9ാം വയസ്സിൽ കള്ളനായി.. വർഷങ്ങളോളം അടച്ചിട്ട മുറിയിൽ ജീവിച്ചു… വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ അടുപ്പിക്കുന്നില്ല…

ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല, എനിക്ക് സോഷ്യൽ ആങ്സൈറ്റിയാണ്..,” തമാശരൂപേണ തൊപ്പി എന്ന ഇൻഫ്ലുവൻസർ പറയുന്നു. “എനിക്ക് എന്റെ റൂമിലിരുന്ന് എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അതിലിപ്പോ എത്ര വ്യൂവേഴ്സ് ഉണ്ടെങ്കിലും കുഴപ്പമില്ലെ”ന്ന് ഒരു ടീനേജുകാരന്റെ നിഷ്കപടതയുള്ള ശബ്ദത്തിൽ തൊപ്പി പറയുമ്പോൾ അതിൽ ചില വസ്തുതകളുമുണ്ടാകാം എന്ന് മനസ്സിലാക്കുന്നവരുമുണ്ട്. തൊപ്പി എന്ന പേര് കേട്ടാൽ 90s കിഡ്സ് മനസ്സിലാക്കുന്നതല്ല ഒരു സൂമർ മനസ്സിലാക്കുക. ഇവരാരും മനസ്സിലാക്കുന്നതല്ല ജനറേഷൻ ആൽഫയിൽ പെട്ട ഒരാൾ മനസ്സിലാക്കുക. 2010നും 2024നും ഇടയിൽ ജനിക്കുന്നവരെയാണ് ജനറേഷൻ ആൽഫ എന്ന് വിളിക്കുക. ഈ കുട്ടികളുടെ സോഷ്യൽ മീഡിയ താരമാണ് തൊപ്പി. എന്നാണ് സോഷ്യൽ മീഡിയയിൽ കണ്ണൂരുകാരനായ നിഹാദ് അറിയപ്പെടുന്നത്. ഇദ്ദേഹം അടിസ്ഥാനപരമായി ഒരു ഗെയിമറാണ്. സോഷ്യൽ മീഡിയയിലെല്ലാം സാന്നിധ്യമുള്ളതുകൊണ്ട് ഓരോരുത്തരുടെയും സൗകര്യത്തിന് യൂടൂബർ എന്നോ ഇൻസ്റ്റ ഇൻഫ്ലുവൻസർ എന്നോ ഒക്കെ വിളിക്കാം. അതെന്തായാലും, പൊതുസമൂഹത്തിൽ ഇക്കാലമത്രയും അടച്ചുപിടിക്കപ്പെട്ടിരുന്ന ചില വാക്കുകളെയും പെരുമാറ്റങ്ങളെയും പുറത്തെടുക്കുകയും അത് സമൂഹത്തിനു നേരെ തൊടുത്തുവിടുകയും ചെയ്യുന്നു എന്നതാണ് തൊപ്പിയെ മുതിർന്ന തലമുറക്കാർക്കിടയിൽ ‘കുപ്രസിദ്ധ’നാക്കുന്നത്. കീഴ്ശ്വാസം എന്ന് വളരെ ബുദ്ധിമുട്ടി നാം ഔദ്യോഗികവൽക്കരിച്ചിരുന്ന ഒരു വാക്കിന്റെ തനിമലയാളമായ ‘വളി’ എന്ന പദം തൊപ്പി സ്പീക്കറിലൂടെ ഉച്ചരിക്കുകയും കുട്ടികൾ അതേറ്റുച്ചരിക്കുകയും ചെയ്യുന്നു. അന്ധാളിച്ചു നിൽക്കുന്നത് മുതിർന്ന തലമുറക്കാരാണ്.ഉമർ അബ്ദുസ്സലാം എന്ന യൂടൂബർ ചൂണ്ടിക്കാണിക്കുന്നത് കുട്ടികളനുഭവിക്കുന്ന പലമാതിരി അരക്ഷിതാവസ്ഥകളുടെ ബഹിർസ്ഫുരണമാണ് തൊപ്പിയിലൂടെ പുറത്തുവരുന്നതെന്നാണ്. തങ്ങളനുഭവിക്കുന്ന അരക്ഷിതാവസ്ഥയോട്, തങ്ങളെ അകാരണമായി വഴക്കുപറയുകയോ, അകാരണമായി നിയന്ത്രിക്കുകയോ ചെയ്യുന്ന മുതിർന്നവരോട്, കുട്ടികൾക്കുള്ളിലുണ്ടാകുന്ന വലിയ രോഷമുണ്ട്. അതാണ് തൊപ്പിയിലൂടെ പുറത്തുവരുന്നത്. കുട്ടികൾ തൊപ്പിയിൽ കാണുന്ന പ്രത്യേകത ഇതാണ്. തൊപ്പിയെ ആരാധനാപാത്രമാക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഇതിനെയെല്ലാം കുട്ടികൾക്കുള്ളിലെ ടോക്സിസിറ്റിയുടെ പുറന്തള്ളലായും അദ്ദേഹം കാണുന്നുണ്ട്. ഈ നിരീക്ഷണങ്ങളെല്ലാം എത്രത്തോളം ശരിയാണെന്ന് സാമൂഹ്യശാസ്ത്രജ്ഞരാണ് മറുപടി പറയേണ്ടത്.

കുട്ടികളുടെ ലോകം മുതിർന്നവർ നിർമ്മിച്ചു നൽകിയതാണ്. ആ ലോകത്തോട് കുട്ടികൾ പ്രതികരിക്കുന്ന രീതി കണ്ട് മുതിർന്നവർതന്നെ അത്ഭുതപ്പെടുകയോ അന്ധാളിക്കുകയോ ചെയ്യുന്നതിലാണ് ശരിയായ പ്രശ്നം കിടക്കുന്നത്.തൊപ്പിയെ അഭിമുഖം ചെയ്ത യൂടൂബ് ചാനൽ അവതാരകർ കണ്ടത് വളരെ ഷൈ ആയ, പ്രത്യേകിച്ച് അസാധാരണത്വമൊന്നുമില്ലാത്ത ഒരു ടീനേജുകാരനെയാണ്. പല ചോദ്യങ്ങളോടും മറുപടി പറയാതെ നാണിച്ചിരിക്കുകയാണ് അവൻ. പ്രത്യേകിച്ചൊരു ടോക്സിസിറ്റിയൊന്നും അയാളിൽ നിന്ന് പുറപ്പെടുന്നില്ല. നമ്മുടെയെല്ലാം വീടുകളിലെ ടീനേജുകാരിൽ നിന്ന് വ്യത്യാസങ്ങളൊന്നും അവനില്ല. സോഷ്യൽ മീഡിയയിൽ അവൻ നിർമ്മിച്ചെടുത്തത് സമൂഹം അവന് സൗകര്യം ചെയ്തു നൽകിയ പ്രതിച്ഛായയാണ്. ഇതിൽ കുറ്റപ്പെടുത്തലിന് ആർക്കാണ് യോഗ്യത?.താൻ ഗെയിമിന് അഡിക്ട് ആയിരുന്നെന്നും അതൊരു പ്രശ്നമാണെന്നും തിരിച്ചറിയുന്നുണ്ട് തൊപ്പി. വീടിനകത്ത് അടച്ചിരിപ്പായിരുന്ന അയാൾ ഇപ്പോൾ സമൂഹത്തിലേക്ക് ഇറങ്ങിവരുന്നു. അഭിമുഖങ്ങൾ കൊടുക്കുന്നു. തനിക്ക് പറയാനുള്ളതെല്ലാം ഒരു കാപട്യവുമില്ലാതെ തുറന്നുപറയുന്നു. വളരെ പൊസിറ്റീവായി സമൂഹത്തെ സമീപിക്കുന്ന ഒരു യുവാവിനെയാണ് തൊപ്പിയിൽ നാം കണ്ടെത്തേണ്ടത്.പാട്ട് കേൾക്കാനും സിനിമ കാണാനും കഴിയാത്ത തന്റെ വീട്ടുസാഹചര്യങ്ങളോട് തൊപ്പിക്കുള്ളത് കടുത്ത പ്രതിഷേധമാണ്. ഈ പ്രതിഷേധം അയാൾ തന്റെ ശരീരഭാഷയിലും സംസാരത്തിലുമെല്ലാം നന്നായി പ്രകടിപ്പിക്കുന്നുണ്ട്. ഈ പ്രതിഷേധം ഒരു തൊപ്പിയിൽ മാത്രമേയുള്ളൂ എന്ന് കരുതുന്നത് മൗഢ്യമാണ്. കുട്ടികളുടെ പിഴവുകൾ പൊറുക്കാനും തിരുത്താനും ശേഷിയില്ലാത്ത മാതാപിതാക്കളുള്ള വീടുകളിലെല്ലാം തൊപ്പിയുണ്ട്. തൊപ്പിയും അയാളുടെ ആരാധകരും ചോദ്യം ചെയ്യുന്നത് വളർത്തുന്നവരുടെ ദോഷങ്ങളെയാണെന്ന് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്.ഇതിൽ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ അത് തൊപ്പിയുടെയും അയാളുടെ പ്രായക്കാരായ മറ്റ് കുട്ടികളുടെയും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളുമാണെന്ന് നിസ്സംശയം പറയാം. വീട്ടുകാരും നാട്ടുകാരും മാമൂലുകളുമെല്ലാം നിർമ്മിച്ചു നൽകിയ വിഷം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ നിന്ന് ശുദ്ധവായു വലിച്ചെടുത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് തൊപ്പി നടത്തുന്നത്. ആ ശ്രമം ശരിയായ വഴിയിലുള്ള ഒന്നാണ്. അതിനൊപ്പം നില്‍ക്കാൻ സമൂഹം മുമ്പോട്ടാണ് പോകേണ്ടതെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ചുമതലയുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *