സിനിമയ്ക്കു വേണ്ടി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണി ആറന്മുള; അവസാനകാലത്ത് കൈവിടാതെ കാത്തത് മമ്മൂട്ടി

ഇടയറന്മുള കൈപ്പള്ളി ജനിച്ച ഉണ്ണിക്കൃഷ്ണൻ നായർ എന്ന ഉണ്ണി ആറന്മുളയെ അവസാനകാലത്ത് സംരക്ഷിച്ചത് നടൻ മമ്മൂട്ടി. ഏറെ സ്വപ്നങ്ങളുമായി ആവേശത്തോടെ സിനിമയിലേക്ക് കടന്നുവന്നയാളാണ് ഉണ്ണി ആറന്മുള. സമ്പന്നമായ ജീവിത പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫൻസ് അക്കൗണ്ട്സിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് സിനിമാ താൽപ്പര്യങ്ങൾ പിടികൂടിയത്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എടുത്തുചാടി. ആ ചാട്ടം പിഴച്ചു. സാമ്പത്തികമായി തകർന്നടിഞ്ഞു.

ഉണ്ണി ആറന്മുളയെ ആദ്യമായി താൻ കാണുമ്പോൾ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് ഓർമ്മിക്കുന്നു. മുറിയുടെ വാതിൽക്കൽ കാവൽക്കാരനുള്ള ഉയർന്ന ഉദ്യോഗസ്ഥൻ. നല്ല ശമ്പളമുള്ള, വീട്ടിൽ നല്ല ഭൂസ്വത്തുള്ള ഒരാൾ. മദിരാശിയിലെ ആർകെ ലോഡ്ജിൽ താനും ഉണ്ണിയും ഒരേകാലത്ത് താമസിച്ചിരുന്നു. സിനിമാക്കാരുമായുള്ള സഹവാസം ഉണ്ണിയെയും സിനിമാക്കാരനാക്കി. അവിവാഹിതനായിരുന്നു ഉണ്ണി. താൻ കാണുന്ന കാലത്ത് വിവാഹ മോഹങ്ങളുമായി കഴിയുന്ന ഒരു ചെറുപ്പക്കാരൻ കൂടിയായിരുന്നു ഉണ്ണി ആറന്മുളയെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ജോലി നഷ്ടപ്പെടുത്തിയും, സിനിമയിൽ പരാജയപ്പെട്ടും കഴിയുന്ന ഉണ്ണിക്ക് ഒരു വിവാഹജീവിതം ഉണ്ടായില്ല.

ചെങ്ങന്നൂർ വെള്ളാവൂരിലെ ഒരു ലോഡ്‌ജിലാണ് 77കാരനായ ഉണ്ണി ആറന്മുളയുടെ ജീവിതം അവസാനിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കുഴഞ്ഞ് വീണതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഉണ്ണി ആറന്മുളയുടെ ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതല്ലെന്ന് മറ്റാരെക്കാളും നടൻ മമ്മൂട്ടിക്ക് അറിയുമായിരുന്നു. അദ്ദേഹം ഉണ്ണിക്ക് എറണാകുളത്തെ തന്റെ ഓഫീസിൽ ഒരു ജോലി നൽകി. കോവിഡ് മഹാമാരിയുടെ സമയത്താണ് ഉണ്ണി ആറന്മുളയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടുന്നത്. പിന്നീട് കിടങ്ങന്നൂർ കരുണാലയം അമ്മ വീട് എന്ന സ്ഥാപനത്തിൽ‌ കഴിഞ്ഞു. ഉണ്ണി ആറന്മുളയെ സഹായിക്കുന്നത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയത് ആലപ്പി അഷ്റഫാണ്. 2020ൽ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ വിശദമായി എഴുതി.

ഉണ്ണി സിനിമയോടുള്ള സ്നേഹം ഒരിക്കലും അവസാനിച്ചില്ല. അവശനിലയിൽ കിടക്കുന്ന കാലത്തും അദ്ദേഹം മനസ്സിൽ സിനിമയെ താലോലിച്ചു. കരുണാലയത്തിൽ കഴിയുന്ന കാലത്ത് അദ്ദേഹം മനസ്സിലെ സിനിമ പകർത്തിയെഴുതി. സിനിമയുടെ സ്ക്രിപ്റ്റും അഞ്ച് പാട്ടുകളും അദ്ദേഹം എഴുതിത്തീർത്തു. ഈ പാട്ടുകളെല്ലാം താൻ റെക്കോർഡ് ചെയ്തെന്നും അതിൽ രണ്ട് പാട്ടുകൾ യേശുദാസാണ് പാടിയതെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ സിനിമ നിർമ്മിക്കാൻ പ്രൊഡ്യൂസർമാർ തയ്യാറായിട്ടുണ്ടെന്നും പതിനഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.

രതീഷിനെ നായകനാക്കി ഉണ്ണി ആറന്മുള്ള നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘എതിർപ്പുകൾ’ തിയേറ്ററിൽ പരാജയമായിരുന്നു. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ ഉപനായകൻ. ഉർവ്വശിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. സ്വർഗ്ഗം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഇതിൽ മുകേഷും എംജി സോമനും ഉർവ്വശിയുമെല്ലാം അഭിനയിച്ചു.

തന്റെ സിനിമകൾക്കെല്ലാം പാട്ടുകളെഴുതിയതും ഉണ്ണി ആറന്മുള തന്നെയായിരുന്നു. സ്വർഗ്ഗം എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ രണ്ട് പാട്ടുകളിലൊന്നിലെ ചില വരികൾ ഉണ്ണി ആറന്മുളയെ നമുക്ക് കാട്ടിത്തരും.

“ഈരേഴു പതിനാലു ലോകങ്ങളില്‍
ഇതുവരെയറിയാത്ത അനുഭൂതികള്‍
ആവോളം നുകരാനായ് പകരാനായ്
സുന്ദരമോഹന മാസ്‌മരലോകം സ്വര്‍ഗ്ഗം

ഇവിടെ ജാതിയും മതവുമില്ല
ഇവിടെ സമത്വം തളിരിടുന്നു
ഹിന്ദുവും ക്രിസ്‌ത്യനും മുസല്‍മാനും
ഒന്നായ് വാഴും മധുരമനോഹര-
ലോകമീ സ്വര്‍ഗ്ഗം.”

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *