ആദ്യരാത്രി പെണ്ണിന്റെ നെഞ്ചത്തടിച്ചുള്ള കരച്ചിൽ കേട്ട് വാതിൽ തുറന്നു നോക്കിയ വീട്ടുകാർ ഞെട്ടി പോയി
ആദ്യരാത്രി മണിയറയിൽ ഭാര്യയുടെ കയ്യിൽ നിന്നും പാൽഗ്ലാസ് വാങ്ങുമ്പോഴാണ് കതകിലാരോ മുട്ടുന്നത്.ഓ നാശം പിടിക്കാനായിട്ട് ഈ സമയത്താരാ,എന്റെ പുന്നാര അളിയനാവും. അങ്ങേർക്ക് ഈ മുപ്പത്തെട്ടാം വയസ്സിലെങ്കിലും എനിക്കൊരു പെണ്ണ് കിട്ടിയത് സഹിക്കുന്നുണ്ടാവില്ല. എന്റെ ആദ്യരാത്രി കുളമാക്കാൻ കുരിപ്പുകളെ പറഞ്ഞ് വിട്ടതാകും.വേണ്ട തുറക്കണ്ട..മോളിങ്ങോട്ട് വന്നേ.അണ്ണാ..പോയി തുറക്കണ്ണാ.. ഭാര്യയുടെ കിളിനാദം.മനസ്സില്ലാമനസ്സോടെ പാൽഗ്ലാസ് മേശമേൽ വെച്ച് പോയി കതക് തുറന്നു.കല്ല്യാണത്തിന് കിട്ടിയ ഗിഫ്റ്റുകളെല്ലാം കൂടി താങ്ങിപിടിച്ചോണ്ട് അമ്മയും പെങ്ങന്മാരും അളിയനും കുരിപ്പുകളുമെല്ലാംകൂടി ഒരു പട തന്നെയുണ്ടായിരുന്നു വാതിലിന് പുറത്ത്.എന്താമ്മേ ഇതെല്ലാമായിട്ട്.ഇതെല്ലാം നീ അകത്തോട്ട് വെക്ക് മോനെ.ഈ പിള്ളേര് ഓടിനടന്ന് ഇതെല്ലാം വലിച്ചിളക്കുന്നു. നിന്റെ പെങ്ങടെ മുറിയിലേക്ക് വെക്കാന്ന് ഞാൻ പറഞ്ഞതാ, അപ്പോ നിന്റെ അളിയനാ പറഞ്ഞേ മോളുടെ കൂട്ടുകാരികൾ കൊടുത്ത ഗിഫ്റ്റെന്തേലും കാണും. ചിലപ്പോ രാത്രി തന്നെ നോക്കണമെന്ന് തോന്നിയാലോ അതോണ്ട് നിന്റെ മുറിയിൽ തന്നെ വെക്കാന്ന്.അങ്ങനെയെല്ലാം കൂടെ മുറിയിൽ കേറി ഗിഫ്റ്റെല്ലാം വെച്ചിട്ട് ഇറങ്ങാൻ നേരം പെങ്ങടെ ഇളയ കുരിപ്പ് ചാടി ബെഡിൽ കേറീട്ട് ഇന്ന് മാമന്റെ കൂടെ ഒങ്ങണം പോലും.അല്ലാത്തപ്പോ മാമന്റെ കൂടെ ഉറങ്ങാൻ വിളിച്ചാ നീ പോടാ മാമാന്നു പറയുന്നവനാ. അതെങ്ങനാ എന്റളിയന്റെ വിത്തല്ലേ.പെങ്ങളൊരു വിധം അവനേം പൊക്കിയെടുത്ത് പോയി.അണ്ണാ ദേ നോക്കിയേ.വാതിലടച്ചു ബെഡ്ഢിൽ ഇരിക്കാൻ നേരം ഗിഫ്റ്റുകളുടെ ഇടയിലേക്ക് കൈ ചൂണ്ടിയവൾ പറഞ്ഞു.ഒരു ബ്രൗൺ എൻവലപ്പ് ആയിരുന്നു അത്.അതൊക്കെ നാളെ നോക്കാം മോളേ….മോളിങ്ങോട്ട് വന്നേ..അണ്ണാ..പോയി നോക്കണ്ണാ.. വീണ്ടും കിളിനാദം.ഞാൻ പോയതെടുത്തു ഇപ്പൊത്തന്നെ പൊട്ടിക്കണോന്നുള്ള ഭാവത്തോട് കൂടിയവളെ നോക്കി.പൊട്ടിച്ചു നോക്കണ്ണാ.. വീണ്ടും കിളിനാദം.മനസ്സില്ലാമനസ്സോടെ എൻവലപ്പ് പൊട്ടിച്ചു. അതിൽ മടക്കി വെച്ചൊരു പേപ്പർ പുറത്തെടുത്തു. അപ്പോഴേക്കും അവള് അടുത്തേക്ക് വന്നാ പേപ്പർ വാങ്ങി നിവർത്തി.വായിക്കാൻ തുടങ്ങി.എന്റെ ദാസണ്ണാ, നിങ്ങളെന്നോടെന്തിനണ്ണാ ഈ ചതികളും മറ്റും ചെയ്തത്.മുപ്പത്തെട്ട് വയസ്സുകളും മറ്റും വരെ അണ്ണന്റെ ഈ സുലൂന് വേണ്ടി കാത്തിരുന്നിട്ട് അണ്ണന് കൊറച്ചു നാളുകളൂടി ക്ഷമിച്ചൂടാരുന്നോ.രണ്ട് കൊച്ചിങ്ങള് മതീന്ന് പറഞ്ഞ എന്റങ്ങേരോട് വഴക്കിട്ട് മൂന്നാമതും ഞാൻ ഗർഭിണിയായത് അണ്ണന്റെ കുഞ്ഞിന് ജന്മം കൊടുക്കാനല്ലേയണ്ണാ.നാല് മാസം കൂടി കഴിഞ്ഞാ നമ്മുടെ കുഞ്ഞ് വരില്ലാരുന്നോണ്ണാ.. അത് വരെയൊന്നു ക്ഷമിച്ചൂടാരുന്നോണ്ണാ.കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ലണ്ണ. ഞാനും കുഞ്ഞും ഒരിക്കലും അണ്ണനൊരു ബാധ്യതയാകില്ല. എന്റെ സ്നേഹത്തിന്റെ അടയാളമായി അവസാനമായി അണ്ണന്റെ പേര് മുഖക്കുരു പൊട്ടിയപ്പോ വന്ന ചോര കൊണ്ടെഴുതുവാണ്ണാ.ദാസണ്ണാ.വായിച്ചു തീർന്നതും അവള് നെഞ്ചത്തടിച്ചു കരച്ചിൽ തുടങ്ങി.കാര്യമെന്തന്നറിയാതെ പേപ്പർ വാങ്ങി വായിച്ച ഞാൻ അവളോട് കെഞ്ചി പറയാൻ തുടങ്ങി.
മോളേ.. ഇതെന്റെ ഗർഭമല്ല എന്റെ ഗർഭം ഇങ്ങനല്ല മോളേ.പ്ഫാ തെണ്ടി രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചിട്ട് ജഗതി കളിക്കുന്നോ.അവളുടെ നെഞ്ചത്തിടി കേട്ട് വീട്ടുകാരെല്ലാം കതകിലിടി തുടങ്ങി.ഈശ്വരാ മുപ്പത്തെട്ട് വയസ്സ് വരെ കാത്തുസൂക്ഷിച്ച എന്റെ ചാരിത്ര്യം ഇല്ലാതായല്ലോന്ന് പറഞ്ഞു കൊണ്ട് ഞാൻ വാതിൽ തുറന്നു.അമ്മയും പെങ്ങളുമെല്ലാം മോളേന്ന് വിളിച്ചോണ്ട് മുറിക്കകത്തേക്കൊടി.കൊച്ചുകള്ളാ ആക്രാന്തം കൂടിപ്പോയല്ലേന്നും പറഞ്ഞ് ഇളിച്ചോണ്ട് നിന്നെന്റെ പുന്നാര അളിയന്റെ മോന്തക്കിട്ടൊരെണ്ണം കൊടുത്തോണ്ട് പുറത്തേക്കിറങ്ങി.എനിക്കെന്റെ വീട്ടിൽ പോണമെന്ന് പറഞ്ഞ് കരഞ്ഞോണ്ടിരിക്കുന്ന അവളെ നേരമൊന്ന് വെളുക്കട്ടെയെന്ന് പറഞ്ഞെന്റെ അമ്മയും പെങ്ങളും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
പരസ്പരം കരഞ്ഞും ആശ്വസിപ്പിച്ചും എല്ലാരും നേരം വെളുപ്പിച്ചു.ഡാ എരണംകെട്ടവനെ ഏതേലും വണ്ടി വിളിച്ചു ആ കൊച്ചിനെ മര്യാദക്കതിന്റെ വീട്ടിൽ കൊണ്ടാക്കിക്കോ.നേരം വെളുത്തപ്പോ തന്നെ അമ്മ ഉത്തരവിട്ടു.വണ്ടി വിളിക്കാനായി, ആദ്യരാത്രിയുടെ അസുലഭ മുഹൂർത്തങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ ഓഫാക്കി വെച്ച ഫോൺ ഓൺ ആക്കിയപ്പോളാണ് വാട്സാപ്പിൽ കൂട്ടുകാരന്റെ വോയിസ് മെസ്സേജ് കണ്ടത്.വോയിസ് കേട്ടുകൊണ്ട് ഹാളിലിരിക്കുന്ന അളിയനെ അടിമുടി നോക്കിക്കൊണ്ട് ഭാര്യടേം വീട്ടുകാരുടേം മുന്നിൽ വെച്ച് വോയിസ് മെസ്സേജ് പ്ലേ ചെയ്തു.ഡാ അളിയാ, എങ്ങനുണ്ടാരുന്നു നിന്റെ ആദ്യരാത്രി. കാര്യങ്ങളൊക്കെ ഭംഗിയായി നടന്നില്ലേ. ആ പിന്നേ നിനക്ക് ഞാനൊരു ഗിഫ്റ്റ് നിന്റെ അളിയന്റെ സഹായത്തോടെ രാത്രി തന്നെ നിന്റെ മുറിയിൽ എത്തിച്ചായിരുന്നു. ഒരു ബ്രൗൺ എൻവലപ്പ്. നിന്റെ ഭാര്യ കാൺകെ തന്നെ വെക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു.ബാക്കിയൊക്കെ നിന്റെ അളിയൻ കറക്റ്റായിട്ടെനിക്ക് വിവരം തരുന്നുണ്ടായിരുന്നു.അളിയൻ എന്റെയും മറ്റ് കൂട്ടുകാരുടേയുമൊക്കെ ആദ്യരാത്രി കുളമാക്കിയത് വെച്ച് നോക്കുമ്പോ ഇതൊന്നും ഒന്നുമല്ല. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ അളിയാ. എന്നാലും പെങ്ങളോട് എന്റെ സോറി പറഞ്ഞേക്ക്.മെസ്സേജ് കേട്ട് കഴിഞ്ഞ് അളിയനെ നോക്കിയപ്പോഴേക്കും അളിയൻ ബൈക്ക് സ്റ്റാർട്ടാക്കിയിരുന്നു.ദാസണ്ണാ..വാ അണ്ണാ..വീണ്ടും പിറകിൽ നിന്നാ കിളനാദം.
@All rights reserved Typical Malayali.
Leave a Comment