മകളെ അഭിനയരംഗത്തേക്ക് വിടുമോ? ; പ്രവീണ മനസ്സു തുറക്കുന്നു…
പതിനഞ്ചു വയസ്സായ മകളുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ… കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്.
സിനിമയും സീരിയലും കഴിഞ്ഞാൽ വീട്ടിലെ ഉത്തരവാദിത്തമുള്ള അമ്മ കൂടിയാണ് പ്രവീണ. ഗൗരി എന്ന പത്താംക്ലാസുകാരിയുടെ അൽപം സ്ട്രിക്ട് ആയ അമ്മ. ആദ്യ കവർ ഫോട്ടോഷൂട്ടിന്റെ എല്ലാ അമ്പരപ്പോടും കൂടിയാണ് ഗൗരിയെത്തിയത്. ക്ലിക്കുകൾക്ക് മുമ്പ് മകളെ സ്നേഹത്തോടെ ചേർത്തു നിർത്തി പ്രവീണ പറഞ്ഞു. ‘‘വാവേ, ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കുമ്പോള്‍ ചുണ്ടുകളേക്കാൾ കൂടുതൽ ചിരി കണ്ണുകളിലാണ് വരേണ്ടത്.’’ പിന്നെ, ഇരുവരും ചേർന്ന് നിന്ന് ചിരിച്ചു. കണ്ണുകളിൽ വിരിഞ്ഞ സ്നേഹപുഞ്ചിരി.
ടി പത്മനാഭന്റെ ‘ഗൗരി’ എന്ന ചിത്രമാണ് ആദ്യമായി ചെയ്യുന്നത്. പാർവതിയുടെ കുട്ടിക്കാലം. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലാണ് മുഴുനീള നായികയായി എത്തിയത്. പതിനഞ്ചോളം സിനികളിൽ പിന്നീട് നായികയായി. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാം എന്ന ചിന്തയൊന്നും എനിക്കില്ലായിരുന്നു.
പക്ഷേ, മലയാള സിനിമയുടെ ഒരു രീതി എങ്ങനെയാണ്. വിവാഹം കഴിഞ്ഞാൽ പിന്നെ, അഭിനയിക്കാൻ വരില്ല എന്നൊരു ധാരണയാണ്. ഞാന്‍ കല്യാണം കഴിഞ്ഞ് ദുബായ്ക്ക് പോയതോടെ എല്ലാവരും ഉറപ്പിച്ചു ഇനി അഭിനയരംഗത്തേക്ക് ഉണ്ടാകില്ലെന്ന്. ആരും പിന്നെ, വിളിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴേക്കും എനിക്ക് മോളായി. പിന്നെ അവളുടെ കാര്യങ്ങളായി തിരക്കായി. ആ സമയത്തും രണ്ട് കൊല്ലത്തോളം ഞാൻ ദുബായ്യിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നു.
ഇതിനിടയിലാണ് ശ്യാമപ്രസാദ് സാര്‍ സീരിയലിലേക്ക് വിളിക്കുന്നത്. സിനിമയിൽ ജീവിച്ച് പെട്ടെന്ന് സീരിയൽ എന്ന് കേട്ടപ്പോള്‍ ആദ്യം മടിച്ചു. പക്ഷേ, ആ കഥാപാത്രം ശക്തമായിരുന്നു. അങ്ങനെ ‘സ്വപ്നം’ എന്ന സീരിയലിലൂടെ രണ്ടാം വരവ്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
അഞ്ചാമത്തെ വയസ്സിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. ‘അന്നയുടെ ലില്ലിപൂക്കൾ’ എന്ന ഹ്രസ്വചിത്രത്തിന്. പിന്നീടും ഓഫറുകൾ വന്നിരുന്നു. പക്ഷേ, ഏറ്റെടുത്താൽ അവൾക്കൊപ്പം ഞാൻ തന്നെ പോകണമല്ലോ. വേറെ ഒരാളുടെയും കൂടെ കുഞ്ഞിനെ വിടുന്നത് എനിക്കിഷ്ടമില്ല. ഇത്രയും നാൾ അവൾക്കും അഭിനയം വലിയ ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ ചെറുതായി അഭിനയ മോഹം തുടങ്ങിയിട്ടുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ ഗൗരി ഒരു നടിയാകും. അതിനിപ്പോൾ നമ്മള് എത്ര പറഞ്ഞിട്ടും കാര്യമില്ല.
യഥാർഥ കലാകാരിയാണെങ്കിൽ ഒരിക്കലും വീടിനുള്ളില്‍ അടച്ചിരിക്കാൻ കഴിയില്ല. പണ്ട് മഞ്ജു അഭിനയം നിർത്തി എന്ന് കേട്ടപ്പോൾ മനസ് പറഞ്ഞു. മഞ്ജുവിന് അങ്ങനെ പോകാൻ പറ്റില്ല. അത് സത്യമായി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചു വന്നു. ശക്തമായ കഥാപാത്രങ്ങൾ കിട്ടിയാൽ അതിന് വേണ്ടി എത്ര കഷ്ടപ്പാട് വേണമെങ്കിലും സഹിക്കും. എല്ലാ കലാകാരികളും അങ്ങനെയായിരിക്കും.
ഞാൻ ഉപദേശിക്കുമ്പോൾ എല്ലാ കുട്ടികളെയും പോലെ ഗൗരി പറയും. ‘ദേ, ഉപദേശവുമായി വന്നു’വെന്ന്. ഞാൻ പറഞ്ഞു കൊടുക്കും ഇപ്പോൾ നിനക്കത് മനസിലാകില്ല. കുറച്ച് കഴിയുമ്പോൾ പറയും അമ്മ പറഞ്ഞത് സത്യമായിരുന്നെന്ന്. (ഉപദേശകാര്യം എടുത്തിട്ടതോടെ അതുവരെ മൗനത്തിലായിരുന്ന ഗൗരി ഗൗരവം കളഞ്ഞ് പറഞ്ഞു തുടങ്ങി.)
ഗൗരി: എപ്പോഴും അമ്മ ഉപദേശങ്ങൾ നടത്തും. ചിലപ്പോൾ പഠിക്കുന്ന കാര്യത്തിൽ. അല്ലെങ്കിൽ പുറത്ത് കറങ്ങാൻ പോകുമ്പോൾ. പക്ഷേ, ഇതൊന്നും അടിച്ചേൽപ്പിക്കാൻ വരാറില്ല. എന്തൊക്കെ പറഞ്ഞാലും അമ്മ അറിയാത്ത ഒരു രഹസ്യവും എനിക്കില്ല. ബെസ്റ്റ് ഫ്രണ്ടും അമ്മ തന്നെ. (അമ്മയെ കെട്ടിപ്പിടിച്ച് കൊച്ചു കുഞ്ഞായി മാറുന്നു ഗൗരി.)
ഇന്നൊക്കെ പെൺകുട്ടികൾ 25 വയസൊക്കെ കഴിഞ്ഞ് നല്ല പക്വത വന്നിട്ടാണ് വിവാഹത്തിലേക്ക് വരുന്നത്. 21 വയസ് കഴിഞ്ഞപ്പോ ഞാൻ വിവാഹം കഴിച്ചു. ഇന്ന് 15 വയസുള്ള എന്റെ മോൾടെ പക്വത പോലും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ കുഞ്ഞുങ്ങളെ ഞാൻ അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്. അവരുടെ നിലപാടുകളും ഓരോ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതുമെല്ലാം. പലപ്പോഴും ഞാൻ എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ എന്റെ മോൾ അത് തുറന്ന് പറയുകയും തിരുത്തുകയും ചെയ്യും. അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാനും ചിന്തിക്കുക.
@All rights reserved Typical Malayali.
Leave a Comment