ബേബി സുജാത MBBS..! ചിരിയും ചിരിപ്പിക്കുന്ന ശീലങ്ങളും…
മമ്മൂട്ടി എറണാകുളം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് കോളജ് യൂണിയന് ഉദ്ഘാടനത്തിന് പ്രഫ.എം.കെ.സാനുവിനൊപ്പം വിളക്കുകൊളുത്താന്‍ ഒരു കൊച്ചുഗായിക ഉണ്ടായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം എറണാകുളം കരയോഗത്തിലെ ഒരു ചടങ്ങില്‍ ഗായിക സുജാതയോടൊപ്പം പങ്കെടുത്തപ്പോള്‍ സാനുമാഷ് ചോദിച്ചു, പണ്ട് എന്റെകൂടെ ലോ കോളജില്‍ വിളക്കുകൊളുത്തിയ കുട്ടിയുടെ മകളാണോയെന്ന്. അഭിജാതമായ ചിരിയോടെ സുജാത പറഞ്ഞു – ‘മകളല്ല, ഞാന്‍ തന്നെ ആ കുട്ടി.’
മുത്തേ മുത്തേ കിങ്ങിണിമുത്തേ, വാവാവോ വാവേ എന്നൊക്കെ പാട്ടില്‍ സുജാത വിളിക്കുന്നത് സുജാതയെത്തന്നെയാണോ എന്നു തോന്നും. എന്നും സ്വപ്നപ്രായമാണ്. കൗതുകം കണ്ണില്‍നിന്നു മാറിനടക്കുന്നില്ല. ശ്വാസമായി ഉള്ളിലേക്കെടുക്കുന്നത് സന്തോഷമാണ്. എന്നും ഉത്സവത്തിനു പോകുന്ന ഉത്സാഹമാണ് മുഖത്ത്. സ്വരത്തിലും കലരും ഈ മന്ദസ്മിത മാധുര്യം. ആര്‍ദ്രഭാവങ്ങള്‍ ഒരു ഗാനത്തിന്റെ ചരണവും പല്ലവിയും അനുപല്ലവിയുമൊക്കെയായി രൂപാന്തരപ്പെടുന്ന ശ്രവ്യാനുഭവം. പ്രണയഗീതങ്ങളില്‍ അത് അരികത്തുനിന്നുള്ള കൊഞ്ചലായി കാതില്‍ വീഴുന്നു. ഏകാഗ്രതയോടെ മനമര്‍പ്പിച്ച് കാതോര്‍ത്താല്‍ ഏതുപാട്ടും പ്രിയപ്പെട്ട ഒരാളുടെ അടക്കംപറച്ചില്‍ പോലെ ചേര്ന്നുനില്ക്കുന്നു. കൊഞ്ചലും കുറുകലും കുറുമ്പും ഒക്കെ ചേര്‍ന്ന് ഏതു രാഗത്തിലും അതു അനുരാഗമാവും. പ്രണയമണിത്തൂവല്‍ പൊഴിയും. മൗനാനുരാഗത്തിന് ലോലഭാവം നിറയും, ജൂണിലെ നിലാമഴയില്‍ നാണമായ് നനയും. പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില് എന്നു സുജാത പാടുമ്പോള്‍ ഏതു പ്രണയിയുടെയും മനസ്സില്‍ ഒരു മഞ്ഞുതുള്ളിയുടെ കുളിരുണ്ടാവും.
മാറിമറഞ്ഞത് കാലം മാത്രമാണെന്ന് ഓര്‍മിപ്പിക്കാന്‍ സുജാതയ്ക്ക് ഒരു ചിരി മതിയാവും. വരുതിയില്‍ നില്‍ക്കാത്ത ചിരിയുമായാണോ സുജാത ഭൂജാതയായത് എന്നു ന്യായമായും സംശയിക്കാം. സുജാത ചിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ‘ഇതിലെന്തിത്ര ചിരിക്കാനിരിക്കുന്നു’ എന്നോര്‍ത്ത് ചിരിക്കാന്‍ വകയുണ്ട്. നമുക്കു ചിരി വരുത്തുന്ന ചില ശീലങ്ങളുമുണ്ട് സുജാതയ്ക്ക്. ഏതു ഹോട്ടലില്‍ ചെന്നാലും ആദ്യമേ ബാത്ത്റൂം തുറന്ന് വൃത്തി പരിശോധിക്കും. സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ ആണെങ്കിലും വീട്ടില്‍നിന്നു കൊണ്ടുപോകുന്ന ബ്ലാങ്കറ്റേ ഉപയോഗിക്കൂ. ലോകത്ത് എവിടെപ്പോയാലും കൊണ്ടുപോകും പുതപ്പ്. ബേബിസുജാതയായി വേദികളില്‍ പാടിയപ്പോഴൊക്കെ ഒരു തൂവാല കയ്യില്‍വയ്ക്കുമായിരുന്നു. നൂറുകണക്കിനു വേദികളില്‍ പാടിയത് ആ ഒറ്റ തൂവാലതന്നെ കയ്യില്‍പിടിച്ചാണ്. അതു കഴുകി ഉപയോഗിക്കുന്നതല്ലാതെ മറ്റൊന്നു വാങ്ങാന്‍ സുജാത സമ്മതിച്ചില്ല.
തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുക്കൊച്ചിയുടെ ആദ്യമുഖ്യമന്ത്രിയുമായിരുന്ന പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മകളുടെ മകളാണ് സുജാത. ഇരുപത്തിയെട്ടാം വയസ്സില്‍ വിധവയായ അമ്മയെക്കവിഞ്ഞ് ആരുമില്ല സുജാതയ്ക്ക്. അച്ഛന് വിജയചന്ദ്രന്‍ ഡോക്ടറായിരുന്നു. മകള്‍ക്ക് രണ്ടുവയസ്സുമാത്രമുള്ളപ്പോഴാണ് അദ്ദേഹം ഈലോകം വിട്ടുപോയത്. മകളെപ്രതിയുള്ള പ്രതീക്ഷയെന്നോണം അദ്ദേഹം ഒരു കടലാസ്സില്‍ ഡോ.സുജാത എം.ബി.ബി.എസ് എന്ന് എഴുതിവച്ചിരുന്നു. മകള്‍ ഡോക്ടറായില്ല ഡോക്ടറുടെ ഭാര്യയായി. ഡോക്ടര്‍മാരോട് മരുന്നുകളെപ്പറ്റി അമ്മ സംസാരിക്കുന്നതുകേട്ടാല്‍ വൈദ്യശാസ്ത്രത്തില്‍ എന്തോ അതീന്ദ്രിയജ്ഞാനം ഉണ്ടെന്നു തോന്നുമെന്ന് പറയും മകള്‍ ശ്വേത മോഹന്‍.
ബേബി സുജാതയായി യേശുദാസിനൊപ്പം ഒരുപാട് ഗാനമേളവേദികളില്‍ പാടിയ സുജാത, യേശുദാസിനെ ആദ്യമായി കണ്ടത് ഗുരുവായൂരില്‍ ഒരു വിവാഹ ചടങ്ങിലാണ്. യേശുദാസിനൊപ്പം ആദ്യം പാടിയതും അവിടെത്തന്നെ. എന്നാല്‍ യാദൃച്ഛികത അതല്ല. സുജാതയുടെ ഭര്‍ത്താവ് ഡോ.മോഹന്‍ സുജാതയെ ആദ്യമായി കാണുന്നതും ആ വിവാഹവേളയിലാണ്. അന്നു സുജാതയ്ക്ക് ഒമ്പതു വയസ്. പിന്നീടങ്ങോട്ട് ഗുരുവായൂരും യേശുദാസും മോഹനും ചേര്‍ന്നാണ് സുജാതയുടെ ജീവിതം ചിട്ടപ്പെടുത്തിയത്.
മോഹന്റെ അമ്മ രാധാമണി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയായിരുന്നു. വരനായി രാധാമണിയുടെ മകന് തന്നെ മതി എന്നു സുജാതയോടും അമ്മയോടും പറഞ്ഞതു ചെമ്പൈ തന്നെ. എന്നാല്‍ അതില്‍ ഒരു അപ്പീല്‍ അതോറിറ്റി ഉണ്ടായിരുന്നു – സാക്ഷാല്‍ സത്യസായി ബാബ. ബാബയുടെ വലിയ ഭക്തയായിരുന്നു രാധാമണി. അതുകൊണ്ടുതന്നെ അവസാനവാക്ക് ബാബയുടേതായി. ‘ഞാന്‍ ചൊല്റോ, ഇതു റൊമ്പ നല്ലത്’ എന്നു അമ്മയോട് സത്യസായി ബാബ പറഞ്ഞതായിരുന്നു സുജാതയുമായുള്ള വിവാഹത്തിന്റ വീസ എന്നു മോഹന്‍. അക്കാലത്ത് വേദികളില്‍; എഴുതിയതാരാണ് സുജാത നിന്റെ കടമിഴിക്കോണിലെ കവിത, അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല എന്നൊക്കെയുള്ളപാട്ടുപാടി തിളങ്ങിനില്‍ക്കുകയായിരുന്നു ഡോക്ടര്‍. വിവാഹനിശ്ചയത്തിനുശേഷം വധുവിനു പ്രായപൂര്‍ത്തിയാവാന്‍ പാട്ടുകാരന് ഡോക്ടര്‍ക്ക് കാത്തിരിക്കേണ്ടിവന്നത് ഒരുവര്‍ഷം.
ഒരു ചലച്ചിത്ര പിന്നണിഗായികയേക്കാള് വലിയ താരമായിരുന്നു അന്ന് ബേബി സുജാത. ഗാനമേളകളില്‍ യേശുദാസ് നാടിളക്കിയകാലത്ത് കൂടെപ്പാടുന്ന കൊച്ചുകുട്ടി താരമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. ആ നാളുകളിലൊന്നില്‍ സുജാതയ്ക്ക് പകരക്കാരിയായി പാടാനെത്തിയിട്ടുണ്ട് ചിത്ര. സുജാതയ്ക്ക് സുഖമില്ലാതിരുന്നതുകൊണ്ട് ആ ഗാനമേളയ്ക്ക് പാടാനെത്തിയ ചിത്ര സദസിന്റെ മുന്‍നിരയില്‍ ബേബി സുജാതയെന്ന താരഗായികയെ കണ്ട് ഒന്നു പകച്ചു. ഇതിഹാസങ്ങളായ പി.സുശീലയ്ക്കും എസ്.ജാനകിക്കും പിന്‍ഗാമികളായി പിന്നീട് അതേ ചിത്രയും സുജാതയും.
‘ദേശാടന’ത്തിലെ ‘എങ്ങനെ ഞാന്‍ ഉറക്കേണ്ടു’ എന്ന പാട്ടിലെ സംഗതി കൈതപ്രം പാടുന്നതുപോലെ തനിക്കു കിട്ടുന്നില്ലെന്നു റെക്കോര്‍ഡിങ് വേളയില്‍ സങ്കടപ്പെട്ടു സുജാത. കൈതപ്രം പറഞ്ഞു – ‘സാരമില്ല, അച്ഛനോ അമ്മയോ കുട്ടിയെ എടുക്കുന്നതുപോലെ ആവില്ല മറ്റാരെങ്കിലും എടുക്കുന്നത്.’
ചിത്രയും സുജാതയും പാട്ട് എന്ന കുട്ടിയെ എടുക്കുന്നതിലെ വ്യത്യാസം ആലോചിച്ചിട്ടുണ്ടോ? സുജാത തന്നെ പറയും ചില പാട്ടുകള്‍ പാടാന്‍ ചിത്ര തന്നെ വേണമെന്ന്. അത്ര പെര്‍ഫെക്ഷനാണ് ചിത്രയുടെ ആലാപനത്തിന്. ഒരുതരത്തില്‍ അമാനുഷം എന്നു പറയാം. എന്നാല്‍ താന്‍ പാടുമ്പോള്‍ മനുഷ്യസഹജമായ തെറ്റുകള്‍ ഉണ്ടാവുമെന്നു സുജാത പറയും. ഭാവപൂര്ണ്ണിമയുള്ള സ്വഭാവിക ആലാപനമാണ് സുജാതയുടേത്.
വിവാഹത്തോടെ സംഗീതരംഗംവിട്ട സുജാത ദൂരെ കിഴക്കുദിച്ച മാണിക്യച്ചെമ്പഴുക്കയിലൂടെ പുതുപ്പിറവിയെടുത്തു. പ്രിയദര്‍ശന്റെ ചിത്രത്തിലൂടെ സുജാത തിരിച്ചുവന്നപ്പോഴേക്കും സിനിമയിലെ നായികമാര്‍ക്കെല്ലാം ചിത്രയുടെ സ്വരമായിരുന്നു. രണ്ടാംവരവിലേറെയും യുഗ്മഗാനങ്ങള്‍. മൈനാകപ്പൊന്മുടിയിലും അന്തിപ്പൊന്‍വെട്ടം മെല്ലെ താഴുമ്പോഴും പൊന്മുരളീയൂതും കാറ്റിലും തരളമായി മുഴങ്ങിക്കേട്ടു സുജാതസ്വനം. മൗനത്തിന് ഇടനാഴിയില്‍ മെല്ലെ ഒരു ജാലകം തുറന്നെത്തിയ മാളൂട്ടിയിലെ ഗാനവും ഈ ശ്രേണിയിലുണ്ട്. തരംഗിണിയുടെ ആല്‍ബങ്ങളില്‍ ഇടയ്ക്കിടെ വന്നുപോയിരുന്ന ‘കാവല്‍മാലാഖമാരേ’ പോലുള്ള സോളോ മെലഡികള്‍ സുജാതയുടെ കൊടിയടയാളങ്ങളായി. പക്ഷേ അതിനെ സിനിമ ഉപയോഗപ്പെടുത്തിയത് പിന്നീടാണെന്ന് മാത്രം.
അഴകിയരാവണനിലെ ‘പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ’ സുജാതയുടെ തിരജാതകം തിരുത്തിയ ഗാനമാണ്. ആലാപനത്തില്‍ പ്രണയഭാവങ്ങളുടെ ആര്ദ്രമധുരിമ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന വിദ്യാസാഗറിട്ട ഈണത്തിലും മേലെ പാട്ടിനെ ജനകീയമാക്കി. മഴ എന്ന വാക്ക് ഇത്രയേറെ സാര്‍ത്ഥകമായി മലയാള സിനിമയില്‍ മറ്റൊരിടത്തും കേട്ടിട്ടുണ്ടാവില്ല. ഭാവപൂര്ണമായ ആ സമര്‍പ്പണത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുജാതയെ തേടിയെത്തി.
സുജാതയെന്ന ഗായികയുടെ ഏറ്റവും വലിയ മൂലധനം പാട്ടിനു പകരുന്ന ഭാവചാരുതയാണ്. ‘കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്’ എന്നോ ‘എന്റെ എല്ലാമെല്ലാമല്ലേ’ എന്നോ സുജാതയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ആ കുറുമ്പിന് ആര്‍ദ്രമായൊരു പ്രണയതിലകം കൂടി ചാര്‍ത്തപ്പെടുന്നു. എഴുപുന്ന തരകനില്‍ ‘എന്നെ മറന്നോ പൊന്നേ’ എന്ന ഹരഹരപ്രിയ രാഗഛായയിലെ മോഡേണ്‍ മെലഡിയില്‍ പൊന്നേ.. എന്ന വിളിയില്‍ കേള്‍ക്കുന്നതിനപ്പുറം പ്രണയാവിഷ്ക്കാരം ആരെക്കാണ്ടാണ് സാധ്യമാവുക? നായകന് തലവേദനയായി പിന്നാലെ കൂടുന്ന നായിക ‘കുപ്പിവള കിലുകിലെ കിലുങ്ങണെല്ലോ’ എന്ന് പാടുമ്പോള്‍ അടക്കംപറയുന്നതുപോലൊരു പതിഞ്ഞ സ്വരഗതിയുടെ ഇളംകാറ്റാവുന്നു സുജാത. ‘വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല’ എന്ന വരിയില്‍ കാത്തിരിപ്പ് നല്കുന്ന നോവിന്റെ കനമത്രയും കേള്‍പ്പിച്ചു ഭാവഗായിക. ‘വരമഞ്ഞളാടിയ രാവിന്റെ മാറിലുറങ്ങിയ മയില്‍പ്പീലി’കൊണ്ട് ശ്രോതാവിന്റെ മുഖത്തും തഴുകി ആ സ്വരം.. രണ്ടാംഭാവമെന്ന സിനിമയുടെ ചിരസ്മാരകമായത് സുജാതയുടെ ‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനമാണല്ലോ. മലയാളികള്‍ എത്രയോ കാലമായ് കൊതിച്ചൊരു പ്രണയഗീതിയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ ടൈറ്റില്‍ സോങ്ങായി സുജാത സമ്മാനിച്ചത്. ‘പ്രിയനേ ഉറങ്ങിയില്ലേ.. വെറുതെ പിണങ്ങിയില്ലേ’ എന്ന് ചോദിക്കുന്ന നായികയുടെ ഉള്ളിലെ പ്രണയവ്യഥയ്ക്ക് ഇതിലും പറ്റിയൊരു ശബ്ദമുണ്ടോ?
സ്വരത്തില്‍ പ്രണയം കൂടിപ്പോയതുകൊണ്ട് ഒരു പാട്ട് നഷ്ടപ്പെട്ട കഥ നേരേചൊവ്വേ അഭിമുഖത്തില്‍ സുജാത പറഞ്ഞത് ഓര്‍ക്കുന്നു. തോഴാ തോഴാ എന്നു തുടങ്ങുന്ന തമിഴ് പാട്ട് പ്രണയമില്ലാത്ത സൗഹൃദത്തെക്കുറിച്ചായിരുന്നു. പക്ഷേ സുജാത പാടുമ്പോള്‍ അതു പ്രണയമായി. ലൗവ് ആവശ്യമില്ല മാഡം എന്നു സംവിധായകന് പറഞ്ഞിട്ടും സുജാതയ്ക്ക് അത് ലൗവ് ആയിട്ടേ വന്നുള്ളൂ. ഒടുവില്‍ മറ്റൊരു ഗായികയെക്കൊണ്ട് ആ പാട്ട് പാടിക്കേണ്ടിവന്നു.
പ്രണയംപോലെ തന്നെ വാല്സല്യവും വേദനയും വികാരവായ്പ്പിന്റെ പൂര്‍ണതയോടെ സുജാതയുടെ പാട്ടില്‍ മറുപിറവിയെടുത്തത് എത്രയോ തവണയാണ്. ‘കണ്ടുകണ്ട് കൊതി കൊണ്ടുനിന്ന കുയിലേ’, ‘മുത്തേ മുത്തേ.. കിങ്ങിണിമുത്തേ’ എന്നിങ്ങനെ എണ്ണംപറഞ്ഞ ഉദാഹരണങ്ങള്‍. ദേശാടനത്തിലെ ‘എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ’ എന്ന ഗാനത്തിലെ വിഷാദഛായ പ്രമേയത്തോട് എത്രയോ ചേര്ന്നുനില്ക്കുന്നു.
ഇളയരാജയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ സുജാതയുടെ മകള്‍ ശ്വേതയോട് പ്രായം ചോദിക്കും അദ്ദേഹം. എന്നിട്ട് പറയും, അമ്മയെ ഞാന്‍ പാടിക്കുമ്പോള്‍ എത്ര കുഞ്ഞായിരുന്നു. പതിനൊന്നാം വയസ്സിലാണ് സുജാത ഇളയരാജയ്ക്കുവേണ്ടി പാടിയത്. അമ്മയെക്കാള്‍ ചെറുപ്പത്തില്‍ ഒന്നും ചെയ്യാനാവാത്തവളായിപ്പോയി സംഗീതവഴിയില്‍ അമ്മയ്ക്കുകൂടി അഭിമാനമായ ശ്വേത മോഹന്‍.
നിവേദ്യത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് സമയത്ത് ലോഹിതദാസ് ശ്വേതയെ അടുത്തു വിളിച്ചു പറഞ്ഞു… ‘നിലാവ് എന്നു പാടുമ്പോൾ അമ്മപാടുന്നതുപോലെ വേണം… പാട്ടിന്റെ ഒരു ഫീൽ ഉണ്ടല്ലോ അതു നിറയണം… നിലാവുപോലെ…’
@All rights reserved Typical Malayali.
Leave a Comment