ജീവ ഹാപ്പിയാണ്! IVF ജീവിതം തന്നെ മാറ്റി, സൂര്യയുടെ ഗർഭധാരണവും കുഞ്ഞൂട്ടന്റെ വരവും; ഇന്ന് ഈ ലോകം തന്നെയുണ്ട് ജീവന്റെ കൈയ്യിൽ

ജൂലൈ 25 ലോക ഐവിഎഫ് ദിനമാണ്. എല്ലാവർക്കും ഒരുപക്ഷേ ഈ ദിനമോ, അതിന്റെ പ്രാധാന്യമോ അത്ര വലിയ സംഭവം ആയിരിക്കില്ല. എന്നാൽ ജീവനും സൂര്യക്കും ജീവനുള്ള കാലമത്രയും ഈ ദിനം മറക്കാൻ ആകില്ല. കാരണം ജീവന്റെ വാക്കുകൾ കടമെടുത്താൽ ‘ഇന്ന് ഈ ലോകം തന്നെ എന്റെ കൈക്കുള്ളിൽ വന്നത് ഈ ഒരൊറ്റ ട്രീറ്റ്‌മെന്റ് കാരണം ആണ്”, വളരെ ശരിയാണ് കാസ്പർ ജീവൻ എന്ന കുഞ്ഞൂട്ടന്റെ മാസ് എൻട്രി നടന്നതും ഐവിഎഫ് വഴി ആയിരുന്നു. ഞങ്ങളുടെ ജീവിതം തന്നെ മാറ്റി ഈ ട്രീറ്റ്‌മെന്റ് ജീവിതത്തിൽ ഏറെ അർഥം വന്നു. കുഞ്ഞൂട്ടന്റെ ഒപ്പം ചിലവിടാൻ സമയം മതിയാകുന്നില്ല എന്ന പരാതിയാണ് ജീവക്കും സൂര്യക്കും പറയാൻ ഉള്ളത്. കുഞ്ഞൂട്ടൻ വന്നു ഞങ്ങളുടെ ജീവിതം മാറ്റി എടുത്തു, ഇന്ന് ഈ ലോകം ഞങ്ങളുടെ കൈക്കുമ്പിളിൽ ഇരിക്കുന്ന ഒരു ഫീലാണ് കിട്ടുന്നതെന്നാണ് സമയം മലയാളത്തിനോട് ഇരുവരും പറയുന്നത്.

കുഞ്ഞെന്ന സ്വപ്നവും ആ യാത്രയും
ട്രാൻസ് മെൻ ആയ ജീവക്കും പെണ്ണായി പിറന്ന സൂര്യക്കും കുഞ്ഞുപിറന്നപ്പോൾ അത്ഭുതം ആയിരുന്നു കുടുംബക്കാർക്ക് അടക്കം. എന്നാൽ ആധുനിക ചികിത്സാസംവിധാനത്തിലൂടെ ഒരു കുഞ്ഞെന്ന ഇരുവരുടെയും സ്വപ്‌നം സാക്ഷാത്ക്കരിക്കൻ സാധിച്ചു എന്നതാണ് യാഥാർഥ്യവും.

കുഞ്ഞെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഞങ്ങൾ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. കഠിനമായ വഴികളിൽ കൂടിയൊക്കെ ആയിരുന്നു യാത്ര. കുഞ്ഞിനുവേണ്ടി നമ്മൾ തെരെഞ്ഞെടുത്ത രീതി ഐവി എഫ് ആയിരുന്നു. അത്ര സിംപിൾ ആയിരുന്നോ എന്ന് ചോദിച്ചാൽ അത്ര സിംപിൾ ആയിരുന്നില്ല. ഒരുപാട് ലീഗൽ ഇഷ്യൂസും കാര്യങ്ങളും ഞങ്ങൾ നേരിട്ടു. ഒരു വര്ഷം എടുത്തു സ്വപ്നത്തിലേക്ക് എത്താൻ. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഒരു വലിയ യാത്ര- ജീവൻ പറയുന്നു.

നമ്മൾ നല്ല പ്ലാൻഡ് ആയിരുന്നു
ചില ആളുകൾക്ക് ഒരുപാട് സംശയമുണ്ട് ഇക്കാര്യത്തിൽ. പക്ഷേ നമ്മൾക്കത് ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞുവേണം എന്ന ചിന്ത വന്നപ്പോൾ തന്നെ നമ്മൾ തീരുമാനിച്ചിരുന്നു ഇങ്ങനെ ആകാം എന്നത്.

പിന്നെ നോൺ കമ്മ്യൂണിറ്റി ആളുകൾ സ്വീകരിക്കുന്ന ടെക്നിക്ക് അല്ല നമ്മൾ സ്വീകരിച്ചത്. ഈ ടെക്നിക്ക് നമ്മൾക്ക് എങ്ങനെ ഉപയോഗിക്കാമോ അതെ രീതിയിൽ നമ്മൾ ഉപയോഗിച്ചു അത്രയേ പറയാൻ ഉള്ളൂ. അത് വലിയ അനുഗ്രഹം ആയിട്ടാണ് കാണുന്നത്. ഒരുപാട് സന്തോഷമാണ് ഇപ്പോൾ. കുഞ്ഞൂട്ടന്റെ വരവിനോളം അതിനോളം വലുതായി ഈ ഭൂമിയിൽ ഞങ്ങൾക്ക് ഒന്നുമില്ല. കാരണം അത്രയും ആഗ്രഹിച്ചുകിട്ടിയ നിധിയാണ് ഞങ്ങൾക്ക് അവൻ. ഇതേ സന്തോഷത്തോടെ ഇനിയും കുറേക്കാലം ജീവിക്കണം എന്ന് മാത്രമാണ് ജഗദീശ്വരനോട് ഞങ്ങളുടെ പ്രാർത്ഥന.

നമ്മൾക്ക് ആ ദുഃഖം ഉണ്ടായിരുന്നില്ല
നമ്മൾക്ക് ആ ദുഃഖം ഉണ്ടായിരുന്നില്ല
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞങ്ങൾ. എന്നാൽ എന്റെ കൈയ്യിൽ അവളെ തരുമ്പോൾ അവളുടെ അമ്മയ്ക്ക് ഒറ്റ ദുഃഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടുമോ എന്നത് മാത്രം. പക്ഷേ ഇതിനുള്ള ട്രീറ്റ്മെന്റും കാര്യങ്ങളും നമ്മൾ നേരത്തെ തന്നെ ചെയ്തുവച്ചിരുന്നു, എങ്കിലും ആരോടും നമ്മൾ ഇത് പറഞ്ഞിട്ടില്ല. അങ്ങനെ കുഞ്ഞെന്ന സ്വപ്‍നം ഞങ്ങൾ ഡോക്ടർ ജിഷ മാമിനോട് പറയുന്നു.

സ്വപ്നത്തിനായി ഒപ്പം നിന്ന ജിഷ മാം
സ്വപ്നത്തിനായി ഒപ്പം നിന്ന ജിഷ മാം
ഞങ്ങളുടെ സ്വപ്നം നടക്കുമോ എന്ന എന്റെ ചോദ്യം കേട്ട് എന്തുകൊണ്ട് നടക്കില്ല എന്ന മറുചോദ്യമാണ് ഡോക്ടർ ജിഷ മാം തിരികെ ചോദിക്കുന്നത്. അതോടെ ജീവൻ വച്ചു .

പക്ഷേ ലീഗലി കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതെല്ലാം സോൾവ് ചെയ്തു വരാൻ ആണ് മാം ഞങ്ങളോട് പറഞ്ഞു, അതിനായി കുറച്ചുസമയം എടുത്തു. കുറച്ചു സമയം എന്ന് പറയുമെങ്കിലും അത്യവശ്യം നല്ല സമയം അതിനൊക്കെയായി എടുത്തു. പക്ഷേ നല്ല പോസിറ്റിവായി ഞങ്ങൾക്കൊപ്പം ജിഷ മാം നിന്നു. അങ്ങനെ ഞങ്ങളുടെ സ്വപ്നം സഫലമായി.

സ്നേഹിക്കുന്നവർ ഞങ്ങൾക്ക് ഒപ്പം നിന്നു
സ്നേഹിക്കുന്നവർ ഞങ്ങൾക്ക് ഒപ്പം നിന്നു
ആ യാത്രക്ക് ഏറെ പിന്തുണ നൽകി നമ്മുടെ ഒപ്പം നിൽക്കാൻ കോഴിക്കോട് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു. ഡോക്ടർമാരും നഴ്‌സുമാരും കട്ടയ്ക്ക് കൂടെ തന്നെ നിന്നു. അവരുടെ പേര് വിട്ടുപോയാൽ ഞങ്ങളുടെ കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള യാത്ര ഒരു പൂർണ്ണതയിൽ എത്തില്ല. കാരണം നമ്മുടെ ആഗ്രഹങ്ങൾക്ക് കൂട്ടായി നിൽക്കുന്നതിൽ അവർ മുൻപിൽ തന്നെ ഉണ്ടായിരുന്നു.

സൂര്യയുടെ ഡെലിവറി നടക്കുന്നത് കോഴിക്കോട് ആശുപത്രിയിൽ വച്ചാണ്. കുഞ്ഞൂട്ടൻറെ വരവ് അറിഞ്ഞപ്പോൾ മുതൽ ഈ നിമിഷം വരെ ഞങ്ങളെ സ്നേഹിക്കുന്നവർ ഒപ്പമുണ്ടെന്ന വിശ്വാസം ആണ് ഞങ്ങളെ മുൻപോട്ട് നയിക്കുന്നതും. ​​ഞങ്ങൾ രണ്ടാളും മാത്രമായിരുന്നില്ല ആ യാത്രയിൽ എന്നതാണ് സത്യം.

ഇനിയും വേണം ആ സ്നേഹവും പിന്തുണയും
ഇനിയും വേണം ആ സ്നേഹവും പിന്തുണയും
നമ്മൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും പൂർണമായും മാറാൻ ഉള്ള തയ്യാറെടുപ്പായി.അങ്ങനെ ട്രീറ്റ്മെന്റും കാര്യങ്ങളുമായി ഞങ്ങൾ മുൻപോട്ട് പോയി അങ്ങനെ കാസ്പർ ജീവൻ എന്ന ഞങ്ങളുടെ കുഞ്ഞൂട്ടന്റെ മാസ് എൻട്രി നടക്കുന്നു.

സോഷ്യൽ മീഡിയ ഞങ്ങൾക്ക് നല്ലതുമാത്രമാണ് തന്നത്. വിവാഹവും കുഞ്ഞെന്ന സ്വപ്നവും എല്ലാം നടന്നത് ഈ സോഷ്യൽ മീഡിയ കൊണ്ടുമാത്രമാണ്. ഇന്നും ഞങ്ങൾക്ക് ഒപ്പം അവരുണ്ട്. ഞങ്ങളെ സ്നേഹിച്ചതിന്റെ ഇരട്ടിയിൽ അധികമായി ഇന്ന് അവർ ഞങ്ങളുടെ കുഞ്ഞൂട്ടനെ സ്നേഹിക്കുന്നു.

ഒരു ദിവസം അവനെ കണ്ടല്ലെങ്കിൽ പരാതിപറയുന്ന ഒരായിരം പേരുണ്ട്. ഇനിയും ഞങ്ങൾക്കും കുഞ്ഞൂട്ടനും നിങ്ങളുടെ പിന്തുണയും സ്നേഹവും വേണം. ഞങ്ങൾ അത് പ്രതീക്ഷിക്കുന്നു. ജീവനും സൂര്യയും പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *