അന്ന് നേരിൽ കാണാൻ ആഗ്രഹം, ഇന്ന് ആ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ
വയോധികയായ ഒരമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിെടയാണ് രസകരമായ ഈ നിമിഷം അരങ്ങേറിയത്. ഇതേ അമ്മയോടൊപ്പമുള്ള മോഹൻലാലിന്റെ വിഡിയോ ഇതിനു മുമ്പും വൈറലായിരുന്നു. ഈ സിനിമയുടെ പൂജ ചടങ്ങിനിടെ തന്നെ കാണാൻ വന്ന അമ്മയോട്, ‘പോരുന്നോ എന്റെ കൂടെ’ എന്നു മോഹൻലാല്‍ ചോദിച്ചത് സമൂഹ മാധ്യമങ്ങളിലടക്കം ആരാധകർ ആഘോഷിച്ചിരുന്നു.
മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയാണിവർ. സിനിമയുടെ പൂജ ദിവസം തന്റെ ഇഷ്ടതാരത്തെ ഒന്നു നേരിൽ കാണാനായിരുന്നു അമ്മ എത്തിയത്. ഇന്ന് അതേ ആരാധികയെ ചേർത്തുപിടിച്ചാണ് മോഹൻലാൽ തന്റെ സ്നേഹമറിയിച്ചത്.
ഇന്ന് അതേ സ്ഥലത്ത് വീണ്ടും ഷൂട്ടിനെത്തിയപ്പോഴാണ് മോഹൻലാലിനെ കാണാൻ ആ അമ്മ ഓടിയെത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുമ്പോൾ ആ അമ്മയെയും മോഹന്‍ലാല്‍ കൂടെ കൂട്ടുകയായിരുന്നു.
ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാലിന്റെ രസകരമായി മറുപടി. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വിഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.
അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൻ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
@All rights reserved Typical Malayali.
Leave a Comment