ഇപ്പൊ എന്നതാ? ”
” ഞാൻ കുറെ ചിന്തിച്ചു… നിങ്ങക്കും ഒരു ജീവിതവും ഇഷ്ടങ്ങളും ഇല്ലേ… എന്റെ മരണവും കാത്ത് എത്ര നാളാ നിങ്ങൾ നോക്കി ഇരിക്കൂന്നേ.. മരിക്കുമ്പോൾ മരിക്കട്ടെ.. ആത്മഹത്യ ചെയ്യാൻ ഒന്നും എനിക്ക് കഴിയില്ല. നിനക്ക് പുറത്തെ ജോലിയും ആയി അവിടെ നിക്കുന്നതല്ലേ ഇഷ്ടം.. അത് കഴിയാത്തതുകൊണ്ടാണ് നിനക്ക് ഇങ്ങനെ ദേഷ്യം വരുന്നേ. ആദ്യം നീ ഈ വീട്ടിലേക്കു വന്നത് ഓർമ്മയുണ്ടോ? പിന്നീട് പല തവണ നീ വിദേശത്ത് പോയി വന്നു. അപ്പോഴെല്ലാം നിനക്കെന്നെ വലിയ കാര്യമായിരുന്നു. എന്റെ കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. ഞങ്ങളെയും കൊണ്ടു ദൂരെ അമ്പലങ്ങളിൽ പോവാൻ ഇഷ്ടമായിരുന്നു.
കഴിച്ചിട്ടില്ലാത്ത ഭക്ഷണങ്ങൾ വാങ്ങി തന്നു അതിനെ കുറിച്ച് ഒരുപാട് സംസാരിക്കാൻ ഇഷ്ടം ആയിരുന്നു ”അത് പറയുമ്പോൾ അയ്യാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അവളുടെ മനസ്സിലൂടെ പഴയതെല്ലാം ഓടിക്കൊണ്ടിരുന്നു.” ജാനകി മ,രി,ച്ചു.. ഞാൻ ഒറ്റക്കായി.. എനിക്ക് വയ്യാതായി.. വിഷ്ണു നാട്ടിലേക്ക് വരേണ്ടി വന്നു..
അവനില്ലാതെ നിനക്കും പറ്റാതായി.. എന്നെ എവിടെങ്കിലും ആക്കിയിട്ടു പോവാൻ കുറെ നിങ്ങൾ ശ്രമിച്ചു.അവൾക്കൊപ്പം ജീവിച്ച ഈ മണ്ണ് വിട്ടു പോവാൻ എനിക്ക് കഴിയില്ലായിരുന്നു. തിരിച്ചു പോവാൻ കഴിയാത്തതു നിന്നെ ദേഷ്യം പിടിപ്പിച്ചു. നിനക്കെന്നോട് വെറുപ്പായി… പക്ഷെ എന്റെ മനസ്സിൽ നീ ആ പഴയ രാധ തന്നെയാണ്.കളിയും ചിരിയും തമാശകളും ആയി എന്റെയും ജാനകിയുടെയും ഇടയിൽ പറ്റി ചേർന്ന് കിടന്നിരുന്ന ആ പഴയ രാധ..
മരുമകൾ ആയല്ല.. മകലയാണ് നിന്നെ ഞാൻ കണ്ടത്.. കുറച്ചു മാസം അവിടെ വിഷ്ണു ഇല്ലാതെ ഒറ്റയ്ക്ക് നിന്നപ്പോ നിനക്ക് സഹിക്കാൻ പറ്റിയില്ലല്ലോ മോളേ..? അപ്പൊ പത്തറുപതു വര്ഷം പാതി ജീവനായിരുന്നവളുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ ജീവിച്ചു മരിക്കാൻ അച്ഛൻ ആഗ്രഹിച്ചതും തെറ്റാണോ?
എന്നെങ്കിലും ഒരുനാൾ മോൾക്കും വയസ്സാവും… അത്രയും നാൾ കൂടെ ഉണ്ടായിരുന്ന ആൾ ഇല്ലാതാവുമ്പോൾ ഉള്ള ഒരു വേദന ഉണ്ട് മോളേ… സഹിക്കാൻ പറ്റില്ല.. എന്തായാലും അച്ഛൻ തയ്യാറാണ്.. മോളും വിഷ്ണുവും തിരിച്ചു പോവാൻ തയ്യാറായിക്കോ.. അച്ഛന് മോളോട് ദേഷ്യമൊന്നും ഇല്ലാട്ടോ ”
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു….
പെട്ടന്നാണ് പുറത്ത് നിന്നും വിഷ്ണുവിന്റെയും ഉണ്ണിയുടെയും നിലവിളി കേട്ടത്.. അവൾ ഓടി പുറത്തേക്കു ചെന്നു. അച്ഛൻ കിടക്കുന്ന മുറിയുടെ വാതിക്കൽ ഉണ്ണി കരഞ്ഞുകൊണ്ട് നിക്കുന്നു. അകത്തു വിഷ്ണുവും. മെല്ലെ വിറയ്ക്കുന്ന കൈകൾ വാതിൽ പടിക്കൽ പിടിച്ചു അവൾ അകത്തേക്ക് എത്തി നോക്കി. അച്ഛൻ ചലനം ഇല്ലാതെ കട്ടിലിൽ കിടക്കുന്നു. അവൾ ഞെട്ടലോടെ അടുക്കള പുറത്തേക്കു തിരിഞ്ഞു നോക്കി.
ഒരു ചിരിയോടെ എല്ലാം ഉള്ളിൽ ഒതുക്കി അച്ഛൻ തിരിഞ്ഞു നടക്കുന്നു… അവൾ ഇരു രൂപങ്ങളും മാറി മാറി നോക്കി… പൊടുന്നനെ നടന്നു നീങ്ങിയ രൂപം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി..
രചന: കണ്ണൻ സാജു.
@All rights reserved Typical Malayali.
Leave a Comment