നോവായി ഷിജുവിന്റെ അവസാന വീഡിയോയും ചിത്രങ്ങളും.. കണ്ണീരോടെ സീരിയല്‍ ലോകം

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച കാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തില്‍ നടി സീമ ജി നായര്‍. ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയെന്നും ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തിയെന്നും സീമ കുറിച്ചു. ഫെഫ്ക എംഡി.ടി.വി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച വിവരം സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

‘ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ട് . കനത്ത പ്രകൃതി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജേഷ്ഠനും മകളും ചികിത്സയിലാണ് . ഷിജുവിന്റെ അച്ഛനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ് . ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാര്‍ത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്’- എന്നായിരുന്നു ഫെഫ്കയുടെ കുറിപ്പ്.

അതേ സമയം ഉരുള്‍പ്പൊട്ടല്‍ ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *